മൃതദേഹത്തിലെ ഓരോ അടയാളത്തിനും ഒരു കഥപറയാനുണ്ടാവും…
മൃതദേഹങ്ങള്‍ സംസാരിക്കും; താന്‍ എങ്ങനെയാണു മരിച്ചത് എന്നതിനെക്കുറിച്ച്. അതിനൊരു ഭാഷയുണ്ട്. പോസ്‌റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന മൃതദേഹം വിദഗ്‌ധനായ ഒരു മെഡിക്കക്കോ ലീഗല്‍ എക്‌സ്‌പേര്‍ട്ടിനോടു തന്റെ മരണത്തെക്കുറിച്ച് ഒരു പ്രത്യേക ഭാഷയില്‍ സംസാരിക്കും. ആ ഭാഷയില്‍ അഗ്രഗണ്യനായിരുന്നു ഡോ.ബി. ഉമാദത്തന്‍.
ഇന്ത്യയിലെ ആരോഗ്യശാസ്‌ത്ര കുറ്റാന്വേഷണരംഗത്തെ ഇതിഹാസമെന്നു ഡോ.ബി. ഉമാദത്തനെ വിശേഷിപ്പിച്ചാല്‍ അത് അതിശയോക്‌തിയല്ലേയെന്നു ചിലര്‍ക്കു തോന്നാം. എന്നാല്‍, ഡോ. ഉമാദത്തനെ അടുത്തറിയുന്നവര്‍ക്ക് അറിയാം ആ വിശേഷണം പൂര്‍ണമായും ശരിയാണെന്ന്.
ഇത്രയേറെ അസാധാരണ മരണക്കേസുകള്‍ ഇഴകീറി പരിശോധിച്ച മറ്റൊരു മെഡിക്കല്‍ ലീഗല്‍ വിദഗ്‌ധന്‍ ലോകത്തുണ്ടാകുമോയെന്ന് സംശയമാണ്. അത്രയേറെ സ്വീകാര്യതയും വിശ്വാസ്യതയും ഡോ. ഉമാദത്തനുണ്ടായിരുന്നു. നാല്‍പ്പതു വര്‍ഷം നീണ്ട ഔദ്യോഗികവും അനൗദ്യോഗികവുമായ ആരോഗ്യശാസ്‌ത്ര കുറ്റാന്വേഷണ അനുഭവങ്ങളുടെ ഇതിഹാസമായിരുന്നു അദ്ദേഹം.
കേരളത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയ നിരവധി ദുരൂഹമരണങ്ങളില്‍ കേരളാ പോലീസ് ആശ്രയിച്ചത് ഡോ.ബി. ഉമാദത്തനെയായിരുന്നു. എസ്.ഐ. സോമന്റെ മരണം മുതല്‍ ചാക്കോ വധം, റിപ്പര്‍, സിസ്‌റ്റര്‍ അഭയ തുടങ്ങി മിക്ക കേസുകളിലും അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ശരിയായിരുന്നുവെന്നു കാലം തെളിയിച്ചു. ഇതില്‍ ഏറ്റവും പ്രധാനം, എസ്.ഐ. സോമന്റെ മരണത്തിലും അഭയാക്കേസിലും പോളക്കുളം കേസിലും അദ്ദേഹത്തിന്റെ നിഗമനം തിരുത്തിയ സി.ബി.ഐക്കു പിന്നീടുണ്ടായ ദുരനുഭവങ്ങളാണ്. ഡോ. ഉമാദത്തന്റെ നിഗമനങ്ങള്‍ തള്ളിക്കളഞ്ഞു മുന്നോട്ടുപോയ സി.ബി.ഐ. പിന്നീടു മേല്‍ക്കോടതികളില്‍ പരാജയപ്പെട്ടു. പോളക്കുളം കേസില്‍ സി.ബി.ഐയുടെ ഡമ്മി പരീക്ഷണം താന്‍ കണ്ട ഏറ്റവും വലിയ വിഡ്‌ഢിത്തമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ കേസും തെളിയിക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ല. ഡോ.ബി. ഉമാദത്തനില്‍ കണ്ട അസാധാരണമായ പ്രത്യേകത അദ്ദേഹം കേസിന്റെ ശാസ്‌ത്രീയ വിവരങ്ങള്‍ താല്‍പ്പര്യമുള്ള മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്‌ക്കുമെന്നതാണ്. സമൂഹത്തെ ബോധവല്‍ക്കരിക്കുകയെന്നതും അദ്ദേഹം ദൗത്യമായി കണ്ടു. അതിനായി എത്രസമയം ചെലവാക്കിയാലും മുഷിയില്ലായിരുന്നു.
മറ്റു ഡോക്‌ടര്‍മാര്‍ സഞ്ചരിക്കാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. മെഡിസിന്‍ പഠനം കഴിഞ്ഞവര്‍ മെഡിക്കല്‍ ലീഗല്‍ വിഭാഗം തെരഞ്ഞെടുക്കാന്‍ മടിച്ചിരുന്ന കാലം. എന്നാല്‍, തന്റെ കൂര്‍മ്മബുദ്ധിയും പ്രതിബദ്ധതയും മറ്റു പലര്‍ക്കും ചെല്ലാനാവാത്ത ഉന്നതിയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ചാരംമൂടിപ്പോകുമായിരുന്ന പല കൊടും കുറ്റകൃത്യങ്ങളും ഡോ.ബി. ഉമാദത്തനിലൂടെ ഉയിര്‍ത്തെഴുന്നേറ്റു. വെറും അസ്‌ഥികൂടംമാത്രം ബാക്കിയായ കേസുകളില്‍ പോലും തൂങ്ങിമരണമാണോ കഴുത്തുഞെരിച്ച കൊലപാതകമാണോയെന്നു തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
തലയോട്ടിമാത്രം ബാക്കിയായ ശരീരത്തില്‍ സൂപ്പര്‍ ഇംപോസിഷന്‍ എന്ന വിദ്യയിലൂടെ ആളെ തിരിച്ചറിയുന്ന സുപ്രധാന നേട്ടങ്ങളും അദ്ദേഹത്തിനു സ്വന്തം. സുകുമാരക്കുറുപ്പ് പ്രതിയായ ചാക്കോവധക്കേസ് ഉദാഹരണമാണ്. എസ്.ഐ. സോമന്റെ മരണത്തില്‍, സ്വയം വെടിവച്ചാലുണ്ടാകുന്ന പ്രത്യേകതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങളാണ്, സി.ബി.ഐയുടെ ഊഹങ്ങളേക്കാള്‍ കോടതി അംഗീകരിച്ചത്. ഡോ.ബി. ഉമാദത്തന്‍ അന്വേഷിച്ച ഏറ്റവും വിവാദമായ കേസ് എസ്.ഐ. സോമന്‍ കേസാണെന്നു പറയാം. 1981 മാര്‍ച്ച് 12നു കൂത്തുപറമ്പ് പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ എസ്.ഐ. സോമന്‍ വെടിയേറ്റു മരിച്ചു. കേരളാ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ബാലസ്‌റ്റിക് കേസായിരുന്നു ഇത്. സോമന്റെ നെഞ്ചില്‍ മൂന്നു വെടിയുണ്ടകളേറ്റിരുന്നു. മുറിവിന്റെ സ്വഭാവവും യൂണിഫോമില്‍ കാണപ്പെട്ട വെടിയുടെ ദ്വാരവും അതിനു ചുറ്റുമുള്ള കരിയും വെടിയുണ്ടയുടെ സ്‌ഥാനവും പരിശോധിച്ച മെഡിക്കല്‍ സംഘം ആത്മഹത്യയ്‌ക്കാണ് ഊന്നല്‍നല്‍കിയത്. ഡോ.ബി. ഉമാദത്തനും ഈ നിലപാടെടുത്തതോടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിനെതിരേ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടു. സി.ബി.ഐ: ഡിവൈഎസ്.പി. വര്‍ഗീസ് തോമസിനായിരുന്നു അന്വേഷണച്ചുമതല. പാനൂര്‍ പോലീസ് സ്‌റ്റേഷനിലെ ഏഴു പോലീസുകാരെ കൊലപാതകക്കുറ്റത്തിനു സി.ബി.ഐ. അറസ്‌റ്റ് ചെയ്‌തു. സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എന്നാല്‍, ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഏഴു നിരപരാധികള്‍ രക്ഷപ്പെട്ടുവെന്നാണ് ഡോ.ബി. ഉമാദത്തന്‍ ഇതേക്കുറിച്ചു പറഞ്ഞത്.
സി.ബി.ഐ. കൊലപാതകമെന്നു കണ്ടെത്തിയ പോളക്കുളംകേസിലും അഭയക്കേസിലും വ്യത്യസ്‌തമായ അഭിപ്രായമാണ് ഡോ. ഉമാദത്തനുണ്ടായിരുന്നത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് ഏറെ പഴികേള്‍ക്കേണ്ടിവന്നു. പോളക്കുളംകേസില്‍ ഡോ. ഉമാദത്തന്റെ നിലപാട് ശരിയാണെന്നു സുപ്രീം കോടതിയില്‍ തെളിഞ്ഞു. സിസ്‌റ്റര്‍ അഭയക്കേസിലും കൊലപാതകസാധ്യത ഡോ. ഉമാദത്തന്‍ നിരാകരിക്കുന്നു. ഇതിനു വിരുദ്ധമായ തെളിവുകള്‍ ഇതേവരെ പുറത്തുവന്നിട്ടില്ല.
“മരിച്ചവര്‍ കഥ പറയുന്നു; എന്നാല്‍ നിശബ്‌ദമായ ആ കഥാഖ്യാനം ശ്രവിക്കണമെങ്കില്‍ ഒരു ഫോറന്‍സിക് സര്‍ജന്‍ ഏകാഗ്രമായ മനസോടെ പഞ്ചേന്ദ്രിയങ്ങളും വ്യാപരിപ്പിക്കണം. മൃതദേഹത്തിലെ ഓരോ അടയാളത്തിനും ഒരു കഥപറയാനുണ്ടാവും”- ഡോ.ബി. ഉമാദത്തന്‍ “ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍” എന്ന പുസ്‌തകത്തില്‍ എഴുതിയ വരികളാണിവ.
അത്യന്തം ആത്മാര്‍ഥതയോടെയും ഏകാഗ്രതയോടെയും പ്രതിബദ്ധതയോടെയും നടത്തിയ സത്യാന്വേഷണമാണ് ഡോ.ബി. ഉമാദത്തന്റെ ജീവിതം. ജീര്‍ണാവസ്‌ഥയിലെ മൃതദേഹങ്ങളുടെ രൂക്ഷ ഗന്ധം അദ്ദേഹത്തെ പിന്നോട്ടുവലിച്ചില്ല. ത്യാഗമനസോടെ, സത്യസന്ധതയോടെ തന്റെ കര്‍മ്മ മണ്ഡലത്തില്‍ അനിതര സാധാരണമായ മുദ്രപതിപ്പിച്ചാണു ഡോക്‌ടറുടെ മടക്കം.
കേരളത്തെ ഞെട്ടിച്ച കൂറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ‘ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ‘, ‘കപാലം‘, ‘പോസ്റ്റ്മോർട്ടം ടേബിൾ‘; മൂന്ന് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
എഴുതിയത്; എസ്. ചന്ദ്രമോഹന്‍
കടപ്പാട്; newsdogapp.com
Comments are closed.