DCBOOKS
Malayalam News Literature Website

തലമുറകള്‍ നെഞ്ചിലേറ്റിയ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’

സ്‌നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ രചനാ രീതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. അത് തന്നെയാണ് തലമുറകള്‍ ഒരു കുടയും കുഞ്ഞുപെങ്ങളും നെഞ്ചിലേറ്റാന് കാരണവും.

മാതാപിതാക്കന്മാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ . മഴയുള്ള ഒരു ദിവസം സ്‌കൂളില്‍ പോവുകയായിരുന്ന ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി ബേബി എറിഞ്ഞു പൊട്ടിക്കുന്നു. മടങ്ങി വരുമ്പോള്‍ സഹോദരിക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുടയുമായി വരുമെന്ന ഉറപ്പ് നല്‍കി ബേബി വീടുവിട്ടിറങ്ങുന്നു. തുടര്‍ന്ന് വല്ല്യമ്മയുടെ മര്‍ദ്ദനം സഹിക്കാതെ വരുന്നതോടെ വീടുവിടുന്ന ലില്ലി ഒരു ഡോക്ടറുടെ വീട്ടിലെത്തി അയാളുടെ മക്കള്‍ക്കൊപ്പം വളരുന്നു.

നഗരത്തില്‍ എത്തിപ്പെടുന്ന ബേബി സൗദാമിനി എന്ന സംഗീതാദ്ധ്യാപികയുടെ വീട്ടില്‍ എത്തിച്ചേരുന്നു.ഡോക്ടറുടെ മക്കളുടെ സംഗീതാദ്ധ്യാപികയായ സൗദാമിനിയില്‍ നിന്ന് ബേബിയെക്കുറിച്ചറിഞ്ഞ ഡോക്ടര്‍ അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു പഠിപ്പിച്ച് ഡോക്ടറാകുന്നു. ഡോക്ടറുടെ മകള്‍ മോളിയെ ബേബിയും ലില്ലിയെ ഡോക്ടറുടെ മകന്‍ ജോയിയും വിവാഹം കഴിക്കുന്നു.

ഡോക്ടര്‍ ബേബി നടത്തിയ ശസ്ത്രക്രിയയിലൂടെ ഒരു യുവതിയുടെ രോഗം മാറുന്നു. അതില്‍ സന്തോഷം പങ്കിടാനെത്തുന്ന യുവതിയും ഭര്‍ത്താവും പണം നല്‍കിയെങ്കിലും അത് സ്വീകരിക്കാത്ത ബേബി പകരം ഒരു കുട സമ്മാനമായി ചോദിക്കുന്നു. അവര്‍ കുടയുമായി എത്തിയപ്പോള്‍ അത് ഏറ്റുവാങ്ങാന്‍ ലില്ലിയും എത്തിയിരുന്നു. സമ്മാനം കൈമാറിയപ്പോള്‍, ആ യുവതി ഗ്രേസിയാണെന്നു ബേബി ലില്ലിയെ അറിയിക്കുന്നു.

മലയാള ബാലസാഹിത്യത്തില്‍ എന്നെന്നും തിളങ്ങി നില്ക്കുന്ന രചനയായ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന കൃതി 1961-ലാണ് പുറത്തിറങ്ങിയത്. 1979-ല്‍ പുസ്തകത്തിന്റെ ആദ്യ ഡി.സി പതിപ്പ് പുറത്തിറങ്ങി. ഡി.സി ബുക്‌സ് മാമ്പഴം ഇംപ്രിന്റിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.