ഉത്തരാധുനികതയുടെ കാഴ്ചപ്പാടും രസബോധവും
ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച എഴുത്തുകാരന്‍ എം.മുകുന്ദന്റെ ശ്രദ്ധേയമായ കൃതികളിലൊന്നാണ് ഒരു ദളിത് യുവതിയുടെ കദനകഥ. കലയെ കലയായി കാണാന്‍ സാധിക്കാതെ വരുന്ന നമ്മുടെ സമൂഹത്തിന്റെ സദാചാരബോധത്തിന് നേരെയുള്ള ഒരു കണ്ണാടിയാണ് ഈ നോവല്‍. കാലികപ്രസക്തമായ ഈ കഥ വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ ഭാവനയില്‍ കണ്ട എഴുത്തുകാരന്റെ ദീര്‍ഘവീക്ഷണം പ്രശംസനീയമാണ്.
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ രാധിക. കരീം ബോയിയുടെ നാടകത്തില്‍ നഗ്‌നയായി അഭിനയിക്കാന്‍ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം. ‘പാരമ്പര്യത്തില്‍ നിന്നും ശീലങ്ങളില്‍ നിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാന്‍ കഴിയില്ല.’ അപമാനിക്കപ്പെട്ട ഒരു ദളിത് യുവതിയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ‘കലയില്‍ കോംപ്രമൈസില്ല’ എന്നു കരുതുന്ന കരീംബോയി ആവശ്യപ്പെട്ടത്. ഒടുവില്‍ രാധികയ്ക്കു പകരക്കാരിയായി വസുന്ധരയെത്തി. സ്വമനസ്സാലെ നാടകമതവതരിപ്പിച്ചു. പക്ഷേ, പ്രകാശസംവിധാനം അത്രയും നിഷ്ഫലമാക്കിക്കൊണ്ട് സദസ്സില്‍നിന്ന് നിരവധി ക്യാമറകളുടെ ഫ്‌ളാഷുകള്‍ തുടര്‍ച്ചയായി വസുന്ധരയുടെ നഗ്‌നമേനിയില്‍ വെളിച്ചം പ്രവഹിപ്പിച്ചു…ഒറ്റക്കളി കൊണ്ട് നാടകാവതരണം നിര്‍ത്തുകയും ചെയ്തു.
കെ.പി അപ്പന്‍ നോവലിന്റെ ആദ്യ പതിപ്പിനെഴുതിയ അവതാരികയില്‍നിന്നും
“എം.മുകുന്ദന്‍ ഉത്തരാധുനിക സംസ്‌കാരത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ രചനകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലാളിത്യവും സാമാന്യജനസംസ്‌കാരവും ഇതിന് തെളിവാണ്. പൊതുജന സംസ്‌കാരത്തില്‍നിന്ന് പിന്‍തിരിയാനുള്ള ആധുനികതയുടെ ആഗ്രഹത്തെ ഉത്തരാധുനികത നിരാകരിക്കുന്നുവെന്ന് ഈഗിള്‍ടണ്‍ നിരീക്ഷിക്കുന്നുണ്ട്. മുകുന്ദന്റെ പുതിയ നോവലിന്റെ സാംസ്‌കാരിക യുക്തിമൂല്യം ഈ യാഥാര്‍ത്ഥ്യത്തിലാണ് അതിന്റെ അസ്തിവാരം നിര്‍മ്മിച്ചിരിക്കുന്നത്. ആധുനികയ്ക്കുമേല്‍ ഒരു വിശിഷ്ടവിഭാഗത്തിന്റെ ആധിപത്യമുണ്ടെന്നും ഉത്തരാധുനികത ഈ വിശിഷ്ടവിഭാഗത്തിന്റെ ആധിപത്യത്തെ തകര്‍ക്കുന്നുവെന്നും ലെസ്‌ലി ഫീഡ്‌ലര്‍ പറയുന്നു. ഒരു ദളിത് യുവതിയുടെ കദനകഥ ഒരു വിശിഷ്ട സാംസ്‌കാരിക വിഭാഗത്തിനു വേണ്ടിയുള്ള നോവലല്ല, ഈ വിഭാഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഭൂരിപക്ഷത്തിനു വേണ്ടിയുള്ള നോവല്‍കൂടിയാണ്. ഇത് ഉത്തരാധുനികതയുടെ കാഴ്ചപ്പാടും രസബോധവുമാണ്. വ്യത്യസ്തമായ ഈ നോവലില്‍ മാറിക്കൊണ്ടിരിക്കുന്ന മുകുന്ദന്റെ അടയാളങ്ങളും അത്ഭുതങ്ങളും കാണാം. ഈ കലാസൃഷ്ടിയില്‍ ഉത്തരാധുനിക ഭാവനയുടെ യഥാര്‍ത്ഥ സാക്ഷ്യം ഭാവിക്കുവേണ്ടി മുകുന്ദന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു.”
ആഖ്യാനരീതിയില്‍ ഏറെ പുതുമകള്‍ നിറഞ്ഞ ഒരു ദളിത് യുവതിയുടെ കദനകഥ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1996 സെപ്റ്റംബറിലാണ് ഈ കൃതിയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്.
Comments are closed.