DCBOOKS
Malayalam News Literature Website

ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ അന്തരിച്ചു

പരുമല : മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.35 നാണ് അദ്ദേഹം കാലം ചെയ്തത്. അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ് അന്ത്യം.

മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക.

അധികമാരുമറിയാത്ത തിരുമേനിയുടെ ഐഹികജീവിതത്തിന്റെ നാനാതരം അനുഭവങ്ങള്‍ നാം തൊട്ടറിയുന്ന ‘ജീവിതക്കാഴ്ചകള്‍ എന്ന പുസ്തകം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിനാണ് അദ്ദേഹത്തെ ജീവിത ക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. സ്‌നേഹത്തിന്റെയും നന്മയുടെയും വലിയ ഇടയനെ ഒരു സര്‍ഗ്ഗാത്മക സാഹിത്യകാരന്‍ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രധാന സവിശേഷത.

തൃശൂര്‍ ജില്ലയിലെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെഐ ഐപ്പിന്‍റെയും കുഞ്ഞീറ്റയുടേയും മകനായി 1946 ഓഗസ്റ്റ് 30-നാണ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ജനനം. തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്ന് ബിഎസ് സിയും കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് എംഎയും കരസ്ഥമാക്കിയ അദ്ദേഹം 1973-ലാണ് ശെമ്മാശപ്പട്ടവും വൈദീകപ്പട്ടവും നേടുന്നത്.

പിന്നീട് സഭയുടെ നേതൃത്വത്തിലേക്ക് പടിപടിയായി ഉയർന്ന അദ്ദേഹം 2010 നവംബര്‍ ഒന്നിന്  ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് സഭാധ്യക്ഷനായി. ലോകമെമ്പാടുമുള്ള മുപ്പത് ലക്ഷം വരുന്ന ഓര്‍ത്തഡോക്സ് സമൂഹത്തിന്‍റെ മെത്രാപ്പൊലീത്തയും കാതോലിക്കയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ.

Comments are closed.