ഓരോ വോട്ടും: ജനാധിപത്യവും തെരഞ്ഞെടുപ്പും
നമ്മള്‍ മിക്കപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു വിളിക്കപ്പെടാറുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ത്തന്നെ നമ്മളതായിരുന്നു. തെരഞ്ഞെടുപ്പുകള്‍ സമയത്ത് നടത്താനായി എന്നതാണ് നമ്മുടെ നേട്ടം. അതുപോലെതന്നെ തികഞ്ഞ മത്സരബുദ്ധിയോടെയും. നമ്മുടെ നാട്ടിലെ വോട്ടര്‍മാരുടെ എണ്ണം വെച്ചു നോക്കുമ്പോള്‍ ഇതൊട്ടും എളുപ്പമുള്ള ജോലിയല്ല. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളുടെയൊക്കെ ഫലം വിജയികളും പരാജയപ്പെട്ടവരും ഒരുപോലെ സ്വീകരിച്ചിട്ടുണ്ട്. വിവിധ പശ്ചാത്തലത്തില്‍നിന്നും സംസ്‌കാരത്തില്‍ നിന്നും ആളുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു രാഷ്ട്രം രൂപീകരിക്കുന്ന ലോകത്തിലെതന്നെ കരുത്താര്‍ന്ന ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ വിജയത്തിന് ഇതില്‍പ്പരം മറ്റെന്ത് തെളിവു വേണം.
ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന നവീന്‍ ചൗള രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിലയിരുത്തുന്ന കൃതിയാണ് ഓരോ വോട്ടും: ജനാധിപത്യവും തെരഞ്ഞെടുപ്പും. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ സമഗ്രമായ ചരിത്രം അവതരിപ്പിക്കുന്നതോടൊപ്പം ജനാധിപത്യ സമ്പ്രദായം നേരിടുന്ന വെല്ലുവിളികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അറിയാക്കഥകളും ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ജനാധിപത്യത്തിലെ ക്രിമിനല്‍വത്കരണം, മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ കാര്യക്ഷമത, ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പു പ്രക്രിയ നേരിടുന്ന വെല്ലുവിളികള്‍, പെയ്ഡ് ന്യൂസ്, സാമൂഹികമാധ്യമങ്ങളുടെ ഇടപെടലുകള്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത എന്നിവയെക്കുറിച്ചെല്ലാമുള്ള നിരീക്ഷണങ്ങളും ഓരോ വോട്ടും: ജനാധിപത്യവും തെരഞ്ഞെടുപ്പും എന്ന പുസ്തകത്തിലൂടെ പങ്കുവെക്കുന്നു.
ജനാധിപത്യത്തിന്റെ അന്ത:സത്തയെന്നത് വിശ്വാസയോഗ്യമായ ഒരു തെരഞ്ഞെടുപ്പു സംവിധാനമാണ്. 1947-ല്‍ സ്വാതന്ത്ര്യം കിട്ടിയതു മുതലുള്ള ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം സ്വതന്ത്രവും നീതിപൂര്‍ണ്ണവുമായ തെരഞ്ഞെടുപ്പുകള്‍ക്കു നല്‍കിയ പ്രാധാന്യം വരച്ചുകാട്ടുന്നുണ്ട്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന നവീന്‍ ചൗളയുടെ ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത് ജി.രാഗേഷും മഹേഷ് പ്രസാദും ചേര്‍ന്നാണ്. ഓരോ വോട്ടും: ജനാധിപത്യവും തെരഞ്ഞെടുപ്പും ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.