ഓർമ്മയിലൊരു ഓണക്കാലം
മുറ്റത്തും തൊടിയിലും പടവരമ്പത്തും ഓടി ചാടി നടന്ന് പൂക്കൾ ശേഖരിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. പൂക്കളം ഒരുക്കിയത് ഇഷ്ടായില്ല്യേ മാവേലി തമ്പുരാൻ പിണങ്ങ്യലോ എന്ന് കരുതി അത്തം പത്തുവരെ മുടങ്ങാതെ പൂക്കളം തീർത്തിരുന്ന ആ കാലത്ത് പൂക്കൾ ശേഖരിക്കാനും പൂക്കളമൊരുക്കാനും എന്തൊരു ഉത്സാഹമായിരുന്നു.
ഓണമെത്തിയാൽ മുറ്റത്തെ മുത്തശ്ശി മാവിൽ ആയത്തിലൊരു ഊഞ്ഞാലിടാറുള്ളത് പതിവാണ്. നാട്ടിലെ കുട്ടികൾ എല്ലാവരും ഊഞ്ഞാൽ ആടാൻ മുത്തശ്ശി മാവിൻ ചുവട്ടിൽ ഒത്തുചേരാറുണ്ട്. എല്ലാവരും അവരവരുടെ ഊഴം എത്താൻ കാത്തിരിക്കും. പ്രായത്തിൽ രണ്ട് വയസ്സ് മൂപ്പൊണ്ടെന്ന പേരിൽ ചേട്ടൻ ഞങ്ങളെക്കാൾ പത്ത് ആട്ടം കൂടുതൽ ആടാറുണ്ട്. എന്റെ ഊഴം കാത്തിരിക്കുമ്പോൾ അടുത്ത ജന്മം ചേട്ടനേക്കാൾ രണ്ട് വയസ്സ് മൂപ്പോടെ ജനിക്കണേന്ന് ഞാൻ മൗനമായി പ്രാർത്ഥിച്ചിരുന്നു.
പല വർണ്ണങ്ങളിലുള്ള കടലാസുകൾ കൊണ്ട് ചേട്ടൻ പട്ടം ഉണ്ടാക്കാറുണ്ട്. കടലാസ് മുറിക്കുന്നതും അവ തമ്മിൽ ഒട്ടിക്കുന്നതും ഞാൻ ശ്രദ്ധയോടെ നോക്കിയിരുന്നു പഠിക്കാറുണ്ട്. അവസാനം പണിപ്പുരയിൽ നിന്ന് പട്ടം അരങ്ങിലേക്കിറക്കി.
പാടവരമ്പിലൂടെ എനിക്ക് മുൻപിൽ പട്ടവുമായി ചേട്ടൻ നടക്കുമ്പോൾ പുറകിൽ ഒരിക്കൽ ഞാനും ആകാശത്തു പട്ടത്തെ എത്തിക്കും എന്ന സ്വപ്നത്തിൽ ഞാനും പോകാറുണ്ട് .
നിമിഷങ്ങൾക്കുള്ളിലാണ് ചൈനീസ് നൂല് ചുറ്റിയ പൗഡർ ടിനിന്റെ സഹായത്താൽ ചേട്ടൻ പട്ടത്തെ ആകാശത്തിൽ എത്തിക്കുന്നത്. പൗഡർ ടിൻ കൈയിൽ കിട്ടിയിരുന്നെങ്കിൽ പട്ടവുമായി വരമ്പിലൂടെ ഓടി അക്കരവരെ പോകാമായിരുന്നു എന്ന് വെറുതെ മോഹിക്കും.
ഒരിക്കൽ എനിക്കും ചേട്ടൻ പട്ടം പറത്താൻ തന്നിരുന്നു പക്ഷേ ആകാശത്തേക്ക് പോകണ്ടതിനു പകരം അത് വരമ്പത്തെ തെങ്ങോലയിൽ കുടുങ്ങി രണ്ടായി കീറി പോകുകയാണ് ഉണ്ടായത്. അതോടെ പട്ടം കൈയിൽ എടുക്കുക എന്നത് മോഹം മാത്രമായി.
ഉത്രാട നാളിൽ വൈകുന്നേരം സദ്യയ്ക്കായി അമ്മ കായ വറുക്കാറുണ്ട്. മുത്തശ്ശിക്കൊപ്പം അടുക്കള പുറത്തെ ഇളം തിണ്ണയിലിരുന്നു പച്ചക്കറി ഒരുക്കുമ്പോൾ എന്റെ കണ്ണു അമ്മ വറുത്തു കോരിയ കായയിലായിരുന്നു. ഇളം കായ വറുത്ത മണം മൂക്കിലെത്തുമ്പോൾ സഹിക്കാൻ കഴിയാതെ ഓടി ചെന്ന് അവയിൽ നിന്ന് ഒരുപിടി കൈയിൽ വാരി എടുത്ത് ഓടി ഊഞ്ഞാലിൽ ചെന്നിരിക്കാറുണ്ട്.
മുത്തശ്ശി എടുത്തു തരുന്ന പട്ടുപാവാടയുടുത്താണ് ഞാൻ അമ്പലത്തിൽ പോയിരുന്നത്. ഓടി നടന്നു അമ്പലത്തിനു വലത്തു വയ്ക്കുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നത് പ്രസാദമായി തരുന്ന തൃമധുരമായിരുന്നു. മുത്തശ്ശിയുടെ കയ്യിൽ തിരുമേനി പ്രസാദം നൽകി കഴിഞ്ഞാൽ അതിലൊരു പങ്കു ഞാൻ ആദ്യം എടുത്തു കഴിക്കാറുണ്ട്. വൈകുന്നേരമായാൽ പിന്നെ നാട്ടിലുള്ളവരൊക്കെ ചേർന്ന് ഞങ്ങളുടെ പറമ്പിൽ ഒത്തുകൂടാറുണ്ട്. മുത്തശ്ശിയുടെ ഓണ പാട്ടോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ആദ്യമായാണ് എനിക്ക് മിട്ടായി പെറുക്കളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. അമ്മുവാണ് എല്ലാ കൊല്ലവും ജയിക്കാറുള്ളത്. ചാക്കിൽ ചാട്ടത്തിൽ ചേട്ടനെ ചാടി തോല്പിക്കാൻ ആർക്കും കഴിയില്ല. പക്ഷെ ഉറി ഉടക്കാൻ ഒരിക്കലും ചേട്ടന് കഴിഞ്ഞിട്ടില്ല.അതിനു ദേവേട്ടൻ മാത്രേ നാട്ടിലുള്ളു. ചേട്ടനേക്കാൾ മൂന്ന് വയസ്സ് മൂപ്പുള്ള ദേവേട്ടനെ തോൽപ്പിക്കാൻ ചേട്ടന് കഴിയില്ല. അമ്മമാരുടെ വക തിരുവാതിര കളിയുമുണ്ട്. കളികളാലും പാട്ടുകളാലും ഓണം ആഘോഷമാക്കിയിരുന്നു അന്ന് ഞങ്ങൾ .
നാട്ടിലെ പൂക്കൾ ശേഖരിച്ച് പൂക്കളം തീർത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു മലയാളികൾക്ക്. ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പൂക്കൾ മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കുമ്പോൾ നാം മറന്നു പോകുന്ന ഒരു പൂവുണ്ട്. പണ്ടൊക്കെ പൂക്കളം ഒരുക്കുമ്പോൾ മുൻപന്തിയിൽ നിന്നിരുന്ന തുമ്പപൂക്കളെ. അവയുടെ മഹത്വത്തെ.
ഇന്നത്തെ കുഞ്ഞു കുട്ടികൾക്ക് തുമ്പപൂവ് എന്നത് വെറുമൊരു കേട്ടറിവായി മാറിയിരിക്കുന്നു.
ഓണകളികൾക്ക് പകരം ഇന്ന് മലയാളികളുടെ ഓണാഘോഷം ടെലിവിഷൻ പരിപാടികാളിലും സ്മാർട്ട് ഫോണിലുമായി ഒതുങ്ങി. ഇനി ആ പഴയ കാലത്തേക്ക് ഒരു യാത്ര സാധ്യമോ.
Comments are closed.