DCBOOKS
Malayalam News Literature Website

ഹൃദയം നിറയ്ക്കുന്ന ഓർമ്മപ്പൂക്കളങ്ങൾ

ഓണനിലാവ് മുറ്റത്ത് വന്നു പൂക്കളമിട്ടു  വിളിക്കുമ്പോൾ മനസ്സിലാകെ ഒഴുകിപ്പരക്കുന്നു അമ്മമണം.  അച്ഛന്റെ സ്നേഹശാസനകൾ. വാത്സല്യത്തിരിയെരിയുന്ന ഹൃദ്യസുഗന്ധം.
പുന്നെല്ലിൻ മണമുള്ള പാടവരമ്പും കാലിൽ ഇക്കിളി കൂട്ടുന്ന കറുകയും കണ്ണാന്തളിയും,  കാവിലെ ഇലഞ്ഞിയും പൊൻചെമ്പകവും,  തോട്ടിറമ്പിലെ പൂക്കൈതയുടെ സുഗന്ധവും ഈറൻ ഓടക്കമ്പുകളുടെ മധുരിക്കും മർമ്മരവുമെല്ലാം മനസ്സിന്റെ പടിപ്പുര തള്ളിത്തുറക്കുന്നുണ്ട്.    വലിയ കാട്ടുമാവിന്റെ ചോട്ടിൽ അങ്ങോട്ടിങ്ങോട്ടോടിക്കളിക്കുന്ന കുസൃതിക്കാറ്റിനൊപ്പം കണ്ണുപൊത്തിക്കളിച്ചതും  അണ്ണാറക്കണ്ണനോട് ‘മാമ്പഴം തായോ’ എന്നു ചോദിച്ചതും,  കഞ്ഞിയും കറിയും വെച്ചു കളിച്ചതുമൊക്കെ മായാതെ മനസ്സിൽ മധുരം നിറയ്ക്കുന്നുണ്ട്.  എല്ലാം ഗൃഹാതുരത ഉണർത്തുന്ന മധുരസ്‌മൃതികൾ.  കർക്കടക സംക്രമത്തിന് ആടിയറുതി കഴിഞ്ഞു എല്ലായിടത്തും,  വീട്ടിനകത്തും പുറത്തും,  ആവശ്യമില്ലാത്ത പഴയ സാധനങ്ങളെല്ലാം കളഞ്ഞ് വൃത്തിയാക്കി വലിയ മുറ്റം മുഴുവൻ ചാണകം മെഴുകിയിരിക്കും.  ചിങ്ങമാസത്തിൽ മാത്രമല്ല എല്ലാ ദിവസവും കളവും (മുറ്റം) പടിഞ്ഞേറ്റയും (പൂജാമുറി) അടിച്ചുവാരി തളിച്ച്,  മുറ്റം നിറയെ വിടർന്നു നിന്നിരുന്ന ചെമ്പരത്തിപ്പൂവു പറിച്ചു ഇതളുകൾ ഇറുത്തെടുത്തു  വെയ്ക്കാൻ അമ്മയാണ് പഠിപ്പിച്ചത്.    ആദ്യകാലത്ത്  മുറ്റത്തേത് പോലെ ചാണകം മെഴുകിയ തറയായിരുന്നു പടിഞ്ഞേറ്റയ്ക്കും. പിന്നെയാണ് സിമെന്റിട്ടത്. അങ്ങനെ ആയപ്പോൾ പൂജാമുറിയിൽ  ചാണകം മെഴുകുന്ന ജോലിയില്ലാതായി,  പകരം അടിച്ചു തളിച്ച് വിളക്ക് തെളിയിച്ചു പൂ വെയ്ക്കും. വെള്ളോട്ടുകിണ്ടിയിൽ വെള്ളം നിറച്ചു വെയ്ക്കും.  ഇതൊക്കെ ചെയ്യാൻ എനിക്ക് വല്ലാത്തൊരിഷ്ടവുമായിരുന്നു.
പൂക്കളങ്ങൾ വിടരുമ്പോൾ
ചിങ്ങം പിറന്നാൽ മുറ്റം അടിച്ചു തളിച്ചാൽ മാത്രം പോരാ, ചവിട്ടുപടിക്ക് മുന്നിലായി വീട്ടുനടയിൽ പൂവെയ്ക്കാനുള്ള സ്ഥലം ചാണകം മെഴുകണം.  അത് എന്നും എന്റെ ജോലിയായിരുന്നു.    അത്തം മുതൽ അതിരാവിലെ തന്നെ കൂട്ടുകാരുമായി ചേർന്ന് തുമ്പപ്പൂവും മുക്കുറ്റിയും വെള്ളീലപ്പൂവും വട്ടപ്പലവും ഹനുമാൻകിരീടവും കാക്കപ്പൂവും കോഴിവാലൻ പൂവും അങ്ങനെ പല പല നാടൻ പൂക്കളും കാട്ടുകരിമ്പിന്റെ വെളുത്ത പൂവും മോതിരപ്പൂവും കൊങ്ങിണിപ്പൂവുമെല്ലാം പറിച്ചെടുത്തു വട്ടപ്പലത്തിന്റെ (ഒരുവേരൻ) വലിയ ഇല കുമ്പിൾ കോട്ടി അതിലിട്ടു വെയ്ക്കും.  അതിനുശേഷം മുറ്റത്ത് ചാണകം മെഴുകി തോട്ടിൽ ചെന്ന് അടിച്ചു നനച്ചു കുളിച്ചു വരും.  പിന്നെയാണ് വർണ്ണങ്ങളുടെ വസന്തമായി,  പൂക്കളെല്ലാം ഞെട്ടു കളഞ്ഞു ഇതളുകളാക്കി കലാപരമായി വിന്യസിക്കുന്നത്.  ഞങ്ങൾ ഓണത്തപ്പനെയൊന്നും ഉണ്ടാക്കാറില്ല.  വടക്കേ മലബാറിൽ അങ്ങനൊരു ചടങ്ങില്ലേ എന്നെനിക്കറിയില്ല.  തിരുവോണമാവുമ്പോഴേക്കും പൂക്കളത്തിന് വലിപ്പവും  വർണ്ണഭംഗിയുമൊക്കെ കൂടിക്കൂടി വരും. പൂക്കളത്തിൽ ആടിക്കളിക്കാൻ ഓണത്താർ വരുമെന്നതിനാൽ വേറൊരു ചെറിയ പൂക്കളം കൂടി ഉണ്ടാക്കുമായിരുന്നു.. അല്ലെങ്കിൽ ഇത്രയും സമയമെടുത്തുണ്ടാക്കിയ നല്ല പൂക്കളം ഉണ്ടാക്കിയ ഉടനെ തന്നെ ചതഞ്ഞരഞ്ഞു പോകും.  മിക്കവാറും കൊച്ചുകുട്ടികളാണ് ഓണത്താർ ആയെത്തുന്നത്.  എന്റെ ഒപ്പം സ്കൂളിൽ പഠിക്കുന്ന വത്സനും മറ്റുമാണ് അധികവും വരുന്നത്.  മലയ സമുദായക്കാർക്കാണ് ഓണത്താർ കെട്ടിയാടാനുള്ള അവകാശം.
പൂക്കളമിട്ട് കഴിയുമ്പോഴേക്കും വിശന്നിട്ട് വയർ ഇടയ്ക്ക കൊട്ടിത്തുടങ്ങിയിരിക്കും.  നേന്ത്രപ്പഴം നുറുക്കിന്റെയും ചക്കയപ്പത്തിന്റെയും ആവിയപ്പത്തിന്റെ (ഇഡ്ഡലിമാവിനെക്കാൾ കുറച്ചു കൂടി മയമുള്ള മാവ് ഇഡ്ഡലി ചെമ്പിൽ വലിയ വാഴയില വാട്ടി വെച്ച്,  അതിലേക്ക്  മാവ് ഒന്നായി ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുന്നത്) യുമൊക്കെ മണം കൊതിപ്പിക്കാൻ തുടങ്ങും.  പിന്നെ ഓരോട്ടമാണ് അടുക്കളയിലേക്ക്.
ഓണസദ്യ
ഓണസദ്യ ഉണ്ടാക്കുന്നത് അമ്മയും അച്ഛനും ചേർന്നാണ്.    പായസമുണ്ടാക്കുന്നത് അച്ഛന്റെ മാത്രം  അവകാശവും.  അച്ഛൻ പുതിയ തോർത്തിൽ തേങ്ങാപ്പാലൊക്കെ പിഴിയുമ്പോൾ സഹായിയായി വെള്ളമെടുത്തു കൊടുക്കാനും പാത്രങ്ങൾ അങ്ങോട്ട് വെയ്ക്കാനും ഇങ്ങോട്ട് വെയ്ക്കാനുമൊക്കെ അച്ഛന്റെ ഒരു സഹായിയായി (“എർത്തായി”) ചെറിയ ചെറിയ കിന്നാരങ്ങളും  സംശയങ്ങളുമൊക്കെ ചോദിച്ചു കൊണ്ട്  ഞാൻ കൂടെയിരിക്കും.  കാളനുള്ള ചേനയും നേന്ത്രപ്പഴവുമൊക്കെ വലിയ കഷ്‌ണങ്ങളാക്കി നുറുക്കിക്കൊടുക്കുന്നതും അച്ഛനായിരിക്കും.  ഓണത്തിനായാലും അധികം കറികളൊന്നുമുണ്ടാവില്ല.  കാളൻ, ഓലൻ,  പച്ചടി,  കിച്ചടി,  തോരൻ അങ്ങനെ നാടൻ കറികൾ… പലതരം വറുത്തുപ്പേരികൾ,  കായ ചേന,  ചേമ്പ് മുതലായവ.  പിന്നെ വിവിധ തരം ഉപ്പിലിട്ടതുകളും.
അന്നൊക്കെ വീട്ടിൽ തൊഴുത്തു നിറയെ പശുക്കളുണ്ടായിരുന്നു.  അതുകൊണ്ട് പാലും തൈരും മോരും നെയ്യുമെല്ലാം വീട്ടിൽ തന്നെ ധാരാളമായി ഉണ്ടാവുമായിരുന്നു.  പിന്നെ  കൃഷിക്കാവശ്യമായ ചാണകവും വളവും മറ്റും  ഉണ്ടാവും.
ഇത്‌ പറഞ്ഞപ്പഴാണ് ഞാനൊരു കാര്യം ഓർത്തത്.  വലിയ തൊഴുത്തിൽ നിന്നും ചാണകവും ഗോമൂത്രവും മറ്റും ഒഴുകി വീഴാൻ വിസ്തൃതമായൊരു ചാണകക്കുഴിയും (ചാണകത്തിന്റെ കൂടെ മരുത് എന്ന മരത്തിന്റെ  പച്ചിലകൾ നിറയെ കൊത്തിയരിഞ്ഞിടും…കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാം കൂടി അഴുകി നല്ല ഒന്നാം തരം ജൈവവളമാവും)അതായത് വലിയൊരു വളക്കുഴി  തൊഴുത്തിനോട് ചേർന്നുണ്ടായിരുന്നു.
കുഞ്ഞിരാമേട്ടന്റെ പായസം ഒരു വിസ്മയം
ഞങ്ങൾക്ക് പണ്ട് സ്ഥിരമായി വീട്ടിൽ താമസിച്ചു പറമ്പിൽ ജോലിയെല്ലാം ചെയ്യുന്ന ഒരു ഏട്ടനുണ്ടായിരുന്നു.  കുഞ്ഞിരാമൻ.    ആരുമില്ലാത്ത ഒരു ചെറിയബാലൻ അച്ഛന്റെ അടുക്കൽ അഭയമന്വേഷിച്ചു വന്നതാണ് പോലും.  അച്ഛൻ അയാളെ 4 വരെ പഠിപ്പിച്ചു.  പിന്നെ,  എനിക്ക് പഠിക്കണ്ട, ജോലി ചെയ്തോളാമെന്നു പറഞ്ഞു പണികളെല്ലാം ചെയ്യാൻ തുടങ്ങി.  പറമ്പിലെ പണികളെല്ലാം വേഗം പഠിച്ചെടുത്തു.    ആ ഏട്ടന് പ്രത്യേകതരത്തിലുള്ള ഒരു വിഭവം  ഉണ്ടാക്കാനറിയാം. അതെന്താന്നല്ലേ…. പറയാം…
ചിങ്ങത്തിൽ അഷ്ടമിരോഹിണിക്ക് മുമ്പ് കൊയ്ത്തും മെതിയുമെല്ലാം  കഴിയും.  പുതിയ നെല്ലുകൊണ്ട്  പായസം വെയ്ക്കാൻ  പുഴുങ്ങാതെ കുറച്ചു നെല്ല്  പ്രത്യേകം എടുത്തു പച്ചയ്ക്ക് കുത്തി ഉണക്കലരി ഉണ്ടാക്കിയെടുക്കും,  അധികം തവിടു കളയാതെ.  അമ്മ അതിൽ നിന്നും കുറച്ചരി  ഈ ഏട്ടന് കൊടുക്കും ഒരു പുതിയ ചെമ്പു കലവും.  അഷ്ടമിരോഹിണിക്ക് നാലു ദിവസം മുമ്പ് ഇടങ്ങഴി അരിയും മൂന്നിരട്ടി പഞ്ചസാരയും ഏഴിരട്ടി പാലും ചേർത്ത് ചെമ്പുകലത്തിലിട്ട്,  കലംനല്ല  മുറുക്കമുള്ള അടപ്പുകൊണ്ട് മൂടി, പിന്നീട് കലത്തിന്റെ വായ  അതീവ ശ്രദ്ധയോടെ നല്ല തുണികൊണ്ട് മൂടി മുറുക്കിക്കെട്ടി പിന്നെയും ഒരു തുണികൊണ്ട് ആകെ മൂടിക്കെട്ടി കലത്തിനകത്തു ചാണകത്തിന്റെ ചെറിയൊരു  അംശം പോലും കലരാതിരിക്കാൻ നല്ല വൃത്തിയാക്കിയെടുത്ത കളിമണ്ണ് കൊണ്ട് കലത്തിൽ പശ പോലെ തേച്ച് ഉണങ്ങുമ്പോൾ ഈ ചാണകക്കുഴിയുടെ ഒരു സൈഡിൽ അടിയിലായി ആഴ്ത്തി വെയ്ക്കും.  നാലു ദിവസം കഴിഞ്ഞു പുറത്തെടുത്തു അതിസൂക്ഷ്മതയോടെ വൃത്തിയാക്കി തുറന്നു നോക്കുമ്പോൾ അമ്പലപ്പുഴ പാല്പായസം തോൽക്കുന്ന കുമുകുമാന്ന് ഹൃദ്യമായ സുഗന്ധം വമിക്കുന്ന പായസം റെഡിയായിട്ടുണ്ടാവുമെന്ന് പറഞ്ഞു കേട്ടിരുന്നു.  ഞാൻ കുടിച്ചതായി ഓർക്കുന്നില്ല.  അമ്മ പറഞ്ഞു തന്ന അറിവാണ് ഇത്‌.
നാടൻ സദ്യയുടെ മധുരം
അന്നൊക്കെ തിരുവോണസദ്യയിൽ എല്ലാം  തന്നെ പറമ്പുകളിൽ നിന്നും കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ  മാത്രമായിരുന്നു.  തറവാട്ടിലൊക്കെ ഇപ്പോഴും പച്ചക്കറികൾ വാങ്ങിക്കുന്നത് കുറവാണ്.  ഉത്രാടദിവസം പലരും ചേനയും  വാഴക്കുലയും കുമ്പളങ്ങയും മത്തങ്ങയുമൊക്കെ കൊണ്ട് വരുന്നതും കണ്ടിട്ടുണ്ട്.  അപ്പോൾ അവർക്ക് അച്ഛൻ അരി,  വെളിച്ചെണ്ണ,  ഓണക്കോടി മുതലായവ കൊടുക്കും.
നേരത്തേ പറഞ്ഞത് പോലെ മിക്കവാറും അമ്മയും അച്ഛനും ചേർന്നാണ്  എല്ലാ വിശേഷദിവസങ്ങളിലെയും പാചകം.  അതുപോലെ കണ്ണിമാങ്ങ സീസൺ ആവുമ്പോൾ വലിയ വലിയ ഭരണികളിൽ കടുമാങ്ങ അച്ചാർ ഉണ്ടാക്കി വെയ്ക്കുന്നതും,  ചക്ക വരട്ടി വെയ്ക്കുന്നതും മാങ്ങാ തിര,  ചക്കപ്പപ്പടം മരച്ചീനി പപ്പടം തുടങ്ങിയവയൊക്കെ ഉണ്ടാക്കുന്നതും അച്ഛനും അമ്മയും കൂടി ആയിരുന്നു.  ഞങ്ങൾ കുട്ടികൾ സഹായികളായി ചുറ്റിലുമുണ്ടാകും.  എല്ലാം ഉണ്ടാക്കുന്നത് അടുത്ത സീസൺ വരെ ചീത്തയാവാതെ നിൽക്കുന്ന തരത്തിൽ വലിയ അളവിലായിരിക്കും.
ഗ്രാമനന്മകളുടെ സ്‌മൃതിനിലാവ്
കൊയ്ത്തുകാലവും,  കുരുമുളക് വിളവെടുക്കുന്ന സമയവും എല്ലാമെല്ലാം വല്ലാത്തൊരു സന്തോഷത്തിരത്തള്ളലിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കുന്നു. ഞാറ്റടിപ്പാട്ടുകളും മറ്റും കേൾക്കാൻ എന്നും വളരെ ഇഷ്ടമായിരുന്നെനിക്ക്.
“പാട്ടൊന്നു പാടറാ തോട്ടോൻ രാമാ…
എനക്കെന്ത് പാട്ടറിയാ തേമൻ നൈത്തീ…… “
“കുന്നുമ്മ്ന്ന് ണ്ടൊരു ചൂട്ട് കാണ്ന്ന്…
കുഞ്ഞമ്പൂന്റച്ഛനോ മാറ്റാരാനോ…. “
അങ്ങനെ പോകുന്നു അവരുടെ പാട്ടുകൾ.
മുളയേണിയിൽ കയറി  കൈലി മുണ്ട് പുറകിൽ വലിയ സഞ്ചി പോലെ കെട്ടി അതിലാണ് കുരുമുളക് പറിച്ചിടുന്നത്.  അത് നിറയുന്നതിനനുസരിച്ചു വലിയ കളത്തിന്റെ മൂലയിൽ കൊണ്ടുവന്നിടും.  സന്ധ്യയാകുന്നത് വരെ മുളക് പറിച്ചെടുക്കുന്നത് തുടരും.    വിളക്ക് വെച്ച് കഴിഞ്ഞാൽ മുറ്റത്ത് പെട്രോമാക്സ് അല്ലെങ്കിൽ വലിയ പാനീസ് എന്ന് പറയുന്ന റാന്തൽ വിളക്ക് കത്തിച്ചു വെച്ച് കുരുമുളക് മെതിച്ചെടുക്കും.  ആ സമയത്താണ് അച്ഛൻ ഉറക്കെ ഉമ്മറത്ത് റേഡിയോ വെയ്ക്കുന്നത്.  വയലും വീടും,  യുവവാണി,  ഹിന്ദി പാട്ടുകൾ ഒക്കെ കേൾക്കാൻ ഞാനും അച്ഛന്റെ കസേരക്കൈ പിടിച്ചു കൊണ്ട് അടുത്ത് നിൽക്കും,  ഉറക്കം തൂങ്ങിത്തുടങ്ങുമ്പോൾ ചിലപ്പോൾ അച്ഛൻ എടുത്തു മടിയിലിരുത്തും,  അല്ലെങ്കിൽ അകത്തേക്ക് നോക്കി ഉറക്കെ “ദേ,  ഇവളെ അങ്ങോട്ടെടുത്തോ” എന്ന്  വിളിച്ചു  പറയും.    അത് കേൾക്കുമ്പോൾ അമ്മ വന്ന് എന്നെ എടുത്ത് അകത്തു കൊണ്ട്പോയി കിടത്തും.
ഓണത്തിന്റെ പത്തു ദിവസങ്ങൾ
അത്തം
ഓണാഘോഷം തുടങ്ങുന്നത് ചിങ്ങമാസത്തിലെ അത്തം നാളിലാണ്. മഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലേക്കു യാത്ര തിരിക്കുന്ന ദിവസമാണ് അത്തം നാൾ എന്നാണ് വിശ്വാസം. അന്ന് ഇടുന്ന പൂക്കളം മഞ്ഞ നിറമുള്ള പൂക്കള്‍ കൊണ്ടുള്ള ചെറിയ പൂക്കളമാണ്.
ചിത്തിര
രണ്ടാം നാൾ മുതൽ മഞ്ഞ കൂടാതെ രണ്ടു വ്യത്യസ്ത നിറങ്ങളെക്കൂടി പൂക്കളത്തിൽ ചേർക്കുന്നു. അന്ന് മുതൽ ആളുകൾ ഓണത്തിനു വേണ്ടിയുള്ള വീട്ടു സാധനങ്ങൾ ഒരുക്കി തുടങ്ങുന്നു.
ചോതി
ചോതി നാളിൽ നാല് മുതൽ അഞ്ചു വരെ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു. ഓണക്കോടിയും വിശേഷപ്പെട്ട ആഭരണങ്ങളും വാങ്ങുന്ന ദിനം.
വിശാഖം
നാലാം നാളായ വിശാഖം നാളിനെ വളരെ മംഗളകരമായാണ് കണക്കാക്കുന്നത്. പഴയ കാലത്ത് കൊയ്ത്തു വിപണി തുറക്കുന്നത് ഈ ദിവസത്തിലാണ്.
അനിഴം
അഞ്ചാം നാളായ അനിഴം നാളിലാണ് കേരളത്തിന്‍റെ പലഭാഗങ്ങളിലും ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് മുന്നോടിയായുള്ള വള്ളം കളികൾ തുടങ്ങുന്നത്.
തൃക്കേട്ട
അഞ്ചു മുതൽ ആറു വരെ പൂക്കൾ ഉപയോഗിച്ചാണ് ഈ ദിവസം പൂക്കളം തീർക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ വസിക്കുന്നവർ സ്വന്തം തറവാട്ടിലേക്ക് യാത്ര തിരിച്ചിരുന്നതും ഈ നാളിലാണ്.
മൂലം
ഓണ സദ്യയും പുലികളി പോലുള്ള വിനോദ പരിപാടികളും തുടങ്ങുന്നത് ഈ ദിവസത്തിലാണ്. പ്രധാന അമ്പലങ്ങളിൽ എല്ലാം ഈ ദിവസം മുതൽ ഓണവിശേഷങ്ങളും സമൂഹസദ്യയും തുടങ്ങുന്നു.
പൂരാടം
മഹാബലിയുടെയും, വാമനനന്‍റേയും സങ്കല്പ രൂപങ്ങളെ വീടിനു ചുറ്റും പ്രദക്ഷിണമായി കൊണ്ടുവന്നു അത്തപ്പൂക്കളത്തിന്‍റെ നടുവിൽ വച്ച് അതിൽ അരിമാവ്കലക്കി കോലം വരയ്ക്കുന്നു.  ഇത് കൊച്ചു കുട്ടികൾ ആണ് ചെയ്യുന്നത് (ലേപനം ചെയ്യുന്നത്) ഇവരെ പൂരാട ഉണ്ണികൾ എന്ന് വിളിക്കുന്നു. ഈ രൂപം ഓണത്തപ്പൻ എന്നറിയപ്പെടുന്നു.
ഉത്രാടം
ഒൻപതാം നാളാണ് ഉത്രാട ദിനം. ഓണത്തിന്‍റെ അവസാന ഘട്ട ഒരുക്കത്തിനായി ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. ഉത്രാട ദിനത്തെ ഒന്നാം ഓണം എന്നും പറയപ്പെടുന്നു. അന്ന് മിക്ക ഭവനങ്ങളിലും ചെറിയ രീതിയിലുള്ള സദ്യ ഒരുക്കുന്നു.
തിരുവോണം
അത്തം തുടങ്ങി പത്താം നാൾ ആണ് തിരുവോണം. തിരുവോണപ്പുലരിയിൽ കുളിച്ചു കോടി വസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്‍റെ സങ്കൽപ്പരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും  അട നിവേദിക്കുകയും ചെയ്യുന്നു.
ഗതകാല സ്മരണകളുണർത്തി,  ശ്രാവണം പെയ്തുകൊണ്ട്  വീണ്ടുമൊരു
പൊന്നിൻ ചിങ്ങവും പൊന്നോണവും  ഇതാ വന്നെത്തി.
ഗൃഹാതുരതയുടെ ഓർമ്മകൾ തിരുവോണത്തുമ്പികളായി  തുമ്പിതുള്ളിയെത്തുമ്പോൾ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും  പൊൻചെരാത് തെളിച്ചെത്തുന്ന പൊന്നാവണിമാസം.
ഓണം വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഉത്സവമായിരുന്നു.  ഉലയാത്ത നാട്ടുനന്മകൾ വിതച്ച് നൂറുമേനി കൊയ്യുന്ന ഗതകാലസ്മരണകളുടെ നല്ല നാളുകളായിരുന്നു.  ഗൃഹാതുരത്വമുണർത്തുന്ന  പോയകാലത്തിന്റെ ഒരുപിടി നല്ല ഓർമ്മകൾ ചിങ്ങനിലാവിന്റെ തങ്കരഥത്തിലേറി വരുന്ന ഓണത്തെ ജാതിമത വർണ്ണ  ഭേദമില്ലാതെ,  പണ്ഡിതനെന്നോ പാമരനെന്നോ വേർതിരിവില്ലാതെ  വരവേറ്റിരുന്നൊരു മഹത്തായ പാരമ്പര്യമാണ് മലയാളികളുടേത്.
കൂട്ടുകൂടി പാട്ടുപാടി ഊഞ്ഞാലാടി പൂവിളിയും പൂക്കൂടയുമായി നാടായ നാട് മുഴുവൻ,  കുന്നായ കുന്ന് മുഴുവൻ,  വയലായ വയല് മുഴുവൻ താണ്ടി,  തുമ്പപ്പൂവും കാക്കപ്പൂവും മുക്കുറ്റിയും കണ്ണാന്തളിയും നുള്ളി നടന്ന,  അരിഷ്ടതകൾക്കിടയിലും ഹൃദയവിശുദ്ധിയിൽ സമ്പന്നമായിരുന്ന ബാല്യം മനസ്സിൽ മധുരം നിറയ്ക്കുന്നതായിരുന്നു.  പരസ്പരം സ്നേഹിച്ചും സഹവർത്തിച്ചും ജീവിച്ചിരുന്നൊരു വലിയ ജനസമൂഹമായിരുന്നു മലയാളനാടിന്റെ പുണ്യം.  ഓണക്കാലം മാത്രമല്ല,  ജീവിതകാലം മുഴുവനും സഹജീവികളുടെ ഹൃദയമിടിപ്പുകളറിഞ്ഞ് അവരിലൊരാളെന്നപോലെ  ജനമദ്ധ്യത്തിലേക്കിറങ്ങി നാടിന്റെ നാഡീസ്പന്ദനമായിട്ടുള്ള ഒരുപാട് പുണ്യജന്മങ്ങൾ വഴിവിളക്കുകളായിട്ടുള്ള ഒരു നാടാണ് നമ്മുടേത്.
അതിജീവനത്തിന്റെ പാതയിൽ
എന്നാൽ ഇന്ന് നാം ആ നല്ല നാളുകളിൽ നിന്നും,  തുമ്പപ്പൂവിന്റെ വെണ്മയൂറുന്ന ഗ്രാമീണ നിഷ്കളങ്കതയിൽ നിന്നുമൊക്കെ വളരെ വളരെ അകന്നു പോയി.  എല്ലാത്തിനും,  സ്നേഹത്തിനുപോലും കൃത്യതയും കണക്കുമുള്ള,  നന്മകൾ വറ്റിയ യാന്ത്രിക ജീവിതത്തിലേക്ക് നാമറിയാതെ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു.  അതിന്റെ ഭാഗമായി ഇന്നത്തെ ഓണസംസ്കാരവും പാടെ മാറിപ്പോയി.  ആർഭാടത്തിന്റെയും  കെട്ടുകാഴ്ചയുടെയും കൊണ്ടാടലിന്റെയുമൊക്കെ ആസുരകാലം.  സമ്പത്ത് കൊണ്ട് വിലയ്ക്ക് വാങ്ങാവുന്ന ഓണസമൃദ്ധിയുടെ നിറവ്.  എങ്ങും പുറംപൂച്ചുകളും പ്രകടനങ്ങളും മാത്രം അരങ്ങുവാഴുന്ന ഉത്സവകാലം. വന്ന വഴിയും ആദ്യം മുതലുള്ള ചവിട്ടുപടികളും  മറക്കുന്ന കാലം.  അമ്മയുടെ മുലപ്പാലും മടിത്തട്ടും ഓർമ്മയിൽ നിന്നും മായ്ച്ചു കളയാൻ ലേശം പോലും മടികാട്ടാത്ത മനുഷ്യർ സസുഖം വാഴുന്ന ഡിജിറ്റൽ യുഗം.  അച്ഛന്റെ വിയർപ്പും നെഞ്ചിലെ ചൂടും അവജ്ഞയോടെ തട്ടിയെറിയുന്ന, ലഹരിയുടെ മാസ്മരീക വലയത്തെ പുണരുന്ന യുവത്വങ്ങൾ അരങ്ങു ഭരിക്കുന്ന ഈ കെട്ട കാലത്തെ ഓണവും,  സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വില വേണ്ടപോലെ മനസ്സിലാക്കാതെ പോവുന്ന ഉത്സവകാലങ്ങളായി മാറുന്നു.
കാലഘട്ടത്തിന്റെ ഇപ്പോഴത്തെ കെടുതികളിലും ദുരന്തങ്ങളിലും കെട്ടുപോകാത്ത,  ഒളിമങ്ങാത്ത  നല്ലകാലത്തിന്റെ സ്‌മൃതികൾ ലോകമെമ്പാടുമുള്ള ഓരോ മലയാളിയുടെയും മനസ്സിൽ പുത്തനുണർവുകളും  പ്രത്യാശയുടെ വസന്തകിരണങ്ങളും നിറച്ച്  നാളെയുടെ നന്മകൾക്കായ് വഴിയൊരുക്കട്ടെ എന്ന പ്രാർത്ഥനയോടെ നമുക്കും ഈ പൊന്നോണത്തെ സ്വാഗതം ചെയ്യാം.

Comments are closed.