DCBOOKS
Malayalam News Literature Website

ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍…

 

 എം എം ലോറന്‍സിന്റെ ആത്മകഥയില്‍ നിന്നും ഒരു ഭാഗം വായിക്കാം 

വായനയും യാത്രകളും സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ സത്യസന്ധ​മായ ഇടപെടലുകളും ഓരോ വ്യക്തിയെയും മനുഷ്യസ്‌നേഹമുള്ളവനാക്കി വളർത്തുന്നു- എം.എം. ലോറൻസ്

ക്രിസ്ത്യൻ പശ്ചാത്തലവും നല്ല സാമ്പത്തികനിലയുമുള്ള കുടുംബ​ത്തിൽനിന്ന് വരുന്ന ഞാൻ എങ്ങനെ കമ്യൂണിസ്റ്റായി എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. അക്കാലത്ത് ക്രിസ്ത്യാനികൾ പൊതുവേ കമ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതി വെച്ചുപുലർത്തിയിരുന്നു. പലപ്പോഴും അന്ധമായ, കാര്യങ്ങൾ അറിയാതെയുള്ള കമ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതിയായിരുന്നു അവരുടേത്. ലോകം കണ്ട ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരിൽ ഒരാൾ ക്രിസ്തുവാണ്. മർദ്ദിതർക്കും പീഡിതർക്കും വേണ്ടി ജീവൻ നൽകിയ ക്രിസ്തുവിനെക്കാൾ നല്ലൊരു ഉദാഹരണം വേറെയില്ല.
കമ്യൂണിസത്തെക്കുറിച്ചും കമ്യൂണിസ്റ്റുകാരെക്കുറിച്ചും നിരവധി കള്ളങ്ങൾ ക്രിസ്ത്യൻ കുടും​ബങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പല ശുദ്ധാത്മാക്കളും അത് ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനിലെ വൃദ്ധരെ കമ്യൂണിസ്റ്റ് പാർട്ടി ഭരണകൂടം കൊന്നൊടുക്കും എന്ന് വിദ്യാസമ്പന്നയായ ബന്ധു പറഞ്ഞത് ഞാൻ ഞെട്ടലോടെ കേട്ടിട്ടുണ്ട്. അത്രയ്ക്ക് അന്ധമായാണ് കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിച്ചിരുന്നത്. സെന്റ് ആൽബർട്‌സ് സ്‌കൂളിൽ വിദ്യാർഥിയായിരിക്കെ ഞാൻ എറണാകുളം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (ഇ എസ് ഒ) എന്ന സംഘടനയിൽ അംഗമായിരുന്നു. ആ സംഘടന അഖില കൊച്ചി വിദ്യാർഥി ഫെഡറേഷനു മുമ്പുള്ള സംഘടനയാണ്​. അപ്പന്റെ സ്വാധീനംമൂലം രാഷ്ട്രീയത്തിൽ കുട്ടിക്കാലംമുതലേ താത്പര്യമുണ്ടായിരുന്നു.

പുതുക്കാട് നടന്ന കൊച്ചി രാജ്യത്തെ വിദ്യാർഥി ഫെഡറേഷൻ സമ്മേളനത്തിൽ ഞാനും വി. വിശ്വനാഥമേനോനും പങ്കെ​ടുത്തു. ടി.എം. അബു സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി. വിജയനെ (പോപ്പുലർ വിജയൻ; പിന്നീട് പോപ്പുലർ ഓട്ടോമൊബൈൽസിൽ ഉദ്യോഗസ്ഥനായ വിജയൻ) ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും എന്നെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. സമ്മേളനത്തിൽ വിദ്യാർഥികൾ അഭിനയിച്ച “വെളിച്ചത്തിലേക്ക്’ എന്ന നാടകം ഉണ്ടായിരുന്നു. ഒളിവിൽ കഴിയുന്ന ഒരു തൊഴിലാളി നേതാവ് അനുഭവിക്കുന്ന പൊലീസ് പീഡനം ആണ് കഥാതന്തു. തൊഴിലാളിനേതാവായി വിശ്വനാഥമേനോൻ വേഷമിട്ടു. പൊലീസായി അഭിനയിക്കേണ്ട ആൾ എത്തിയില്ല. അപ്പോൾ എല്ലാവരുംകൂടി എന്നെ പൊലീസ് ആക്കി സ്റ്റേജിൽ കയറ്റി. തൊഴിലാളിനേതാവായ വിശ്വനെ പൊലീസുകാരൻ പിടികൂടി കണ്ണ് കുത്തിപ്പൊട്ടിക്കുന്ന രംഗം ഉണ്ട്. ഞാനാണ് ആ ക്രൂരനായ പൊലീസുകാരൻ. ഭംഗിയായി അഭിനയിച്ചു. ഈ രംഗം കണ്ട് തൊഴിലാളിനേതാവിന്റെ ഭാര്യ കരയുന്നു. ചോരയൊലിക്കുന്ന കണ്ണുമായി തൊഴിലാളിനേതാവ് “ഇങ്ക്വിലാബ്​ സിന്ദാബാദ്’ വിളിക്കുന്ന രംഗത്തോടെ നാടകം അവസാനിച്ചു. നിറഞ്ഞ സദസ്സിൽ വലിയ കൈയടി ഉയർന്നു. കാണികൾക്ക് ഏറെ ഇഷ്ടപ്പെട്ട നാടകമായിരുന്നു അത്​. എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും അഭിനയവും നാടകാഭിനയവുമായിരുന്നു അത്.

മഹാരാജാസ് കോളേജിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കാമെന്ന് അന്നത്തെ കൊച്ചിരാജ്യ പ്രധാനമന്ത്രി (രാജഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്നു) പനമ്പിള്ളി ഗോവിന്ദമേനോൻ വിദ്യാർഥികൾക്ക് നൽകിയ വാഗ്ദാനം പാലിക്കാത്തതിനെത്തുടർന്ന് കൊച്ചി നിയമസഭാമന്ദിരത്തിലേക്ക് (1947) വിദ്യാർഥിമാർച്ച് നടന്നു. ഇന്നത്തെ എറണാകുളം ലോ കോളേജ് കെട്ടിടമാണ് കൊച്ചി നിയമസഭാമന്ദിരം. രാജേന്ദ്രമൈതാനിയിൽനിന്നു വന്ന ആ ജാഥ ബോട്ട് ജെട്ടിയിൽ എത്തു​േമ്പാൾ ഞാൻ വഴിയരികിൽ കണ്ടു നിൽക്കുകയാണ്. വിശ്വം (അമ്പാടി Textവിശ്വനാഥമേനോൻ) ജാഥയ്ക്ക് മുന്നിലുണ്ട്. എന്നെ കണ്ടപ്പോൾ വിശ്വം വിളിച്ച് ജാഥയിൽ കയറ്റി. ഞാൻ ഉശിരൻ മുദ്രാവാക്യം വിളിച്ചുകൊടുത്തു. ഒരു ജാഥയിലേക്ക് ഞാൻ ആദ്യമായി പ്രവേശിക്കുകയായിരുന്നു. ആ സംഭവം മരിക്കുന്നതുവരെ വിശ്വം ഓരോ കാര്യങ്ങൾക്കിടെ നാടകീയ​മായി പറയുമായിരുന്നു. “”ലോറൻസിന്റെ ആ ഇടിമുഴങ്ങുന്ന മുദ്രാവാക്യം വിളി ഇന്നും എന്റെ കാതിലുണ്ട്. തന്നെ ആദ്യമായി ജാഥയിൽ കയറ്റിയത് ഞാനാണെടോ.’’

കമ്യൂണിസത്തെക്കുറിച്ച് ഞാൻ ആദ്യം വായിച്ചത്​ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ “കാൾ മാർക്‌സിനെപ്പറ്റി’ എന്ന നാൽപ്പതോളം പേജുള്ള പുസ്തകമാണ്​. എനിക്കന്ന് പത്തോ പതിനൊന്നോ വയസ്സാണ്. ജ്യേഷ്ഠൻ എബ്രഹാമാണ് എന്നെക്കൊണ്ട് അത് വായിപ്പിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ എനിക്ക് അംഗത്വം ലഭിക്കുന്നത് 1946 ജനുവരിയിലാണ്. ജ്യേഷ്ഠൻ എബ്രഹാമും കെ.എസ്. ഇബ്രാഹിമും വി.വി. റാഫേലും ഞാനുമാണ് മുളവുകാട്ടുനിന്ന് ആദ്യമായി പാർട്ടി അംഗത്വം നേടുന്നവർ. അന്ന് പാർട്ടിയുടെ ചുമതലക്കാരൻ തൃശൂർക്കാരൻ സി.ഒ. പോളാണ്. എറണാകുളം കോമ്പാറയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച പാർട്ടി ഓഫീസിൽവച്ചാണ് അംഗത്വം തന്നത്. അന്ന് എനിക്ക് 17 വയസ്സ്. അംഗമാകാൻ 18 വയസാകണം. ഒരു വയസ്സ് കൂട്ടിപ്പറഞ്ഞു.

കമ്യൂണിസ്റ്റ് ആശയഗതി തലയിൽ കയറിയതിനാൽ കുട്ടിക്കാലംമുതലേ രാഷ്ട്രീയരംഗത്ത് സജീവമാകാൻ ആഗ്രഹിച്ചിരുന്നു. തൊഴിലാളിവർഗത്തിന് പുത്തൻ സാമൂഹികവ്യവസ്ഥ കെട്ടിപ്പടുക്കാനാവുമെന്ന് ഞാൻ വിശ്വസിച്ചു. സമ്പത്ത് സൃഷ്ടിക്കുന്നത് അധ്വാനമാണ്. അതിന്റെ സ്രഷ്ടാക്കൾ തൊഴിലാളികളാണ്. അവർ സംഘടിച്ച് പ്രബുദ്ധരായി സാമൂഹികമാറ്റത്തിന് നേതൃത്വം നൽകിയാലേ മാറ്റമുണ്ടാകൂ എന്നും വിശ്വസിച്ചു.

സായുധവിപ്ലവമെന്ന ലക്ഷ്യത്തോടെയാണ് ഞാനന്ന് തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. മുളവുകാട് തന്നെയാണ് ഇതിനു തുടക്കംകുറിച്ചത്. ഒരിക്കൽ എ.ജി. വേലായുധനും (പാലിയം രക്തസാക്ഷി) മൂന്നു നാലു കൂട്ടുകാരും ഒരു മീറ്റിങ്ങിന് ക്ഷണിക്കാൻ വീട്ടിൽ വന്നു. തുറമുഖത്തൊഴിലാളികളുടേതായിരുന്നു ആ യോഗം. യോഗങ്ങളിലൊന്നും ഞാൻ സംസാരിച്ചുതുടങ്ങിയിട്ടില്ല. അധ്യക്ഷനായി എന്നെ നിശ്ച​യിച്ചു എന്നറിഞ്ഞപ്പോൾ യോഗത്തിനു വരാമെന്നും അധ്യക്ഷനാകാനോ പ്രസംഗിക്കാനോ ഇല്ലെന്നും പറഞ്ഞ് ഒഴിഞ്ഞു.

എ.ജി. വേലായുധനെക്കുറിച്ച് പറയട്ടെ, പാലിയം സമരത്തിലെ രക്തസാക്ഷിയായിട്ടാണ് ഇപ്പോൾ സഖാവ് എ.ജി. വേലായുധനെ പുതുതലമുറ മനസ്സിലാക്കുന്നത്. സ്വാതന്ത്ര്യസമരചരിത്രത്തിൽ കൊച്ചിയിലെ ആദ്യ രക്തസാക്ഷിയായ എ.ജി. (അങ്ങനെയായിരുന്നു പ്രവർത്തകർ വിളിച്ചിരുന്നത്) വൈപ്പിൻകരയിലെ അഴീക്കൽ സ്വദേശിയാണ്. കൊച്ചിയിൽ ക്ഷേത്രപ്രവേശനപ്രക്ഷോഭം ശക്ത​മായ കാലത്ത് ഷൊർണൂർമുതൽ എറണാകുളംവരെ ക്ഷേത്രപ്രവേശന ജാഥ നടത്തിയവരിൽ (1936) തന്നോടൊപ്പം എ.ജി. വേലായുധനും ഉണ്ടായിരുന്നുവെന്ന് സി. അച്യുതമേനോൻ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. വൈപ്പിൻകരയിലെ അഴീക്ക​ലിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികുടുംബത്തിലെ അംഗമായിരുന്നു എ.ജി. കോൺഗ്രസുകാരനും വായനശാലാപ്രവർത്തകനുമായിട്ടാണ് പൊതുജീവിതത്തിന് തുടക്കം കുറിച്ചത്. എള​ങ്കുന്നപ്പുഴയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്നു. അഴീ​ക്കലിലെ സ്‌റ്റെൻസിലിങ് കമ്പനിയിൽ സ്‌റ്റെൻസിൽ തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ആ കമ്പനിയിൽ ട്രേഡ് യൂണിയൻ ഉണ്ടായത്. ഈ യൂണിയ​നാണ് കൊച്ചിരാജ്യത്തെ ആദ്യത്തെ ട്രേഡ് യൂണിയൻ. അദ്ദേഹമായിരുന്നു യൂണിയന്റെ പ്രഥമ ജോയിന്റ് സെക്രട്ടറി.

നെഹ്‌റുവിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് വൈപ്പിൻകരയിൽ പ്രതിഷേധയോഗം നടത്തിയതിന് സഖാക്കൾ എ.ജി. വേലായുധനെയും സി.ടി. സേവ്യറിനെയും ഒന്നരക്കൊല്ലത്തെ കഠിനതടവിന് ശിക്ഷിച്ച് വിയ്യൂർ ജയിലിലാക്കി. അവിടെ ചെല്ലുമ്പോൾ സി. അച്യുതമേനോനും തൃശൂരിലെ മൂന്നുനാലു സഖാക്കളും ജയിലിലുണ്ട്. ജയിൽമോചിതനായപ്പോൾ ഹാർബർ തൊഴിലാളി യൂണിയൻ സംഘടിപ്പിക്കാൻ വേലായുധൻ തുറമുഖത്ത് കൂലിപ്പണിക്കാരനായി ജോലിചെയ്തു. അക്കാലത്ത് ഹാർബറിൽ പനമ്പിള്ളി ഗോവിന്ദമേനോൻ നയിക്കുന്ന ഒറ്റയൂണി​യനേ ഉണ്ടായിരുന്നുള്ളൂ. വേലായുധന്റെയും എം.എൻ. താച്ചോയുടെയും ശ്രമഫലമായി ആ യൂണിയൻ പിടിച്ചെടുത്തു. മാറായിൽ ബാലകൃഷ്ണമേനോനെ (എം.ബി.കെ.) യൂണിയന്റെ സെക്രട്ടറിയാക്കി. രക്തസാക്ഷിയാകുന്നതുവരെ ആ യൂണിയന്റെ പ്രവർത്തക സമിതിയിൽ എ.ജി. വേലായുധൻ ഉണ്ടായിരുന്നു.

ത്യാഗത്തിന്റെയും ധീരതയുടെയും ആൾരൂപമായിരുന്നു എ.ജി. വേലായുധൻ. ചേന്ദമംഗലത്ത് പാലിയം സമരത്തിൽ പങ്കെടുത്ത് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റാണ്​ അദ്ദേഹം രക്തസാക്ഷിയാകുന്നത്. അന്ന് എ.ജിയോടൊപ്പം പൊലീസ് ജീപ്പിന്റെ ബോണറ്റിൽ കയറി നിന്ന് പ്രസംഗിച്ചവരായിരുന്നു എൻ. ശിവൻപിള്ള, എൻ.കെ. മാധവൻ, പറവൂരിലെ പ്രസിദ്ധ അഭിഭാഷകൻ ഐസക്‌ തോമസ് എന്നിവർ. പാലിയം സമരം അടിച്ചമർത്താൻ എറണാകുളത്തുനിന്ന് ഇരുനൂറോളം പൊലീസുകാർ നാലു വണ്ടികളിലായി വന്നപ്പോൾ ചേന്ദമംഗലം കവലയിൽവച്ച് വൻ ജനാവലിയുടെ സഹായത്തോടെ കമ്യൂണിസ്റ്റുകാർ തടഞ്ഞു. ഈ സമരങ്ങളിലൊക്കെ മുന്നിലുണ്ടായിരുന്ന ഉശിരനായ സഖാവാണ് പിന്നീട് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെ​ടുത്ത് രക്തസാക്ഷിയായ കെ.യു. ദാസ്. അതേപോലെതന്നെയാണ് ഇടപ്പള്ളി ആക്രമണത്തിനുശേഷം പൊലീസിന്റെ ഭീകര മർദ്ദനമേറ്റ് കൊല്ലപ്പെട്ട ജോസഫും.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ 

 

Leave A Reply