DCBOOKS
Malayalam News Literature Website

ഭൂതകാലത്തിന്റെ നന്മകളിലേക്കുള്ള യാത്ര!

ഒരു കാലഘട്ടത്തിന്റെ അനുരണനങ്ങളെ ഒപ്പിയെടുത്ത്, സ്വന്തം ജീവിതവും കാവ്യജീവിതവും അടയാളപ്പെടുത്തുകയാണ് ‘ഓര്‍മ്മയുടെ ഓളങ്ങളില്‍’ എന്ന ആത്മകഥയിലൂടെ കവി ജി ശങ്കരക്കുറുപ്പ്. ഭൂതകാലത്തിന്റെ നന്മകളിലേക്കുള്ള യാത്രയായും ഈ ക്യതിയെ വിലയിരുത്താം. ആത്മകഥാ സാഹിത്യത്തില്‍ ഒറ്റനക്ഷത്രമായി തെളിഞ്ഞുനില്‍ക്കുന്ന സാഹിത്യകൃതി.

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ആത്മകഥ ‘ഓര്‍മ്മയുടെ ഓളങ്ങളില്‍’ നിന്നും ഒരു ഭാഗം.

പ്രകൃതിമനോഹരായ ഒരു പ്രശാന്തപ്രദേശമാണ്, അന്നു തിരുവില്വാമല. തെക്കുഭാഗത്തു ചീരക്കുഴിപ്പുഴ, വടക്കുഭാഗത്തു ഭാരതപ്പുഴ; പരസ്പരം അന്വേഷിച്ചു പുറപ്പെട്ട സഖികളെപ്പോലെ ദീര്‍ഘയാത്രയ്ക്കുശേഷം കുറച്ചു പടിഞ്ഞാറോട്ടു നീങ്ങിയ ഒരു സ്ഥലത്തുവച്ച് ആഹ്ലാദത്തോടെ കണ്ടുമുട്ടി ആലിംഗനം ചെയ്യുന്നു. അങ്ങുമിങ്ങും ഞെറിഞ്ഞിട്ട പച്ചമേടുകള്‍. നിഴള്‍മുടിയഴിച്ചു ചിക്കുന്ന മേഘങ്ങള്‍. ഇളംകാറ്റൊഴുകിനടക്കുന്ന വയലുകള്‍. മനോരാജ്യത്തിലെന്നപോലെ കിടക്കുന്ന പച്ചപ്പറമ്പുകള്‍, സ്വപ്നം പുരണ്ട അന്തരീക്ഷം–എന്റെ ഹൃദയത്തില്‍ കുടിയേറിപ്പാര്‍ത്ത ഒരു നാട്ടുമ്പുറമാണത്. നാലുഭാഗവും പച്ചമലകള്‍ ചുഴന്നു ശാന്തിയും ലാവണ്യവും തുളുമ്പിനില്ക്കുന്ന ഒരു പച്ചപ്പളുങ്കുപാത്രം. വില്വാദ്രിനാഥന്റെ Textക്ഷേത്രത്തിനു പടിഞ്ഞാറ് നീണ്ട മസ്തകം ഉയര്‍ത്തിനില്ക്കുന്ന മലന്തണ്ടിന്റെ മുകളില്‍, പാറമേല്‍ ഇരുന്ന് എത്ര സായന്തനസൗഭാഗ്യമാണു ഞാന്‍ നുകര്‍ന്നിട്ടുള്ളത്! ജ്ഞാനപീഠസമ്മാനം ലഭിച്ചതിനുശേഷം മടക്കയാത്രയില്‍ ഞാന്‍ പാലക്കാട്ട് ഒരാഴ്ച താമസിച്ചു, മകളായ രാധയോടുകൂടി. അവിടെ ലഭിച്ച അനേകം സ്വീകരണങ്ങളേക്കാള്‍ എന്നെ അധികം ആഹ്ലാദിപ്പിച്ചത് തിരുവില്വാമലയ്ക്കുള്ള യാത്രയും ആ പ്രദേശത്തിന്റെ പുനര്‍ദര്‍ശനവുമാണ്. കൂട്ടത്തില്‍ സസന്തോഷം പോന്നിരുന്ന പ്രൊഫസര്‍ ഗുപ്തന്‍നായര്‍, ക്ഷേത്രപരിസരത്തിലൂടെ ആ ശിലോച്ചയത്തിലേക്കു കേറുവാന്‍ വെമ്പുന്ന എന്നോടു പറഞ്ഞു: ”ഈ പ്രകൃതി കവിതയുടെ കളിത്തൊട്ടിലാണ്! ശരിയാണ്, ആ രമണീയവും വിജനപ്രായവുമായ പാറക്കെട്ടിലിരിക്കുമ്പോള്‍, ഒരു നിര്‍വൃതി ചക്രവാളം തുറക്കുംപോലെ തോന്നും.”

അമ്പലത്തില്‍നിന്ന് ഒന്നൊന്നര നാഴിക തെക്കോട്ടു മാറിയാണ് എന്റെ ജോലിസ്ഥലമായ സരസ്വതീക്ഷേത്രം. ആ വിദ്യാലയത്തില്‍ അന്നു സംസ്‌കൃതപണ്ഡിതരായിരുന്നു, അയ്‌ലൂര്‍ കേശവന്‍നായര്‍. ബുദ്ധിയുടെ വെട്ടംകൊണ്ടു തിളങ്ങുന്ന ആ കണ്ണുകളും സ്‌നേഹം സ്ഫുരിക്കുന്ന ആ പുഞ്ചിരിയും മുമ്പില്‍ വരുന്നു. സ്‌കൂള്‍ഫൈനലില്‍ പ്രശസ്തമായി വിജയം നേടിയതിനുശേഷമാണ് കേശവന്‍നായര്‍ സംസ്‌കൃതപണ്ഡിതപരീക്ഷ പാസ്സായത്. വായിക്കുന്ന ശീലം അപ്പോഴും പോയിക്കഴിഞ്ഞിരുന്നില്ല. അദ്ദേഹം സ്‌നേഹസമ്പന്നനായ ഒരു ജ്യേഷ്ഠഭ്രാതാവായിത്തീര്‍ന്നു, എനിക്ക്. സ്‌കൂളിനു തൊട്ടടുത്ത്, കൂട്ടാല നാരായണന്‍നായര്‍ എന്ന ധനികന്‍ ഹോസ്റ്റലാക്കാന്‍ പണിയിച്ചിട്ടിരുന്ന വലിയ കെട്ടിടത്തിന്റെ തെക്കേ അറ്റത്തെ ചെറിയ മുറിയിലാണ്, അദ്ദേഹവും ഞാനും താമസിച്ചിരുന്നത്. ഒരു രൂപ വാടയ്ക്ക് അങ്ങനെ ഒരു പാര്‍പ്പിടം കിട്ടിയതു വലിയ സൗകര്യമായി. അടുത്ത് ഒന്നോ രണ്ടോ വലിയ മുറികളില്‍ ഹൈസ്‌കൂള്‍ ക്ലാസ്സുകളിലെ എട്ടു പത്തു വിദ്യാര്‍ത്ഥികളുണ്ടായിരുന്നു, താമസക്കാരായിട്ട്. ഞങ്ങള്‍ അങ്ങനെ ഒരു കുടുംബമായി.

ഈ അടുപ്പം ക്ലാസ്സില്‍ ആ കുട്ടികള്‍ ദുരുപയോഗപ്പെടുത്തിയിരുന്നില്ല. ലോഡ്ജില്‍വച്ച് അവരില്‍ ചിലര്‍ ‘പണ്ഡിറ്റ് കുട്ടി’ എന്ന് സ്‌നേഹത്തോടെ പറയും, ക്ലാസ്സില്‍ വലിയ മാസ്റ്ററായി ഗണിക്കയും ചെയ്യും. എനിക്കു മുമ്പ് അവിടെ മലയാളപണ്ഡിതരായിരുന്ന കുട്ടിക്കൃഷ്ണമേനോന്‍ നരച്ചു പെന്‍ഷന്‍ പറ്റാറായ ഒരാളായിരുന്നു. കുറ്റിപ്പുറത്തു കേശവന്‍നായരെ എറണാകുളം മഹാരാജകീയ കലാലയത്തിലേക്കു സ്ഥലം മാറ്റിയപ്പോള്‍ വന്ന ഒഴിവിലേക്ക് ശ്രീ മേനോനെ മാറ്റി. അതിനു പകരമാണ്, ഇരുപതു കടക്കുകമാത്രം ചെയ്തിരുന്ന ഞാന്‍ ചെന്നത്. ആ അന്തരീക്ഷം പുതിയ വെളിച്ചവും ചൈതന്യവും ചലനവും ആശയവും തന്നു. ആഹ്ലാദാവഹമായിരുന്നു അവിടത്തെ അദ്ധ്യാപകജീവിതം. പബ്ലിക് എക്‌സാമിനേഷന്‍ ഇല്ലാത്ത ക്ലാസ്സുകളിലേക്ക് അംഗീകൃതമായ ഒരു ലിസ്റ്റില്‍നിന്ന് ഉപപാഠപുസ്തകങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നു, അന്ന്. സാഹിത്യ സൗഭാഗ്യമുള്ള കൃതികളാണ് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. കുട്ടികള്‍ക്കും എനിക്കും മാനസോല്ലാസത്തിന് അതു സഹായമായി. വ്യാഴവട്ടസ്മരണകള്‍, പുത്തേഴന്റെ ടാഗോര്‍കഥകള്‍, കേശവീയം, ഉമാകേരളം മുതലായവ പഠിക്കാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുല്ലാസമായിരുന്നു! അവരുടെ സ്‌നേഹവും ആദരവുംകൊണ്ട് ക്ലാസ്സില്‍ ഡിസിപ്ലിന്‍ ഒരു വിഷമപ്രശ്‌നമായില്ല.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.