DCBOOKS
Malayalam News Literature Website

ഓര്‍മ്മയിലെ തീനാളങ്ങള്‍; അവകാശപ്പോരാട്ടങ്ങളുടെ പൊള്ളുന്ന ചരിത്രം

ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുടങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് കേരളത്തിലെ വനിതാ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്. യു.ഡി.എഫ്. ഭരണകാലത്ത് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേരള വനിതാ കമ്മീഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അന്ന് അതിന്റെ ചെയര്‍പേഴ്‌സണായി പ്രഖ്യാപിച്ചത് സുഗതകുമാരി ടീച്ചറെയായിരുന്നു. ഈ വനിതാ കമ്മീഷന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. സുഗതകുമാരി ടീച്ചറെ കൂടാതെ നാല് അംഗങ്ങളെക്കൂടി നിയമിച്ചത് തൊട്ടുപുറകെ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാറാണ്. രണ്ട് എല്‍.ഡി.എഫ്. നോമിനികളും രണ്ടു യു.ഡി.എഫ് നോമിനികളുമാണ് പിന്നീട് അംഗങ്ങളായത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്സിന്റെ തുടക്കം മുതല്‍തന്നെ അന്വേഷി കമ്മീഷനുമായി ബന്ധപ്പെടുകയും അതുവരെ നടന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഞങ്ങളുടെ സഹായത്തോടെ റജീന വനിതാ കമ്മീഷനില്‍ മൊഴി നല്‍കാന്‍ ചെന്നിരുന്നു. ജനുവരിയില്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്കിയ മൊഴിതന്നെയാണ് റജീന കമ്മീഷനിലും കൊടുത്തത്. അവള്‍ നല്കിയ മൊഴിയും തെളിവുകളുടെ കൂട്ടത്തിലുണ്ട്. ഈ മൊഴിയുടെ അടിസ്ഥാ നത്തില്‍ കമ്മീഷന്‍ റവൂഫ്, ലീഗ് ഓഫീസിലെ ഹംസ തുടങ്ങിയ വ്യക്തികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആ മൊഴിയെടുപ്പില്‍ അവര്‍ സഹകരിച്ചില്ല. അതുവരെ കിട്ടിയ തെളിവുകള്‍ വെച്ച് വനിതാ കമ്മീഷന്‍ സര്‍ക്കാരിനോട് കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിച്ചാലേ നീതിപൂര്‍വ്വകമാവുകയുള്ളൂ എന്ന് അഭിപ്രായപ്പെട്ടു. സി.ബി.ഐ. അന്വേഷണം ശുപാര്‍ശ ചെയ്യുന്ന പ്രമേയം കമ്മീഷനില്‍ വോട്ടിനിട്ടപ്പോള്‍ രണ്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ അനുകൂലമായും മറ്റു രണ്ടു പേര്‍ എതിരായും വോട്ടു ചെയ്തു. ചെയര്‍പേഴ്‌സണ്‍ അനുകൂലമായി വോട്ടു ചെയ്തതുകൊണ്ടു മാത്രമാണ് ആ പ്രമേയം അംഗീകരിക്കപ്പെട്ടത്. സുഗതകുമാരി ടീച്ചര്‍ നേരിട്ട് മുഖ്യമന്ത്രി നായനാരെ കണ്ട് പ്രമേയം ഏല്‍പ്പിച്ചു. എത്രയും വേഗം ഈ നിര്‍ദ്ദേശത്തിന്മേല്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് അനുവാദം വാങ്ങിയിട്ട് വേണമായിരുന്നു തുടര്‍നടപടികള്‍ ചെയ്യാന്‍. പക്ഷേ, ഒരിക്കല്‍പോലും ഈ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടില്ല. ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട അസംഖ്യം ശുപാര്‍ശകളോടൊപ്പം ഇതും അപ്രത്യക്ഷമായി.

ഓര്‍മ്മയിലെ തീനാളങ്ങള്‍ എന്ന ആത്മകഥയ്ക്ക് ആമുഖമായി അജിത എഴുതുന്നു

എന്റെ ഫെമിനിസ്റ്റ് കാലഘട്ടം ഇനിയും തീര്‍ന്നു എന്നെനിക്കു തോന്നുന്നില്ല. എന്റെ മരണംവരെ ഒരുപക്ഷേ, അത് തുടര്‍ന്നേക്കാം. പക്ഷേ, സ്ത്രീവിമോചനപ്രസ്ഥാനത്തില്‍ ഞാന്‍ സജീവാംഗമാവുകയും അതിന്റെ പ്രധാന സംഘാടകരിലൊരാളായി മാറുകയും ചെയ്തപ്പോള്‍ അത് രേഖപ്പെടുത്തണമെന്നും അതിലെ അനുഭവങ്ങള്‍ സമൂഹത്തിന് സമര്‍പ്പിക്കണമെന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. സമകാലിക മലയാളം വാരികയില്‍ അത് പ്രസിദ്ധീകരിക്കാനിടവരികയും പിന്നീട് ഡി സി ബുക്‌സ് തന്നെ അതു പുസ്തകമാക്കാന്‍ തയ്യാറാവുകയും ചെയ്തിരിക്കുന്നു.

സംഭവബഹുലമായ എന്റെ ഫെമിനിസ്റ്റ് കാലഘട്ടം ചരിത്രമാക്കപ്പെടണമെന്നും രേഖപ്പെടുത്തണമെന്നും എന്നോടു നിര്‍ബന്ധിച്ചത് എന്റെ മകള്‍ ഗാര്‍ഗിതന്നെയാണ്. പുതിയ തലമുറയ്ക്ക് നിങ്ങളുടെ നക്‌സലൈറ്റ് ചരിത്രം മാത്രമേ അറിയൂ. ഫെമിനിസ്റ്റ് ചരിത്രം അറിയില്ല. മാത്രമല്ല, നിങ്ങളാ പഴയ പാതയില്‍തന്നെ ഉറച്ചു നില്‍ക്കുകയല്ല, ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുകയാണ് എന്നുകൂടി അവരറിയണമെന്ന് അവള്‍ പറഞ്ഞു. ആ അഭിപ്രായം ശരിയാണെന്ന് എനിക്കും തോന്നി. കാരണം, ഞാന്‍ സജീവമായി സംഘടിപ്പിക്കുകയും കേരളം മുഴുവന്‍ ഓടി നടക്കുകയും ചെയ്ത ആ കാലത്തിനൊരു വിരാമം ഇതിനിടയ്ക്ക് വന്നിരുന്നു. രണ്ട് വാഹനാപകടങ്ങള്‍ എന്റെ ശരീരത്തെ തളര്‍ത്തിയിരുന്നു. ഇപ്പോഴും മാനസികമായി സജീവമാണെന്നുതന്നെയാണ് എനിക്കു പറയാനുള്ളത്. പക്ഷേ, മുമ്പത്തെപ്പോലെ യാത്രകള്‍ എനിക്ക് പറ്റുന്നില്ല. അതുകൊണ്ടുതന്നെ എന്റെ കാലശേഷം വരുന്ന തലമുറയ്ക്ക് ഒരു ചരിത്രകാലഘട്ടത്തെ മാറ്റിമറിക്കാന്‍ ഞാന്‍ വഹിച്ച പങ്കിനെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണെന്നു തോന്നി.

 

Comments are closed.