ചാവാത്ത പെണ്ണോര്‍മ്മകളുടെ ‘ഓര്‍മ്മച്ചാവ്’
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ എന്ന നോവലിന് ഹരിത മാനവ് എഴുതിയ വായനാനുഭവം
ചരിത്രം എപ്പോഴും പുരുഷന്മാരുടെ മാത്രമാവുന്നതാണ് പതിവ്. ചരിത്രത്തിലെ സ്ത്രീയെ അന്വേഷിക്കാന്‍ പലപ്പോഴും എഴുത്തുകാരന്മാര്‍ മുതിരാറില്ല എന്നു തോന്നാറുണ്ട്. എന്നാല്‍ ഭഗവതിയില്‍ തുടങ്ങി അള്‍ത്താരയില്‍ എത്തി നില്‍ക്കുന്ന ഓര്‍മ്മച്ചാവില്‍ നിറഞ്ഞു നില്‍ക്കുന്നത് സ്ത്രീകളാണ്. മണിയനിലൂടെ കഥ സഞ്ചരിക്കുമ്പോള്‍ വഴികളില്‍ നിറയെ പെണ്ണുങ്ങളാണ്. ഇന്നമ്മ, ബിയാത്തുമ്മ, വത്സല, റഹ്മത്ത്, അള്‍ത്താര, വല്ലി, നീലി അങ്ങനെ നീളുന്നു പേരുകള്‍. തന്റേടികളായാ, വിപ്ലവകാരികളായ, നിഷ്‌കളങ്കരായ, സ്വാര്‍ത്ഥരായ, മിടുക്കികളായ സ്ത്രീകള്‍. എല്ലാ വീടുകളും കാവുകളാണെന്നും എല്ലാ വീട്ടിലും ഭഗവതിയുണ്ടെന്നും തുടക്കത്തില്‍ ഭംഗിവാക്കു പറയുന്നതല്ല, എഴുത്തുകാരന്‍ അത്ര സൂക്ഷ്മമായി ഭഗവതികളെ നോവലിലുടനീളം കാണിച്ചു തരുന്നുണ്ട്.
പൊതുവില്‍ സാഹിത്യത്തിലെ കേന്ദ്ര കഥാപാത്രമാവുന്ന പുരുഷന്റെ രതി (അത് ഒരര്‍ത്ഥത്തില്‍ റേപ്പ് തന്നെയായിരിക്കും) വളരെ കാല്‍പ്പനികവല്‍ക്കരിച്ചാണ് പകര്‍ത്തപ്പെടാറുള്ളത്. എന്നാല്‍ ഇവിടെ മണിയന്‍ റേപ്പിസ്റ്റാണ് (ഒട്ടുമിക്ക പുരുഷന്മാരും). അള്‍ത്താര എന്ന കഥാപാത്രത്തെ എത്ര സൂക്ഷ്മമായാണ് വാര്‍ത്തെടുത്തിരിക്കുന്നത് എന്ന് ഈ സന്ദര്‍ഭത്തില്‍ വായിച്ചെടുക്കാനാവും. കെട്ടുകഥകളും ചരിത്രവും വേര്‍തിരിച്ചെടുത്ത് വായനക്കാര്‍ക്കു വഴികാണിക്കാനുള്ള കേവല കഥാപാത്രമല്ല അള്‍ത്താര. കെട്ടകുകഥയിലായാലും ചരിത്രത്തിലായാലും സ്ത്രീകള്‍ നേരിട്ട കടുത്ത വിവേചനങ്ങളെ തുറന്നു കാട്ടാന്‍, വായനയുടെ ഒഴുക്കില്‍ ഒരു പക്ഷെ ചിലരെങ്കിലും തിരിച്ചറിയാതെ പോകുന്ന നീതി നിഷേധങ്ങളേയും സ്ത്രീ വിരുദ്ധതയേയും തുറന്നു കാട്ടാന്‍ എഴുത്തുകാരന്‍ അള്‍ത്താരയെ വിദഗ്ദ്ധമായി ഉപയോഗിക്കുന്നു. പറഞ്ഞു കേട്ട, അന്വേഷിച്ചറിഞ്ഞ കഥകള്‍ അത്രമേല്‍ സ്ത്രീവിരുദ്ധമാകുമ്പോള്‍ കേവലമൊരു കാല്‍പനിക കഥയ്ക്കപ്പുറം അത് സ്ത്രീവിരുദ്ധമാണെന്നു വായനക്കാരെ അറിയിച്ചുകൊണ്ടുള്ള മുന്നോട്ടു പോക്ക് സാഹിത്യത്തില്‍ അധികം കണ്ടിട്ടില്ലാത്തതാണ്. എന്നാല്‍ അത് എഴുത്തുകാരന്റെ ഉത്തരവാദിത്തമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള എഴുത്താണ് ഓര്‍മ്മച്ചാവ്.
ഭാഷയുടെ ഭംഗി തന്നെ പിന്നേയും നോവല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് തോന്നി. ഭംഗിയുള്ള വാക്കുകള്‍ക്ക് കൂടുതല്‍ ചന്തത്തിന് പാലക്കാടന്‍ നാട്ടിന്‍പുറങ്ങളില്‍ കേട്ടു പഴകിയ ചില വാക്കുകളും ഉണ്ട്. ചെത്തം, നെലോളി, മുനിഞ്ഞു, പാര്‍ന്നു എന്നു തുടങ്ങി ചെറുപ്പത്തില്‍ കേട്ടിട്ടുള്ള മുതിരുന്തോറും കൈവിട്ടു കളഞ്ഞ നാടന്‍ ഭാഷകള്‍….
ബിജു ഗോവിന്ദന്റെ കവര്‍ ഡിസൈനിങ്ങിനെക്കുറിച്ച് പറയാതെ ഓര്‍മ്മച്ചാവിനെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാനാവുമെന്നു തോന്നുന്നില്ല. കഥയേട് അത്രമേല്‍ ചേര്‍ന്നു നില്‍ക്കുന്ന, കഥയെ മറ്റൊരര്‍ത്ഥത്തില്‍ കാണിച്ചു തരാന്‍ കവറിന് സാധിക്കുന്നുണ്ട് എന്നുള്ളതാണ്.
ഓർമ്മകൾ തന്നെയാണ് ഒരാളുടെ ജീവിതം. വേട്ടയാടുന്നതും കുത്തിനോവിക്കുന്നതും കരയിക്കുന്നതും അതുതന്നെ. നേട്ടവും നഷ്ടവുമതെ. ആനന്ദവും ദുഃഖവും. തടവറയും സ്വാതന്ത്ര്യവും. കയറ്റവും ഇറക്കവും. തായ് വേരും ശിഖരങ്ങളും. ഇരുട്ടും വെളിച്ചവും. മണ്ണും ജലവും. ചതുപ്പും പശിമയും. ചാവും ചരിത്രവും. കലയും കാലവും. എല്ലാം. എല്ലാം. ഓർമകൾ മാത്രം. ഓർമയല്ലേ ശരിക്കും ആത്മാവ് ? മരിക്കുമ്പോൾ ശരീരം വിടുന്നത് ?
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.