പുതിയ നോവലുകള്‍ ദേശത്തെ വായിക്കുന്ന വിധം
മലയാള നോവല്‍ സാഹിത്യം ഒരു വലിയ പരിണാമഘട്ടത്തിലൂടെ കടന്നുപോകുന്ന
കാലമാണിത്. അത് അങ്ങനെ ആവാതെ തരമില്ല. സാഹിത്യം സമൂഹത്തെ ഉപജീവിച്ചു
കഴിയുന്ന ഒരു കല ആയതുകൊണ്ട്, സമൂഹം നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതുകൊണ്ട്, ആ പുഴയ്ക്കൊപ്പം ഒഴുകുകയല്ലാതെ എവിടെയെങ്കിലും ഒരിടത്ത് കെട്ടിക്കിടക്കാന്‍ സാഹിത്യത്തിനും വഴിയൊന്നുമില്ല. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ അനുനിമിഷം പുതുക്കപ്പെടാതെ നില്‍ക്കാന്‍ സാഹിത്യത്തിനും ആവില്ല. അങ്ങനെ പുതുക്കപ്പെടുകയും ഏറ്റവും പുതിയ മാപിനികള്‍ ഉപയോഗിച്ച് സമൂഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ് മലയാള സാഹിത്യത്തിലെ ഏറ്റവും ചാലകശക്തിയുള്ള വിഭാഗമായി നോവലിനെ എക്കാലത്തും നിലനിറുത്തുന്ന പ്രധാന ഘടകം. കഴിഞ്ഞ കാലങ്ങളില്‍ ഒക്കെ ഏതാണ്ട് ഒരേ രൂപത്തില്‍ ഒരു മഹാനദിയായി ഒഴുകിക്കൊണ്ടിരുന്ന നോവല്‍ സാഹിത്യം ഇന്ന് പലതായി പിരിഞ്ഞ് കരുത്തുള്ള കൈവഴികളായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്നതാണ് പുതിയ കാലത്തിന്റെ പ്രത്യേകത. എല്ലാത്തിനും അതിന്റേതായ പ്രത്യേകതകളും സാധ്യതകളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കൈവഴികളില്‍ ഒന്നാണ് പ്രാദേശിക ചരിത്രങ്ങളുടെ പുനരാഖ്യാനങ്ങള്‍. അടുത്തിടെ പുറത്തിറങ്ങിയതും ശ്രദ്ധേയമായതുമായ നോവലുകള്‍ ചിലത് പരിശോധിച്ചാല്‍
ഇക്കാര്യം ബോധ്യമാകും. അതാവട്ടെ വെറുതെ പ്രാദേശികചരിത്രം പറഞ്ഞുപോവുക മാത്രമല്ല ചെയ്യുന്നത്. അതിനപ്പുറത്ത് പ്രാദേശികമായ ജീവിതങ്ങള്‍ പറയുന്നതിലൂടെ സര്‍വ്വലൗകികമായ ചില വിഷയങ്ങളെ നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുകയാണ് ചെയ്യുന്നത്. അങ്ങനെ
പ്രാദേശിക ജീവിതം സാര്‍വ്വലൗകികമാക്കിത്തീര്‍ക്കുന്ന സാഹിത്യസാഹചര്യത്തെ ‘കോസ്റ്റും ബ്രിസ്‌മോ’ എന്നായിരുന്നു ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് വിശേഷിപ്പിച്ചത്. ലോക സാഹിത്യത്തിലെ മഹത്തായ നോവലുകള്‍ പലതും നമുക്ക് ഈ ശ്രേണിയില്‍ വായിച്ചെടുക്കാന്‍ കഴിയും. അവയെല്ലാം പലവിധത്തില്‍ സാര്‍വ്വലൗകികത സമ്മാനിക്കുന്നവയുമാണ്. അതുകൊണ്ടാണ് ലാറ്റിനമേരിക്കന്‍ നോവലുകള്‍ വായിക്കുമ്പോള്‍ നാം നമ്മുടെ ഗ്രാമത്തിന്റെ കഥപോലെ അത് ആസ്വദിക്കുന്നത്. എഴുതിയത് ആഫ്രിക്കന്‍
ജീവിതങ്ങളെക്കുറിച്ചാണെങ്കിലും അബ്ദുള്‍ റസാഖ് ഗുര്‍ണയുടെ നോവലുകള്‍ വായിക്കുമ്പോള്‍ നമുക്ക് കോഴിക്കോടന്‍ മാപ്പിളമാരുടെ ജീവിതം മണക്കുന്നത്. അറബ് ദേശത്തിന്റെ കഥയെഴുതിയ ജോഖ അല്‍ഹാരിസിയുടെ നോവലില്‍ നമുക്ക് പഴയകേരളീയ പെണ്‍ജീവിതം മണക്കുന്നത്.
നോവല്‍ സാഹിത്യചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ ‘കോസ്റ്റും ബ്രിസ്‌മോ’ നിലനിന്നിരുന്നു എങ്കിലും അതിന്റെ അനവധിയായ സാധ്യതകള്‍ പരീക്ഷിക്കുന്നു എന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. പുതിയ കാലത്ത് ഉണ്ടായി വന്നിട്ടുള്ള അനവധിയായ ബദല്‍ വായനകളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഇന്ന് പ്രാദേശിക ചരിത്രങ്ങളുടെ പുനരാഖ്യാനങ്ങള്‍ ഉണ്ടാവുന്നത്. സമൂഹത്തില്‍ ബദല്‍ വായനകള്‍ക്ക് കളമൊരുങ്ങുന്നത് എങ്ങനെയെന്ന് നാം പരിശോധിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. പുതിയ ചിന്തകള്‍, ദര്‍ശനങ്ങള്‍, കാഴ്ചപ്പാടുകള്‍, കണ്ടെത്തലുകള്‍ എന്നിവ ഉണ്ടാവുമ്പോള്‍ അതിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വതിനെയും പുനര്‍വായനയ്ക്ക് വിധേയമാക്കാനുള്ള അനന്തസാധ്യതയാണ് ഉണ്ടായിവരുന്നത്. അത് പഴയ ചില ബോധ്യങ്ങളെ റദ്ദുചെയ്തു കളയുകയും അന്നോളം തുറന്നിട്ടില്ലാത്ത ചില പുതിയ കവാടങ്ങള്‍ നമുക്കായി തുറന്നുതരുകയും ചെയ്യുന്നു. ഈഡിപ്പസ് കോംപ്ലക്‌സിനെക്കുറിച്ച് ഡലൂസ് പറയുന്നത് ‘ഫ്രോയ്ഡ് അതുണ്ട് എന്ന് പറഞ്ഞ നിമിഷം മുതല്‍ അത് നിലവില്‍ വന്നുകഴിഞ്ഞു, പിന്നീടുള്ള ഒരു വായനയിലും നമുക്കതിനെ തിരസ്‌കരിച്ച് മുന്നോട്ട് പോകാനാവില്ല’ എന്നാണ്. അങ്ങനെ ഉണ്ടാവുന്ന ഏത് പുതിയ ദര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ നമുക്ക് കാലം, ചരിത്രം, വ്യക്തി, സമൂഹം, മതം, ദൈവം, മിത്ത്, രാഷ്ട്രീയം, ഇതിഹാസങ്ങള്‍ എന്നിവയെയെല്ലാം ബദല്‍ വായനകള്‍ക്ക് വിധേയമാക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞ് വരികയാണ് ചെയ്യുന്നത്. ശ്രീനാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു എന്ന് പറഞ്ഞ കാലത്ത് അതൊരു പുരോഗമനപരമായ കാഴ്ചപ്പാട് ആയിരുന്നുവെങ്കിലും മാടന്‍, മറുത തുടങ്ങിയ അനേകം പ്രാദേശികദൈവങ്ങളെ റദ്ദു ചെയ്തതിലൂടെ സാംസ്‌കാരിക വൈവിധ്യം ഇല്ലാതാക്കുകയാണ് അതിലൂടെ സംഭവിച്ചത് എന്ന വാദം ഉയര്‍ന്നുവരുന്നത് പുതിയ ദലിത് വായനകളുടെ പശ്ചാത്തലത്തിലാണ്. അല്ലെങ്കില്‍ മലയാള ഭാഷയില്‍ ദീര്‍ഘകാലമായി ഉപയോഗിച്ചുകൊണ്ടിരുന്ന തെറി വാക്കുകളില്‍ അധികവും ഒന്നാന്തരം കീഴാള, സ്ത്രീ,ദലിത്, കര്‍ഷക അധിക്ഷേപങ്ങള്‍ ആയിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുന്നത് ഭാഷയിന്മേലുള്ള രൂക്ഷമായ ബദല്‍ വായനയിലൂടെയാണ്.
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.