DCBOOKS
Malayalam News Literature Website

ചാവില്ലാത്ത ഓർമ്മകൾ…

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’  എന്ന നോവലിന് അനു വി.എസ് എഴുതിയ വായനാനുഭവം

നാലീരങ്കാവ് എന്ന ദേശവും ആ ദേശത്തിലെ ജനതയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളെയും അഭിസംബോധന ചെയ്യുന്ന ശിവപ്രസാദ്.പി യുടെ നോവലാണ് ‘ഓർമ്മച്ചാവ്’. വിവാഹത്തിലൂടെ ഭഗവതിയെ കീഴ്പ്പെടുത്താനായി പുഴ കടന്നെത്തിയ നാലീരന്റെ പുരാവൃത്തത്തിലൂടെ അറിയപ്പെടുന്ന നാലീരങ്കാവ് എന്ന ദേശമാണ് നോവലിൻ്റെ പശ്ചാത്തലം. മാനസികാരോഗ്യ ക്ലിനിക്കിലെ രോഗിയായ മണിയന്റെ രോഗകാരണം കണ്ടെത്താനായി ഡോക്ടർ മുഖർജി അൾത്താരയെ ചുമതലപ്പെടുത്തുന്നതോടെ മണിയന്റെ ഓർമ്മകൾ നാലീരങ്കാവിന്‍റെ ഭൂതകാലമായി മാറുന്നു.രോഗിയുടെ സ്മൃതികളിൽ കടന്നുവരുന്ന സ്മരണകൾ ഓരോന്നും അൾത്താര ചുരുളഴിക്കാൻ ശ്രമിക്കുന്തോറും നിഗൂഢമായിത്തീരുന്നു.ഫ്രോയിഡിന്റെ മനഃശാസ്ത്ര സിദ്ധാന്തമനുസരിച്ച് മനസ്സിന് മൂന്നു തലങ്ങളാണുള്ളത്. ഇവ ഓരോന്നും മണിയന്റെ ഭൂത-വർത്തമാനകാലത്തിൽ ഏറ്റക്കുറച്ചിലോടെ പ്രവർത്തിക്കുന്നതായി കാണാം.ചെയ്തുപോയ കർമ്മങ്ങളുടെ സ്മൃതി ഖനിയിൽ ജീവിക്കുന്ന മണിയൻ മനസ്സിൻ്റെ അബോധതലത്തിനനുസരിച്ചാണ് സഞ്ചരിക്കുന്നത്.അതിനാൽ അദ്ദേഹത്തെ കാലം സ്പർശിക്കുന്നില്ല. സവർണ്ണൻ എന്ന അഹന്തയിൽ നിന്നുകൊണ്ട് Textലൈംഗികാസക്തിയോടെ സ്ത്രീകളെ കീഴ്പ്പെടുത്തുമ്പോഴും അവരിൽ തൻ്റെ അമ്മയെ കണ്ടെത്താനാണ് മണിയൻ ശ്രമിക്കുന്നത്.

എഴുത്തുകാരൻ പറയുന്നപോലെ നാലീരങ്കാവിലെ ‘ഓരോ വീടും ഓരോ കാവുകളാണ്. ഭഗവതികൾ എമ്പാടുമുണ്ട്’. അൾത്താര, ബിയാത്തു, റഹ്മത്ത്, വത്സല, വല്ലി, നീലി, അമ്മുക്കുട്ടി എന്നിങ്ങനെ നോവലിൽ പ്രത്യക്ഷപ്പെടുന്ന നിരവധി സ്ത്രീ കഥാപാത്രങ്ങൾ സമൂഹം രൂപപ്പെടുത്തിയിട്ടുള്ള വ്യത്യസ്തമായ സ്വത്വ പരിസരങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.അത് രൂപപ്പെടാൻ ഇടയായ സാമൂഹിക സാഹചര്യങ്ങളെ പ്രതിനിധാനപരമായി ഗ്രന്ഥകാരൻ ആവിഷ്കരിച്ചിരിക്കുന്നു.പരമ്പരാഗതരീതി പിന്തുടർന്ന് ജീവിക്കുന്ന ഒരു കൂട്ടം പെൺ ജീവിതങ്ങളുടെ ദുരന്തകഥകളാണ് നാലീരങ്കാവ് നിറയെ.വല്ലി,അൾത്താര എന്നീ കഥാപാത്രങ്ങൾ പുരുഷൻ്റെ ഇച്ഛകളെ പ്രതിരോധിച്ചുകൊണ്ട് മുന്നോട്ടു പോകാൻ തയ്യാറാകുന്നതോടെ പലതരം വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടതായി വരുന്നു.

ലൈംഗികത മനുഷ്യൻ്റെ ജന്മവാസനയാണ്. സമ്മർദ്ദം അനുഭവിക്കുന്ന മനുഷ്യ മനസ്സിന് സ്വതന്ത്രമാകാനുള്ള മാധ്യമമെന്ന നിലയിൽ തെറിയുടെ അർത്ഥത്തിന് പിന്നിലുള്ള കാരണങ്ങളിൽ ഒന്നായി ലൈംഗികത നോവലിൽ പ്രത്യക്ഷപ്പെടുന്നു. അൾത്താരയുടെ സ്വപ്നങ്ങൾ അവളുടെ ഉള്ളിലെ ദമനം ചെയ്യപ്പെട്ട വികാരങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. നാട്ടറിവുകൾ എപ്രകാരമാണ് അടിച്ചമർത്തപ്പെടുന്ന കീഴാള ജീവിതത്തിൻ്റെ പ്രതിരോധമായി മാറുന്നതെന്ന് കുട്ടിരാമനിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. ‘ഓർമ്മചാവ്’  ഒരു കൂട്ടം ഓർമ്മകളുടെ കഥ മാത്രമല്ല, ചില ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്. തീണ്ടാരിയാകുന്നതിലൂടെ പെണ്ണ് ബലഹീനയാവുകയല്ല മറിച്ച് സ്ത്രീയുടെ ശക്തിയെയാണ് അത് സൂചിപ്പിക്കുന്നതെന്ന് ഉറപ്പിച്ചു പറയാനായി ഗ്രന്ഥകാരന് സാധിച്ചിരിക്കുന്നു. കപ്ലങ്ങാണി മമ്മുഹാജി, കുഞ്ഞാപ്പ, ഭാസ്കരൻ നായർ, കോവിലില്ലാത്ത ദേവനായി ആരാധിക്കപ്പെടുന്ന അധികാരവീട്ടിൽ ശക്തൻ മൂപ്പിൽ,ബന്ധുക്കൾ ഉണ്ടായിട്ടും അനാഥരായിത്തീർന്ന രാമനും മൈമിയും, രതിയും വിരക്തിയും തമ്മിലുള്ള സംഘർഷമനുഭവിക്കുന്ന കുട്ടൻ എന്നിവരും കൂടിച്ചേരുന്ന ഭൂമിയാണ് നോവലിന്റേത്.

വായന ആരംഭിക്കുന്നതിനു മുന്നോടിയായി ശീർഷകവും കവർപേജും തമ്മിലുള്ള ബന്ധമെന്തായിരിക്കും എന്ന ആലോചന മുളപൊട്ടിയിരുന്നു. ഉള്ളടക്കത്തെ ഔചിത്യത്തോടുകൂടി ആവിഷ്കരിക്കാനായി ഇവയ്ക്ക് സാധിച്ചിരിക്കുന്നതിലൂടെ അതിനുള്ള ഉത്തരവും ലഭിച്ചപ്പോൾ കൃതാർത്ഥയായി.ഓരോ അധ്യായത്തിനും നൽകിയിരിക്കുന്ന തലക്കെട്ടുകൾ,കഥാപാത്രത്തിന് സ്വീകരിച്ചിരിക്കുന്ന പേരുകളിലെ തിരഞ്ഞെടുപ്പ് എന്നിവ നോവലിനെ മികച്ചതാക്കിത്തീർക്കുന്നു.സംഘർഷാത്മകമായ മനുഷ്യമനസ്സുകളെ കേന്ദ്രീകരിച്ചാണ് നോവൽ എഴുതിയിരിക്കുന്നത്.ഓരോ കാലഘട്ടത്തിലെയും സാമൂഹികാവസ്ഥയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളെ/ആശയസംഹിതകളെ കൃത്യമായി ബിംബവത്കരിച്ചിരിക്കുന്നു. പുരുഷാധിപത്യത്തിന്റെ വ്യത്യസ്ത മുഖങ്ങൾ, ലെസ്ബിയൻ പ്രണയം, അന്യവൽക്കരിക്കപ്പെടുന്ന വാമൊഴി സംസ്കാരങ്ങൾ,മാപ്പിള ലഹളയുടെ പുനർവായന, അടിയന്തിരാവസ്ഥ, കമ്മ്യൂണിസം, നക്സലിസം എന്നിവയെല്ലാം നോവലിൽ വിഷയമാകുന്നു. ഒരു കൃതി നിരവധി തവണ വായിക്കപ്പെടാൻ ശേഷി ഉണ്ടാകുമ്പോഴാണ് ആ രചന ഉദാത്തമായിത്തീരുന്നത്. ഓർമ്മച്ചാവ് അത്തരമൊരു വായനാനുഭവമാണ് സമ്മാനിച്ചത്. അനവധി വായനക്കാരുടെ ചാവില്ലാത്ത ഓർമ്മയിലേക്ക് ഓർമ്മച്ചാവ് എത്തപ്പെടട്ടെ എന്നാഗ്രഹിക്കുന്നു.

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.