DCBOOKS
Malayalam News Literature Website

‘ഓര്‍മ്മച്ചാവ്’; കഥകളാണ്… തിരച്ചറിവുകളും!

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’  എന്ന നോവലിന് ഗൗതം ആമ്രകുഞ്ജം എഴുതിയ വായനാനുഭവം

ആസക്തിയുടെ തുടർച്ചയാണ് ജീവിതം. ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ ഭോഗിക്കപ്പെടുന്ന മനുഷ്യബന്ധങ്ങളുടെയും പ്രകൃതിയുടെയും കഥയാണ് ചരിത്രം. മാംസത്തിനും പണത്തിനും അധികാരത്തിനും വിശപ്പ് തീർക്കാനും അങ്ങനെ ഭോഗാസക്തിയുടെ പട്ടിക നീളും.

ഉത്സവപ്പിറ്റേന്ന് ചോരയൊലിപ്പിച്ച് കിടന്ന കാളിയും സഹോദരിയുടെ അഴുകിയ ശവത്തിന്റെ നീര് വീണ് പൊള്ളുന്ന സഹോദരനും ഭാസ്കരൻ നായരും ഒരോ ഉറക്കത്തിനു ശേഷവും മണിയെ ശരീരത്തോട് ചേർത്ത് കിടത്തുന്ന നാണിയമ്മയും കുട്ടിരാമന്റെ തോളിൽ കയ്യിട്ട് സുഹൃത്തുക്കളാണെന്ന് അടവുനയം സ്വീകരിക്കുന്ന യജമാനനും ആ ഭോഗചരിത്രത്തിന്റെ തണുപ്പ് പേറുന്ന ഒരോ കാവുകളാണ്.

ബിയാത്തു ഒരു ചരിത്ര സൂചികയാകുമ്പോൾ തന്നെ രാഷ്ട്രീയ പുസ്തകവുമാണ്. നിരേൻ Textസാമാന്യവത്കരിക്കപ്പെട്ട അയൽസംസ്ഥാന തൊഴിലാളിയുടെ പതിവ് ചിത്രങ്ങളെ ചോദ്യം ചെയ്യുന്നു.

വത്സലയും റഹ്മത്തും വർത്തമാനകാലത്ത് സായുധകലാപങ്ങളുടെ പ്രതീകങ്ങളാകുന്നു.

രണ്ട് മരണങ്ങളോടെ ഒരാൺ വായനക്കാരൻ പ്രാണൻ വെടിയും. സ്വന്തം ജീവിതത്തിലെ ഓർമ്മകൾ കടുംമഞ്ഞൾ കളം വരച്ചിട്ട നാഗക്കളത്തിലെ നിറങ്ങളിൽ, മുടിയഴിച്ചിട്ട കന്യകകളെ പോലെ ഉറഞ്ഞാടും. ഒറ്റവരികളിൽ കടലിളക്കിയടിക്കുന്ന എഴുത്തിന്റെ ശക്തിയിൽ മണിയൻ വായനക്കാരനാകും.

പിറന്ന കുലത്തിന്റെ ദുഷിപ്പോർത്ത് എഴുത്തുകാരനും ആൺ വായനക്കാരനും മണിയും മലയടിവാരത്ത് കുളക്കരയിൽ ചത്ത് കിടക്കും. ഉദ്ധരിച്ചും വിറച്ചും വിറപ്പിച്ചും ശരീര ഭോഗത്തിന്റെ കഥമെനഞ്ഞ തലച്ചോറുകളിൽ തേനീച്ച കൂടൊരുക്കും. ഇനിയൊരിറ്റുമില്ലാതെ ചരിത്രമെഴുതിയ ലിംഗം മഷി വറ്റി മാപ്പിരക്കും. അവിടെയാണ് ഓർമ്മച്ചാവ് അവസാനിക്കുന്നത്. ഓർമ്മകൾ കെട്ടിത്തുങ്ങി ചത്ത് ഭാരങ്ങൾ ഒഴിച്ച് ശരീരം വെള്ളമാക്കി ഒഴുകിയവസാനിക്കും.

നാലീരങ്കാവിലെ പുഴയിൽ ചോരയൊഴുകി പരക്കും. ചെമ്പ്ര മലയിൽ ആകാശം നൂറുകണക്കിന് നാഗങ്ങളെ പെയ്തിറക്കി തെളിയും. തുടർന്നുള്ള അധ്യായങ്ങൾ കഥകളാണ്. തിരച്ചറിവുകളാണ്.

അന്വേഷിയായ അപ്പച്ചനോട് അനിർവചനീയ സ്നേഹമുള്ള ആൾത്താര മണിയനെയും നാണിയമ്മയേയും ഓർമ്മിപ്പിക്കും. രാമന്റെ പ്രതികാരക്കഥ ഒഴുക്കിനിടയിലെ പാറകൾ പോലെ തടസ്സപ്പെടുത്തി കിടക്കും.പക്ഷേ കാക്കപ്പുള്ളികൾ ഉള്ളതും ഇല്ലാത്തതുമായ അധികാരത്തിന്റെയും അധിനിവേശത്തിന്റെയും അടിച്ചമർത്തലിന്റെയും ദണ്ഡുകൾ അതിനോടകം ഉൾക്കാമ്പും ഉശിരും തൊലിയുരിക്കപ്പെട്ട് നിൽക്കും. ഇത് വായനക്കാരന്റെ ഓർമകളിൽ ചാവില്ലാത്ത തേനീച്ചകളെ രക്തമൂറ്റാൻ തുറന്നുവിടുന്ന പുസ്തകമാണ്. ഓർമ്മകളെ നാലീരൻ പുഴയിൽ മുക്കി നാഗക്കളത്തിൽ ഉറയിപ്പിച്ച് കുളക്കരയിൽ ബലി നൽകുന്ന പുസ്തകമാണ്.

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.