ആകയാൽ അയാൾ കഥയാകുന്നു…!
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ എന്ന നോവലിന് വിനീഷ് വിജയലക്ഷ്മി എഴുതിയ വായനാനുഭവം .
കവർച്ചിത്രങ്ങൾ ചിലപ്പോഴൊക്കെ നോവലിന്റെ ഭൂമികയിലേക്കുള്ള പ്രവേശന കവാടം ആവാറുണ്ട്. ശിവപ്രസാദിന്റെ ഓർമ്മച്ചാവിന്റെ കവർച്ചിത്രത്തിൽ (ജിജു ഗോവിന്ദൻ) വിഷസർപ്പത്തിന്റെ രൂപത്തിലുള്ള പുരുഷ ലിംഗത്തിന്റെ ചിത്രമുണ്ട്. നോവലിൽ ഒരിടത്ത് പറയുന്നുണ്ട്. “അൾത്താര വല്ലാതെയായി. പക്ഷെ, അൽപ്പം വിട്ടുകൊടുത്താൽ അതയാൾക്കു പഴുതാകുമെന്ന് അവൾക്കറിയാം. എല്ലാ പുരുഷനും സ്ത്രീയിലേക്ക് തലനീട്ടുന്ന, ഉണർന്നിരിക്കുന്ന ഒരു ലിംഗമായി മാറുന്ന അവസരങ്ങൾ ഉണ്ടെന്ന് അൾത്താരയ്ക്കറിയാം”. നോവലിലുടനീളം നമ്മുടെ ചുറ്റുവട്ടമെന്ന പോലെ ആ വിഷപ്പടർച്ച കാണാം.
മാനസികാരാഗ്യ കേന്ദ്രത്തിലെ മണിയനെക്കുറിച്ചുള്ള അൾത്താരയുടെ ഡയറിക്കുറിപ്പുകളിലൂടെയാണ് ഓർമ്മച്ചാവ് പുരോഗമിക്കുന്നത്. നാലീരങ്കാവ് ദേശത്തിന്റെ മിത്തും യാഥാർഥ്യവും ഇടകലർന്ന ആഖ്യാനഭൂമികയിൽ പുരുഷന്റെ പരുഷ കാമനകളെ പ്രതിരോധിക്കുന്ന ഭഗവതിമാരെയും കാണാം. ഇതിലെ ഓരോ കഥാപാത്രങ്ങളും ‘സഞ്ചരിക്കുന്ന തടവറകളാണ്. ‘ ഓർമകൾ കൈമോശം വന്ന മണിയനും ഓർമകൾ വേട്ടയാടുന്നവരും മോചനമില്ലാത്ത തടവിലാണ്. നോവൽ അവസാനിക്കുന്നത് പെൺമയുടെ ഉറവയിലാണ്.
” അവസാന വാചകം അവൾ ഇങ്ങനെ കുറിച്ചിരിക്കുന്നു. ആകയാൽ അയാൾ കഥയാകുന്നു.
അവളുടെ കാലുകളിലൂടൊരു ചുവന്ന ഉറവ അപ്പോൾ മണ്ണിനെ തൊട്ടു.” ചില പുസ്തകങ്ങൾ അങ്ങനെയാണ്. അവസാനിക്കുമ്പോൾ വീണ്ടും തിരിച്ചു പോകാൻ തോന്നും. അൾത്താരയുടെ ഡയറിയിലൂടെ മണിയന്റെ ഭൂതകാലത്തിലൂടെ നാലീരങ്കാവ് ദേശത്തിന്റെ പുരാവൃത്തങ്ങളിലൂടെ തിരിഞ്ഞു നടക്കട്ടെ…
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.