മനുഷ്യരെല്ലാം ദുരന്തങ്ങളുടെ തേനീച്ചക്കൂടാണ്, ചോരയിറ്റുന്ന ഒരു ഓർമ്മ അവിടെ റാണിയും!
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ എന്ന നോവലിന് അജിത ടി.ജി എഴുതിയ വായനാനുഭവം .
“എല്ലാ വാക്കിലും അവളുടെ മനസ്സും ജീവിതവും പ്രതിഫലിക്കുന്നതു കൊണ്ടാവാം തെറ്റില്ലാതെ എഴുതുവാൻ അവൾക്കിപ്പോഴും അറിഞ്ഞു കൂടാ … കാണാൻ തോന്നുന്നുവെന്ന് ആവർത്തിച്ച് എഴുതിയിട്ടുണ്ടാകും. പെട്ടെന്നൊരു വലിയ മൗനം നെഞ്ചിൽ കുടിയേറിയതിന്റെ കണ്ണീരുണ്ടാകും. ഒടുവിൽ നിൻ്റെ മാത്രം വത്സലയെന്ന് ഒരു നിലവിളിയും ” നാലീരങ്കാവിൽ നിന്ന് വത്സല നഗരത്തിലേക്ക് പുറപ്പെട്ടു പോയ റഹ്മത്തിനെഴുതിയ കത്താണിത്. പൊട്ടിച്ചു നോക്കാതെ റഹ്മത്ത് വായിച്ചെടുത്ത കത്ത്.
ഓർമ്മച്ചാവ് എന്ന നോവൽ വായിച്ചു മടക്കുമ്പോൾ കണ്ണുനീരില്ലാതെ വരണ്ടുപോയവളെപ്പോലെ തൊണ്ടകനപ്പിച്ച് ഈ കത്ത് പൊട്ടിക്കാതെ തന്നെ മനസ്സിലിരിക്കുന്നു. ഒരു പക്ഷേ ദിവസങ്ങൾക്കു ശേഷം വത്സല ചാടി മരിച്ച കുളത്തിലേക്ക് തനിക്കു വന്ന കത്തുകളോരോന്നായി റഹ്മത്ത് വലിച്ചെറിഞ്ഞപ്പോൾ പായലിന്റെ
തണുപ്പിലേക്ക് ഊർന്നു പോയ കത്തുകളിൽ ഒന്നു മാത്രമായിരിക്കാം ഇത്. നീന്തൽ പഠിക്കാത്ത വത്സല ഒരിക്കൽ , ഒരൊറ്റ തവണ ഊർന്നു പോയതും അതേ തണുപ്പിലേക്കായിരുന്നുവല്ലോ ..
നാലീരങ്കാവ് പെണ്ണുങ്ങളുടെ ഭൂമികയാണ്. കാവിനുള്ളിലെ ദേവിയേക്കാളും കാവിന് പുറത്ത് ഉഗ്രമൂർത്തികളായ പെണ്ണുങ്ങൾ വാണ ഇടം. മാലക്കുള്ളിലെ നൂലുപോലെ മണിയന്റെ ഓർമ്മക്കുള്ളിലൂടെ അൾത്താര നൂണ്ടിറങ്ങിയപ്പോൾ അവരോരോരുത്തരും അവരുടെ സ്ഥലികൾ വെളിച്ചപ്പെടുന്നു. അവരിലൂടെയാണ് പുരുഷ കഥാപാത്രങ്ങളുടെ സ്വത്വം നിർണ്ണയിക്കപ്പെടുന്നത്. മണിയനും മുഖർജിയും അവരിൽ നിന്ന് മുക്തിയില്ല. അൾത്താരയുടെ പപ്പയും നിരേനും അതിൽ പെട്ടു കിടക്കുന്നു. ഇന്നമ്മയായും ,അമ്മിണിയായും, നീലിയയും ,വല്ലിയായും ,വത്സലയായും, റഹ്മത്തായും , റുഖിയയായും , അൾത്താരയായും കൊണ്ടും കൊടുത്തുമവർ മുന്നേറുന്നു.
Phalocentric എന്ന് ഒറ്റയടിക്ക് തെളിഞ്ഞൊരു patriarchal ലോകത്തെയാണ് വത്സലയുടെ മരണം കൊണ്ട് തൂക്കിലേറ്റിയത്. അവിടെ അതിദയനീയമായി മണിയൻ മരിക്കുന്നു. ഉള്ളിൽ മരിച്ച ജഡമായയാൾ ജീവിക്കുന്നു. വഴുക്കുന്നൊരു കുളക്കല്ലു പോലെ അയാൾ ഓർമ്മകളിൽ വഴുതുന്നതു കാണുമ്പോൾ ദയ തോന്നുന്നു.
ശിവപ്രസാദ് പി എന്ന നോവലിസ്റ്റ് നാലീരങ്കാവിനെ വായനക്കാർക്കു മുന്നിൽ നിവർത്തി വെക്കുന്നത് കവിതയോളം പോന്ന വാചകങ്ങളിലൂടെയാണ്. ശിവനെഴുതുന്നു. ‘മനുഷ്യരെല്ലാം ദുരന്തങ്ങളുടെ തേനീച്ചക്കൂടാണ്. ചോരയിറ്റുന്ന ഒരു ഓർമ്മ അവിടെ റാണി.’
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.