‘ഓര്‍മ്മച്ചാവ്’; കുടഞ്ഞു കളയാനാവാത്ത ദൃശ്യാനുഭവം!
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ എന്ന നോവലിന് വിനോദ് കുമാർ എഴുതിയ വായനാനുഭവം
മുഖചിത്രത്തിലെ നാഗ ദംശനത്തിന്റെ (പാമ്പുകടീന്നു പറഞ്ഞാ ആ ഫീല് കിട്ടൂല, അതോണ്ടാ) സുഖകരമായ ഒരു തരിപ്പിലാണ് പുസ്തകത്തിനുള്ളിലേക്ക് കടക്കുന്നത്. പിന്നീടങ്ങോട്ട് വായന തീരുമ്പോഴും അത് ശരീരത്തിലും മനസ്സിലുമായിട്ടങ്ങനെ ചുറ്റി വരിഞ്ഞ് ഇഴഞ്ഞ് നടക്കുകയാണ്. അക്ഷരക്കുരുക്കിട്ട് സ്വന്തമാക്കിയ വായനക്കാരന്റെ ഓർമ്മച്ചതുപ്പുകളുടെ സർവാധികാരി, അല്ല, യജമാനൻ ആയിക്കൊണ്ട്.
അകത്തളങ്ങളിൽ ഉടഞ്ഞു വീഴുന്ന കിണ്ടിയുടേയും കോളാമ്പിയുടേയും ആർത്തനാദങ്ങളാണോ , സ്വപ്നങ്ങൾ ഇണ ചേരുന്നതിന്റെ സീൽക്കാരങ്ങളാണോ , നീലക്ലാവുപിടിച്ച മുറിവുകളിൽ പറ്റിപ്പിടിച്ച ചുവന്ന പൊറ്റൻ അടർന്നു പോകുമ്പോഴുള്ള സുഖകരമായ വേദനയാണോ മനസ്സിനെ ഉന്മാദത്തിന്റെ മേച്ചിൽപ്പുറങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. ഒന്നു മാത്രം പറയാം. വായനക്കാരന്റെ മനസ്സിനകത്തു കയറി അതിനെ തന്റെ ഓർമ്മച്ചാവിനകത്തെ തടവറയിൽ തളച്ചിടാനുള്ള മാന്ത്രിക വിദ്യ ശിവനെന്ന നോവലിസ്റ്റ് സ്വന്തമാക്കിയിരിക്കുന്നു.
നാടകക്കാരൻ കൂടിയായതു കൊണ്ടാവാം, വാങ്മയ ചിത്രങ്ങൾക്ക് വല്ലാത്തൊരു ദൃശ്യ ഭംഗിയും തെളിച്ചവും അനുഭവപ്പെടുന്നത്. വള്ളുവനാടൻ ഭാഷയുടെ കുലീനതക്കന്യമായ ഹാസ്യാത്മകതയും ചെങ്ങായ്ത്തവും നിറഞ്ഞ മണ്ണാർക്കാടൻ വർത്താനം വായനക്കാരെ തോളിൽ കയ്യിട്ട് ചാവു നിലത്തേക്ക് അവരറിയാതെ കൂട്ടിക്കൊണ്ടുപോവുന്നു. മമ്മു ഹാജിന്റെ ചായക്കടയിലെ ബഞ്ചിലിരിന്ന് ഒരു കട്ടൻ ചായന്റേo പരിപ്പുവടേന്റെം ബലത്തില് വഴിമാറിപ്പോയ വിപ്ലവ വസന്തത്തെ വീണ്ടും സ്വപ്നം കാണാൻ ഓർമ്മിപ്പിക്കുന്നു. വ്യത്യസ്തമായ വായനാനുഭവമെന്നല്ല കുടഞ്ഞു കളയാനാവാത്ത ദൃശ്യാനുഭവം. വായനക്കപ്പുറം വായനക്കാരനെ സ്വന്തമാക്കുന്ന അക്ഷരപ്പെയ്ത്ത്. ഒന്നായ് തീർന്ന വായനക്കാരനും കഥാകാരനുനുമിടക്ക് നന്ദി പ്രകടനങ്ങൾക്കിടമില്ല.
ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.