ഇന്ത്യന്‍ പവലിയനുകള്‍ സന്ദര്‍ശിച്ച് ഓര്‍ഹന്‍ പാമുക്
38-ാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നൊബേല്‍ പുരസ്‌കാരജേതാവും തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനുമായ ഓര്‍ഹാന്‍ പാമുക് ഇന്ത്യന്‍ പവലിയനിലെ പുസ്തകപ്രസാധകരുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ജീവിതം മാത്രമല്ല, നിരത്തുകളില്‍ വസിക്കുന്ന സാധാരണക്കാരുടെ ജീവിതവും വര്‍ണ്ണിക്കപ്പെടാന്‍ തക്കവണ്ണം മൂല്യമേറിയവയാണെന്ന് ഓര്‍ഹന്‍ പാമുക് അഭിപ്രായപ്പെട്ടു. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹത്തിന്റെ ഇടത്താവളമായ ഈസ്റ്റാംബൂളിലാണ് താന്‍ വസിക്കുന്നതെന്നും, പതിറ്റാണ്ടുകളായി നടക്കുന്ന അഭയാര്‍ത്ഥിപ്രവാഹത്തിന് താന്‍ നേര്‍സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. അഭയം തേടി അതിര്‍ത്തിയില്‍ കാത്തുകിടക്കുന്ന അഭയാര്‍ത്ഥികളോട് മുഖം തിരിച്ചുനില്‍ക്കുന്ന സമീപനമാണ് പല രാജ്യങ്ങളുടേതും. ഈ ഭൂമിയിലെ ഏതൊരു മനുഷ്യനും ഏത് മണ്ണിലും കുടിയേറാനുള്ള അവകാശമുണ്ടെന്നാണ് തന്റെ അഭിപ്രായം. ഓര്‍ഹാന്‍ പാമുക് മാധ്യമങ്ങളോടു വ്യക്തമാക്കി.
ഇന്ത്യയില്‍ തനിക്ക് മികച്ച വായനാസമൂഹമുണ്ടെന്നുള്ളത് ആഹ്ലാദം നല്‍കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി സി ബുക്‌സുമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സഹകരിക്കുന്നുണ്ടെന്നും മലയാളത്തില്‍ പ്രസിദ്ധീകരിച്ച തന്റെ പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ക്കിടയില്‍നിന്നു ലഭിക്കുന്ന സ്വീകാര്യത തന്നെ വിസ്മയിപ്പിക്കുന്നതായും ഓര്‍ഹാന്‍ പാമുക് പറഞ്ഞു.
Comments are closed.