DCBOOKS
Malayalam News Literature Website

ഇന്ധന വിലവര്‍ദ്ധനവിനെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്

ദില്ലി: ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് പാര്‍ട്ടി ആഹ്വാനം ചെയ്തു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് ബന്ദ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. അതേസമയം തിങ്കഴാഴ്ച രാജ്യവ്യാപക ഹര്‍ത്താല്‍ നടത്തുമെന്ന് ഇടതുസംഘടനകളും വ്യക്തമാക്കി. സി.പി.ഐ.എം, സിപിഐ(എം.എല്‍), എസ്.യു.സി.ഐ, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഇന്ധനവില വര്‍ദ്ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്ധനവിലവര്‍ദ്ധനവ് ജനങ്ങളുടെ മേല്‍ വലിയ സാമ്പത്തികഭാരമാണ് വരുത്തിയിരിക്കുന്നതെന്ന് സംയുക്ത പ്രസ്താവനയില്‍ ഇടതു പാര്‍ട്ടികളും കുറ്റപ്പെടുത്തി.

അഞ്ച് മാസത്തിനുള്ളില്‍ പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വര്‍ദ്ധിച്ചത്. അതിനിടെ പെട്രോള്‍-ഡീസല്‍ വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്.

Comments are closed.