DCBOOKS
Malayalam News Literature Website

കഥക്കൂട്ടിനും അപ്പുറത്തേക്ക്

ആന്റണി കണയംപ്ലാക്കല്‍

മറ്റു പലരും പത്രപ്രവര്‍ത്തനത്തിന്റെ വര്‍ത്തമാനകാലത്ത് ജീവിച്ചപ്പോള്‍ എന്നും അതിന്റെ പിറ്റേന്നു ജീവിച്ച ഒരാളുടെ കഥയാണിത്.

1960 ഓഗസ്റ്റ് 16, ചിങ്ങം ഒന്ന്. ഇരുപതു തികയാത്ത തോമസ് ജേക്കബ് കോട്ടയത്ത് ‘മലയാള മനോരമ’യുടെ ന്യൂസ് റൂമിലേക്ക് കടന്നുവരുന്നു. അതോടെ മാറിയത് മനോരമ മാത്രമല്ല. മലയാള പത്രപ്രവര്‍ത്തനരംഗം മുഴുവനുമാണ്. അതുകൊണ്ടാണ് ഗുരു ടി.ജെ.എസ്. ജോര്‍ജ് അനുഗ്രഹവചനത്തില്‍ ”എനിക്ക് അസൂയ തോന്നിയിട്ടുള്ളത് ഒരേ ഒരു മനുഷ്യനോടാണ്… തോമസ് ജേക്കബിനോട്…” എന്നു പറഞ്ഞത്.

കൈരളി ചാനലിന്റെ ഒരു പരിപാടിയില്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു: ”മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍ മാത്തുക്കുട്ടിച്ചായന്റെ ആത്മകഥയുടെ പേര് ‘എട്ടാമത്തെ മോതിരം’ എന്നാണെങ്കില്‍ മാത്തുക്കുട്ടിച്ചായന്റെ കൈയിലെ ആദ്യ മോതിരമാണ് തോമസ് ജേക്കബ്.”

മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരു ജോലിയില്‍ തുടര്‍ന്നാല്‍ മുരടിച്ചുപോകും എന്നൊരു എം.പി. നാരായണപിള്ള തിയറി ഉണ്ട്. അഞ്ചര പതിറ്റാണ്ടിലേറെ ഒരേ പണിചെയ്തു വിശ്രമജീവിതത്തിലേക്ക് നീങ്ങിയിട്ടും എക്‌സ്പയറി ഡേറ്റ് Textആവാത്ത പ്രതിഭ. ഫോട്ടോഗ്രാഫര്‍മാര്‍ പടമെടുക്കുകയും കാര്‍ട്ടൂണിസ്റ്റുകള്‍ വരയ്ക്കുകയും മാത്രം ചെയ്തിരുന്ന കാലത്ത് അവരെക്കൊണ്ട് എഴുതിക്കുകകൂടി ചെയ്ത, ഫോണില്‍ ക്യാമറ വരുന്നതിനൊക്കെ മുന്‍പ്
റിപ്പോര്‍ട്ടര്‍മാരെക്കൊണ്ട് പടമെടുപ്പിക്കുകകൂടി ചെയ്ത, അതിമാനുഷരെ സൃഷ്ടിച്ച പത്രാധിപര്‍. ആ കഥക്കൂട്ടില്‍ അച്ചടിമഷി പുരട്ടാനുള്ള ശ്രമം മാത്രമാണ് ഈ പുസ്തകം.

മലയാള മനോരമയില്‍ ഉണ്ടായിരുന്നവരെപ്പറ്റി കോഴിക്കോട്ടെ സഹപ്രവര്‍ത്തക കൂട്ടായ്മയുടെ മൂന്നാമത്തെ പുസ്തകമാണിത്. കെ.ആര്‍. ചുമ്മാര്‍ അടക്കം 17 പത്രപ്രവര്‍ത്തക ഇതിഹാസങ്ങളെപ്പറ്റിയുള്ള ‘ബൈലൈന്‍ ഓര്‍മയിലെ പഴയ താളുകള്‍’, പ്രസിദ്ധ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കെ. അബുബക്കറിനെ (അബു)ക്കുറിച്ചുള്ള ‘കീപ്പര്‍ അബു കളിയെഴുത്തിന്റെ ഉസ്താദ് ‘ എന്നിവ ആദ്യ പുസ്തകങ്ങള്‍.

അമേരിക്കയിലെ മുതിര്‍ന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് അടക്കം കോഴിക്കോട്ടെ മലയാള മനോരമയില്‍നിന്നു വിരമിച്ച സുഹൃത്തുക്കളുടെ സഹായത്തോടെ ജീവന്‍ നല്‍കിയ കൂട്ടായ്മ മൂന്നു പുസ്തകങ്ങളിലും അഭിമാനം കൊള്ളുന്നു.

ഒരു ലക്ഷത്തില്‍ താഴെ കോപ്പി മാത്രം പ്രചാരമുള്ള കാലത്ത് മനോരമയില്‍ ചേര്‍ന്ന തോമസ് ജേക്കബ് ഈ വലിയ വളര്‍ച്ചയില്‍ എങ്ങനെ പങ്കാളിയായി എന്നു വിവരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും ടി.ജെയുടെഅന്നത്തെ സഹപ്രവര്‍ത്തകരും. ഒരേ കാര്യത്തെപ്പറ്റി എഴുതിയിട്ടും ആവര്‍ത്തനമില്ലാത്തത് വിഷയം വീതിച്ചു കൊടുത്തതിലെ കൃത്യതയും എഴുത്തിലെ അനന്യതയും എഡിറ്റിങ്ങിലെ സൂക്ഷ്മതയുംകൊണ്ടാണ്. എഴുതിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി.

ഈ പുസ്തകത്തിന്റെ പ്രസാധകച്ചുമതല ഏറ്റെടുത്ത ഡി സി ബുക്‌സിനോടുള്ള ഹൃദയംഗമമായ നന്ദിയും അറിയിക്കട്ടെ. സഹായഹസ്തവുമായി എപ്പോഴും ഒപ്പമുണ്ടായിരുന്ന എം.ബാലഗോപാലന്‍, പി. ദാമോദരന്‍, കെ.സി. നാരായണന്‍, ഡി ടി പി ജോലികള്‍ ഭംഗിയായി നിര്‍വഹിച്ച രത്നകുമാര്‍ പാലക്കല്‍, പ്രൂഫ് വായിച്ച സി.എസ്. വിജയന്‍ എന്നിങ്ങനെ നീളുന്ന സൗഹൃദനിരയാണ് ഉദ്യമത്തെ വിജയത്തില്‍ എത്തിച്ചത്. ഒരുപാടു നന്ദി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.