കൂടെ നടന്ന കഥ: എഴുത്തനുഭവം പങ്കുവെച്ച് സുഭാഷ് ഒട്ടുംപുറം
‘ഒരേ കടലിലെ കപ്പലുകള്‍’ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവം സുഭാഷ് ഒട്ടുംപുറം പങ്കുവെക്കുന്നു
കെട്ടുങ്ങല്‍ അഴിമുഖത്തുനിന്ന് പതിവ് കസര്‍ത്ത് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഞാനും സഖാവ് അനിയേട്ടനും. നാട്ടുവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ആ നടത്തത്തിനിടയിലാണ് അവരെന്നെ മാടിവിളിക്കുന്നത്. ഞാനങ്ങോട്ട് ചെന്നു. കോലായില്‍ കസേരയിലിരിക്കുകയായിരുന്നു അവര്‍. കൂനിക്കൂടിയ ഒരു മുതുമുത്തശ്ശി. ഞാന്‍ കാണുന്ന കാലം മുതലേ അവര്‍ക്ക് അതേ രൂപമായിരുന്നു. അടുത്ത് ചെന്നിട്ടും അവരെന്നെ കണ്ട ഭാവം നടിച്ചില്ല. അവര്‍ക്ക് ഓര്‍മത്തകരാറുള്ള കാര്യം അനിയേട്ടനാണ് പറഞ്ഞത്. ആരെ കണ്ടാലും അങ്ങനെ മാടിവിളിക്കുമത്രേ.
ഒരാളുടെ ഓര്‍മകള്‍ ശോഷിക്കുന്നത് പുറത്തുനിന്ന് നോക്കുന്ന ആള്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. എന്നും കാണുന്ന ആളുടെ രൂപമാറ്റം പോലും നമ്മളറിഞ്ഞു കൊള്ളണമെന്നില്ലല്ലോ. കാണുന്നവരെയെല്ലാം അങ്ങനെ മാടിവിളിക്കുമ്പോള്‍ അവരുടെ ഉള്ളിലെന്തായിരിക്കും എന്ന് ഞാന്‍ പിന്നീട് ആലോചിച്ചുനോക്കിയിട്ടുണ്ട്. അതിനുശേഷം എന്നും അതുപോലെ മാടി വിളിക്കുമ്പോള്‍ ഞാന്‍ അവരെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യും. പിന്നീട്, നിത്യവും ചെയ്യുന്ന വ്യായാമം പോലെയായി ആ മാടിവിളിയും എന്റെ കൈവീശലും.
ഒരു ദിവസം അങ്ങനെ വരുന്ന നേരത്താണ് ആ വീട്ടുമുറ്റത്തുനിന്ന് അവരുടെ മകന്റെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നത്. ആളുകളെ മാടി വിളിക്കുന്നതിന് അമ്മയെ ശകാരിക്കുകയായിരുന്നു വൃദ്ധനായിക്കൊണ്ടിരിക്കുന്ന മകന്‍. അയാള്‍ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുകയായിരുന്നു ആ വൃദ്ധമാതാവ്.
‘വയസ്സായീന്ന് നോക്കാതെയാണല്ലോ ഇങ്ങനെ ചീത്ത വിളിക്കുന്നത്.’ സഖാവിന് രോഷം. ഞാന്‍ മിണ്ടാതെ നടന്നു. അന്നെന്റെ കൈ ഉയരാന്‍ മടിച്ചു. പിന്നീട് സഖാവിന്റെ വീട് വരെ ഞങ്ങള്‍ ഒന്നുംതന്നെ സംസാരിച്ചില്ല. അവരുടെ ആ തലകുനിച്ചുള്ള ഇരിപ്പ് എന്നെ അസ്വസ്ഥനാക്കിയിരുന്നു. അനിയേട്ടന്‍ വീട്ടിലേക്ക് കയറിയപ്പോള്‍ നിരത്തില്‍ ഞാന്‍ തനിച്ചായി. അല്ല; വീടുവരെ ഒരു കഥ എന്നോടൊപ്പം നടക്കുകയായിരുന്നു. ഒരേ കടലിലെ കപ്പലുകള്‍ എന്ന ആ കഥ ജനിച്ചത് ആ നിരത്തില്‍ വെച്ചായിരുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.