DCBOOKS
Malayalam News Literature Website

മനുഷ്യമനസ്സിന്റെ വിചിത്രമായ വിചാര-വികാരങ്ങളിലൂടെ ഒരു യാത്ര !

സുഭാഷ് ഒട്ടുംപുറത്തിന്റെ ‘ഒരേ കടലിലെ കപ്പലുകള്‍’ എന്ന പുസ്തകത്തിന് ചന്ദ്രിക ബായി എഴുതിയ വായനാനുഭവം

സുഭാഷ് ഒട്ടും പുറം എഴുതിയ  ‘ഒരേ കടലിലെ കപ്പൽ ‘ വായിച്ചു. ‘അവളി ‘ൽ തുടങ്ങി  ‘വേടന്റെ മകൾ ‘ ൽ അവസാനിക്കുന്ന 11 കഥകൾ……ഇവയിലൂടെ സഞ്ചരിക്കുമ്പോൾ മനുഷ്യമനസ്സിന്റെ വിചിത്രങ്ങളായ  വിചാരവികാരങ്ങളിലൂടെയെല്ലാം നാം കയറിയിറങ്ങുകയാണ്.

ഇഷ്ട്ടം, പ്രണയം ,കാത്തിരിപ്പ്, നിരാശ, വിഷമം അപകർഷതാബോധം , നൊമ്പരം, ഏകാന്തത, നിസ്സഹായത, ഭീതി …..അങ്ങനെ അങ്ങനെ അങ്ങനെ …..മനുഷ്യ ജീവിതത്തിലെ പറഞ്ഞാൽ തീരാത്ത വികാരവിചാരങ്ങൾ ഈ കഥകളിൽ  അങ്ങനെ അലയടിക്കുകയാണ്.

Text“ഏറെ ഇഷ്ടത്തോടെ ചുറ്റുപാടുകളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് എന്റെ കഥകൾ . അതുകൊണ്ടു തന്നെ ഞാനെത്ര വെട്ടിയൊതുക്കിയാലും ഒരോ കഥയിലും നിശ്ശബ്ദമായൊരു കടൽ മുഴക്കം കേൾക്കാം. അത്ര തന്നെ മീൻ ചൂരും .. “എന്ന് സുഭാഷ് ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

കഥകൾ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് , കടൽ മുഴക്കവും മീൻ ചൂരും മാത്രമല്ല, കടൽക്കാറ്റും കടൽച്ചുഴികളും കടലൊഴുക്കുകളും കടലാഴങ്ങളിലെ അത്ഭുതങ്ങളും  കെണികളും കൂടി  ഈ കഥകളിൽ ഉൾച്ചേർന്നിരിക്കുന്നു എന്നാണ്.

വായനയ്ക്കിടയിൽ ഇവയെല്ലാം വായനക്കാരന്റെ മനസ്സിലേയ്ക്ക് അടിച്ചു കയറുകയും ….ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചിറങ്ങാത്ത വിധം ഇളകിമറിഞ്ഞു കൊണ്ടേയിരിക്കുകയുംആണ് .കടൽത്തിരകൾ പോലെത്തന്നെ….!!

“കോട്ടമൊന്നുമേൽക്കാതെ എല്ലാം എക്കാലവും നിലനിൽക്കണമെന്ന അത്യാഗ്രഹത്തിന്റേതു കൂടിയാണ് ഈ പുസ്തകം ” …. എന്ന സുഭാഷിന്റെ വാക്കുകളും ഒന്നും ബാക്കി വെയ്ക്കാതെ എല്ലാം തൂത്തുവാരുന്ന വർത്തമാന കാല ദുരന്തങ്ങൾ,  മനുഷ്യന്റെ അത്യാഗ്രഹങ്ങളുടെ തേരോട്ടങ്ങളിൽ ചതഞ്ഞരഞ്ഞു പോകുന്ന പാവം മനുഷ്യരുടെ ഇഷ്ടങ്ങൾ (  കുത്തിച്ചൂളന്മാർ  ) ഇവ തിങ്ങിവിങ്ങി നിൽക്കുന്ന കഥകളും ചേർത്തു വെച്ച് വായിക്കുമ്പോഴറിയാം  എഴുത്തുകാരൻ അനുഭവിച്ച നൊമ്പരത്തിന്റെ ആഴം!

അത് ഒട്ടും ചോർന്നുപോവാതെ വായനക്കാരിലേയ്ക്ക് പകർന്നു തരാൻ കഴിഞ്ഞിരിയ്ക്കുന്നു എന്നതു തന്നെയാണ് ഈ കഥകളുടെ പ്രത്യേകത .! അതു തന്നെയാണ് കഥാകാരന്റെ വിജയവും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.