‘ഒരേ കടലിലെ കപ്പലുകൾ’ രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന കഥകളുടെ സമാഹാരം
സുഭാഷ് ഒട്ടുംപുറത്തിന്റെ ‘ഒരേ കടലിലെ കപ്പലുകള്‍’ എന്ന പുസ്തകത്തിന് സേതുലക്ഷ്മി എഴുതിയ വായനാനുഭവം
മനസ്സിൽ തോന്നിയ ആശയത്തെ കടലാസിൽ പകർത്തി വായനക്കാരന് ഹൃദയസ്പർശിയായ ഒരു അനുഭവമാക്കി മാറ്റുക എന്നത് നിസ്സാരമായ കാര്യമല്ല. അതോടൊപ്പം വായനക്കാരെ ചിന്തിപ്പിക്കുന്നതിനും സ്വാധീനിക്കുന്നതിനും കാരണമാകുമ്പോൾ ആ പുസ്തകവും എഴുത്തുകാരനും ഏറെ പ്രിയപ്പെട്ടതാകുന്നു. ലളിതമായ ആഖ്യാനശൈലിയിൽ മനോഹരമായ 11 കഥകളാണ് വായനക്കാർക്കായ് സുഭാഷ് ഒട്ടുംപുറം “ഒരേ കടലിലെ കപ്പലുകൾ ” എന്ന അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കടലോളം സൗന്ദര്യമുള്ള പുസ്തകം.
‘യാത്ര’ അതിനി ചെറുതായാലും വലുതായാലും ഓരോ ആളുകൾക്കും നൽകുന്ന കൗതുകങ്ങൾ.., അനുഭവങ്ങൾ.. ഏറെയാണ്.. വ്യത്യസ്തവുമാണ്. വ്യക്തികളോ, ജീവജാലങ്ങളോ, എന്തെങ്കിലും പ്രവർത്തികളോ അങ്ങനെ കൗതുകം ജനിപ്പിക്കുന്ന എന്തെങ്കിലും നമ്മുടെ കണ്ണിൽ പെട്ടാൽ നമ്മളതിനെ കൂടുതൽ ശ്രദ്ധിക്കും. വീണ്ടും കാണണമെന്നും കൂടുതൽ അറിയണമെന്നും തോന്നും. സ്വാഭാവികം ! അതങ്ങനെയാണല്ലൊ. അത്തരത്തിൽ നാട്ടിലേക്കുള്ള മടക്കയാത്രയിൽ കണ്ണിലുടക്കിയ ഇളം പച്ചസാരിക്കാരിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്നതാണ് ” അവൾ ” എന്ന ആദ്യ കഥ. തിരസ്ക്കാരത്തിന്റെ ചിരിയും പേറി ആ ഇളം പച്ചസാരിക്കാരി പോയിക്കഴിഞ്ഞപ്പോൾ എന്തൊ എനിക്കും ഒരു ശൂന്യത പോലെ.
വെള്ളം റേഷൻകട വഴി ലഭ്യമാകുന്ന ഒരു അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരം ഒരു അവസ്ഥ വന്നാൽ എന്തായിരിക്കും ഉണ്ടാവുക? 20 ലിറ്റർ വെള്ളമാണ് റേഷൻ ആയി ലഭിക്കുക, ആ വെള്ളം അടുത്ത തവണത്തെ റേഷൻ ലഭിക്കുന്നത് വരെ സൂക്ഷിച്ചു ഉപയോഗിക്കണം, അഥവാ പോരാത്ത വെള്ളം വിപണിയിൽ നിന്നും വാങ്ങുകയാണെങ്കിൽ 150 രൂപ മുടക്കേണ്ടി വരും. അങ്ങനെയെല്ലാമുള്ള സാഹചര്യമാണ് H2O എന്ന രണ്ടാം കഥയിലൂടെ എഴുത്തുകാരൻ പറയുന്നത്. ഇതൊരു കഥയാണെങ്കിലും നമ്മുടെ നാടിന്റെ പരിതസ്ഥിതി ഇങ്ങനെയാണ് പോകുന്നതെങ്കിൽ ഏതെങ്കിലും ഒരു കാലയളവിൽ കഥയിൽ പറയുന്നതും നമ്മൾ നേരിടേണ്ടി വരും എന്നത് തീർച്ചയുള്ള കാര്യമാണ്.
കടപ്പുറത്തിരുന്നുള്ള പുസ്തക വായനക്കിടയിൽ കഥ കേൾക്കാനായെത്തുന്ന കുട്ട്യാക്ക, പിന്നീട് നാട്ടിൽ ഉണ്ടായ സംഘർഷം മൂലം ആ പതിവ് മുടങ്ങിപോവുകയും പിന്നീട് കുട്ട്യാക്ക ആവശ്യപ്പെടുമ്പോഴെല്ലാം പല കാരണങ്ങൾ പറഞ്ഞ് പുസ്തക വായന ഒഴിവാക്കുകയും ചെയ്യുന്നു. അവസാനം കഥ വായിക്കാൻ എത്തുമ്പോൾ കുട്ട്യക്ക ഇല്ലെന്നുള്ള സത്യം ഒരു നീറ്റലായ് മാറുന്നതൊക്കെയാണ് “ഏകാകി ” എന്ന കഥയിലൂടെ പറയുന്നത്. മരണം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഇന്നു ഞാൻ നാളെ നീ അങ്ങനെയാണല്ലോ പറയാറുള്ളത്. സമ്മാനമായാലും സഹായമായാലും അത് നൽകേണ്ട സമയത്ത് കൃത്യമായി അർഹരിലേക്ക് എത്തിച്ചാൽ അത് ഗുണകരമാകും അല്ലാത്തപക്ഷം അതിന് കഴിയാതെ പോയല്ലൊ എന്നൊരു നൊമ്പരമായി നമ്മുടെ മനസ്സിൽ കിടക്കും. കുട്ട്യാക്കക്ക് കഥ മുഴുവൻ കേൾക്കാൻ സാധിച്ചില്ല. ആവശ്യപ്പെട്ടപ്പോൾ പറഞ്ഞു കൊടുക്കാൻ തോന്നിയതുമില്ല. പറയാൻ ചെന്നപ്പോൾ കേൾക്കാൻ കുട്ട്യാക്കയുമില്ല. ആ നൊമ്പരം മനസ്സിൽ അങ്ങനെ തങ്ങിനിക്കും.. ഒരു സമാധാനത്തിന് വേണമെങ്കിൽ ആത്മാവ് കേട്ടു കാണും എന്ന് കരുതാം.
പ്രഭാത നടത്തത്തിനിടയിലാണ് വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന് വഴിയെ പോകുന്നവരെ കൈകാട്ടി വിളിച്ച് “കപ്പൽ വന്നോ” എന്ന് ഉറക്കെ വിളിച്ചു ചോദിക്കുന്ന ആ വൃദ്ധയെ ആദ്യമായി കാണുന്നത്. അവരൊരു നഷ്ട പ്രണയകഥയിലെ നായികയാണോ സ്നേഹനിധിയായ ഭർത്താവിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യയാണോ എന്നൊന്നും നിശ്ചയമില്ല. എന്തായാലും അവരുടെ ഇത്തരം പ്രവർത്തികൾ അവരുടെ മകന് ഒട്ടും ഇഷ്ടമായിരുന്നില്ല. അയാൾ ശകാരിച്ചു കൊണ്ടേയിരിക്കും എന്നാൽ അതൊന്നും വൃദ്ധയിൽ യാതൊരു ചലനവും ഉണ്ടാക്കിയിരുന്നില്ല. പിന്നീട് അവരുടെ മരണവും മകനുമായുള്ള സംസാരവുമാണ് കഥാഭാഗം. ഒരുപക്ഷേ ആ ഭാഗമാണ് നമ്മളേയും ചിന്തിപ്പിക്കുക. മാതാപിതാക്കളുടെ മരണം മക്കളെ എത്രമാത്രം സങ്കടത്തിലാക്കും? അവരുടേത് കിടന്നകിടപ്പിലായുള്ള മരണം ആണെങ്കിലോ? ഓരോ മക്കളും വ്യത്യസ്തരാണ്. അതുപോലെ അവരുടെ ചിന്താഗതിയും പ്രവൃത്തികളും വ്യത്യസ്ഥമായിരിക്കും.
ഓലക്കെട്ടുകൾ കൊണ്ടുവരൽ, വെള്ളത്തിലിടൽ, മെടയൽ, സംരക്ഷണ കവചമായ മേൽക്കൂരയാക്കൽ, മഴയത്ത് ഓലക്കീറിലൂടെ ഇറ്റുവീഴുന്ന വെള്ളം പാത്രങ്ങളിൽ നിറയ്ക്കൽ… ഇതെല്ലാം ഒരു കാലഘട്ടത്തിൽ സർവ്വസാധാരണമായ കാഴ്ചയായിരുന്നു. ആ സാഹചര്യത്തിലൂടെ കടന്നുപോയവർ നമുക്കിടയിൽ തന്നെയുണ്ട്. അവരിൽ നിന്നും നമ്മൾ അത്തരം കഥകൾ കൗതുകത്തോടെ കേട്ടിരുന്നിട്ടുമുണ്ടാകും. ആ ഒരു കാലഘട്ടത്തിന്റെ മധുര സ്മരണ നൽകുന്ന കഥയാണ് “ഓല “. ഒരു നെല്ലിക്ക സ്വാദുള്ള കഥ.
നമ്മുടെ സ്വകാര്യതയിൽ മറ്റുള്ളവരുടെ കൈകടത്തൽ വന്നാൽ എന്തായിരിക്കും ഉണ്ടാവുക? അത്തരമൊരു വിഷയമാണ് “കുത്തിചുളന്മാർ” എന്ന കഥയിൽ കൈകാര്യം ചെയ്യുന്നത്. സ്വന്തമായി മഞ്ഞൾ കൃഷി ചെയ്തതിന്., അതിനുള്ള അവകാശം തങ്ങൾക്കവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഒരു വൻകിട കമ്പനി രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസ് കൊടുക്കുന്നതും തുടർന്നുളള സംഭവങ്ങളും മറ്റുമാണ് കഥയിൽ പ്രതിപാതിക്കുന്നത്. മരണം കൊണ്ടുവരുന്ന പക്ഷിയാണ് ‘കുത്തിച്ചൂളൻ’ എന്നൊരു വിശ്വാസം പണ്ടൊക്കെ പറയാറുണ്ട്.’നെടുലാൻ’ എന്നാണ് ഇവിടെയെല്ലാം പറയുന്നത്. ഇത്ര വലിയ തുക നഷ്ടപരിഹാരമായി നൽകണം എന്ന് കേട്ടപ്പോൾ അയാളും മരണം പ്രതിക്ഷിച്ചിരിക്കണം… ആ പക്ഷിയുടെ കരച്ചിലും.. പിന്നെയത് അകന്നുപോകുന്നതും മരണത്തിൽ നിന്നുള്ള മോചനവും പുതു ജീവിതത്തിന്റെ തുടക്കവുമാകുന്ന സുന്ദരമായ കഥാസന്ദർഭമാണ് മനോഹരമായി എഴുതിയിരിക്കുന്നത്.
കടപ്പുറത്ത് ശവങ്ങൾ അടിയുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും അവ എഴുത്തുകാരനിൽ ഉണ്ടാക്കുന്ന ചിന്തകളും ചില ഓർമ്മകളുമാണ് “ചകം” എന്ന കഥയിൽ ഉൾക്കൊണ്ടിരിക്കുന്നത്. ചില സംഭവങ്ങളോ കാഴ്ചകളോ നമ്മൾ ഓരോരുത്തരിലും പല ചിന്തകൾ ഉണ്ടാക്കുമല്ലോ. ചിലത് കാണുമ്പോൾ ” അയ്യോ കഷ്ടം എന്തൊരവസ്ഥയാണിത്’ എന്ന് തോന്നാറില്ലേ. എന്താ പറയാ എഴുത്തുകാരന്റെ വാചകം കടമെടുക്കട്ടെ, “ലോകം അങ്ങനെയാണ്. മുകളിൽനിന്ന് നോക്കിയാൽ സുന്ദരമെന്ന് തോന്നുമെങ്കിലും മണ്ണിലേക്കിറങ്ങിയാൽ എങ്ങും അസ്വസ്ഥതകളാണ്”.
‘ബാല്യകാലം’ ഓരോരുത്തർക്കും നിറയെ ഓർമ്മകൾ നൽകുന്ന ഒരു വളർച്ചഘട്ടം. ചിലർക്കത് സങ്കടവും ദുരിതവും ആണെങ്കിൽ മറ്റു ചിലർക്ക് ഏറെ രസമുള്ളതായിരിക്കും. പുസ്തകത്താളിൽ മയിൽപീലി വെച്ച് മാനം കാണാതിരുന്നാൽ അത് പെറ്റുപെരുകുമെന്നും ഒറ്റ മൈനയെ കണ്ടാൽ അന്ന് സങ്കടകരമായ എന്തെങ്കിലുമുണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടം. ഇതാ എഴുത്തുകാരൻ അദ്ദേഹത്തിന്റെ ബാല്യകാലത്തെ ചില രസകരമായ കാര്യങ്ങൾ പങ്കുവെക്കുകയാണ്, “തിരിച്ചുവരാത്ത കാവോതികൾ ” എന്ന കഥാശകലത്തിലൂടെ. കടലിനെ കൂടുതൽ ആഴത്തിൽ അറിയാൻ കൊതിച്ച അദ്ദേഹം തന്റെ സ്വപ്നങ്ങളിൽ ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി മാറിയത് വായിക്കുമ്പോൾ ഞാനും ഏറെക്കുറെ എന്റെ സ്വപ്നത്തിലും ആ പിപ്പിരിമുടിക്കാരനൊപ്പം സാഹസത്തിൽ പങ്കാളിയാകുന്നത് എത്രയോ വട്ടംകണ്ടിരിക്കുന്നു. അമ്മമ്മ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളും, കുട്ടിക്കാലത്തെ കുസൃതികളും അതിലൂടെ മനസ്സിലാക്കുന്ന പാഠങ്ങളും എല്ലാം നമ്മളെ ഏറെ രസിപ്പിക്കുന്നവയാണ്. മറ്റൊരു വസ്തുത , കാലങ്ങൾ പിന്നിടുമ്പോൾ ചിലതൊക്കെ അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ്. അന്നത്തെ പോലെയല്ലല്ലോ, ഇന്ന് ഒരുപാട് മാറ്റമുണ്ട് ഇനിയും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.
ഇനിയും രസിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന മൂന്നു കഥകൾ കൂടി. “തൊട്ടാപ്പ് , വെളിപാടുകളുടെ പാലം , വേടന്റെ മകൾ “അവയെ കുറിച്ച് ഞാൻ എഴുതുന്നില്ല. കേട്ടത് മനോഹരമാണെങ്കിൽ കേൾക്കാത്തത് അതിമനോഹരമായിരിക്കുമല്ലോ.
ഈ പുസ്തകത്തിന്റെ പുറം കവറിൽ പ്രിയ സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞ വാക്കുകൾ എഴുതിയത് കാണാം. അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ ആവർത്തിക്കുന്നില്ല. വായന കഴിഞ്ഞ് പുസ്തകമടയ്ക്കുമ്പോൾ…, മിഠായി തീർന്നുപോയ കുട്ടിയെപ്പോലെ ഒരു നിമിഷത്തേങ്കിലും ഞാനൊന്നു നിശ്ചലമായി. തെറ്റുപറയാൻ പറ്റില്ല. ഇങ്ങനെയൊക്കെ എഴുതി വെച്ചാൽ എം.മുകുന്ദൻ എന്നല്ല ആരായാലും ഇതൊക്കെ തന്നെ പറയുള്ളു. എന്തായാലും സമയം ചിലവിട്ടത് വെറുതെയായില്ല.
കുട്ട്യാക്കാന്റെ സ്റ്റൈയിൽ പറയച്ചാൽ
” ഉസാറ് പുത്തകം , ഉസാറ് എഴുത്ത് ”
Comments are closed.