DCBOOKS
Malayalam News Literature Website

ഒറവക്കുത്തി: കാവ്യ അയ്യപ്പന്റെ ആദ്യ ചെറുകഥാസമാഹാരം

പാതിരാ തല്ല്

പോലീസ് സ്റ്റേഷൻ്റെ വരാന്തയിൽ കഴുത്തിൽ ബെൽറ്റിട്ട് വട്ടാണെന്ന് എഴുതിയുണ്ടാക്കിച്ച കള്ള സർട്ടിഫിക്കറ്റും പൊക്കിപ്പിടിച്ച് നിൽക്കണ കുഞ്ഞച്ചനെ കണ്ടപ്പോൾ മുതുകത്ത് ചവിട്ടി മറിച്ചിടാനുള്ള കലിയുണ്ടായിരുന്നു കണ്ണമ്മയ്ക്ക്. അഴിയെണ്ണിക്കാൻ കരുതിയാണ് കേസ് കൊടുത്തതെങ്കിലും താഴെയുള്ള ചെറുക്കന്റെ പേര് സ്റ്റേഷനിലെ വെള്ളക്കടലാസിൽ വീഴണ്ടാന്ന് ഓർത്താണ് കണ്ണമ്മ ഒത്തുതീർപ്പിനു തയ്യാറായത്.

ഈ കഴിഞ്ഞ കർക്കിടകവാവ് ദിവസം നട്ടുച്ചനേരത്ത് അലക്കിയ തുണി ഊരിപ്പിഴിയാൻ നിൽക്കുമ്പോൾ പടിഞ്ഞാറേവേലിക്കൽ ഒരു ‘ശൂ ശൂ’ വിളികേട്ട് കണ്ണമ്മ തിരിഞ്ഞു നോക്കി. രണ്ടാം വെട്ടുവഴിയിലുള്ള കുഞ്ഞച്ചൻ വേലിക്കപ്പുറം പുല്ല് പിടിച്ച് കിടക്കണ പറമ്പിൽനിന്ന് കുടിക്കാനിത്തിരി വെള്ളം തരോന്ന് ചോദിച്ചതും ഒരു മൊന്ത വെള്ളവുമെടുത്ത് വേലിക്കൽ ചെന്ന്, മൊന്ത നീട്ടി വെള്ളം ഗ്ലാസിലേക്കു പകർന്നുകൊടുക്കുന്നതിനിടയിൽ നിക്കറിനടിയിലുള്ള സംഗതി പുറത്ത് കാണിച്ച് കുഞ്ഞച്ചൻ നിന്നു. കലികയറി ഓക്കാനം വന്ന കണ്ണമ്മ കൈയിൽ കിട്ടിയ കല്ല് വാരി എറിഞ്ഞ് ഒച്ചയുണ്ടാക്കിയപ്പോൾ ഉച്ചമയക്കത്തിലായിരുന്ന അനിയൻ ചെക്കൻ ഓടിവന്ന് വേലി ചാടിക്കടന്ന് പത്തറുപത് വയസ്സുള്ള കുഞ്ഞച്ചൻ്റെ നടുമ്പുറത്തിട്ട് തൊഴിച്ചു. ചെക്കൻ ഒന്ന് പൊട്ടിച്ചതു കാണാൻ ആളുണ്ടായെങ്കിലും കുഞ്ഞച്ചൻ കാണിച്ച പോക്രിത്തരം കാണാൻ ആ നേരത്ത് ഒരു മണ്ണ് മനുഷ്യൻ അവിടെ ഉണ്ടായില്ല. ഒരു പരാതി എഴുതി പോലീസ് സ്റ്റേഷനിൽ കൊണ്ടും ചെന്നപ്പോൾ കറങ്ങുന്ന കസേരയിലിരുന്ന പോലീസുകാരൻ പേപ്പർ വായിച്ചു നോക്കി വളിച്ച ചിരി ചിരിച്ചിട്ട് കണ്ണമ്മയോട് ഒരു ചോദ്യം ചോദിച്ചു.

“ശരിക്കും നീ അത് കണ്ടാ… എന്തൂട്ടാ കണ്ടേന്ന് വ്യക്തമായിട്ട് പറയ്യ്…”

ആ ചോദ്യത്തിനു മുന്നിൽ അരിശവും സങ്കടവും വന്ന് തല കുനിച്ച് നിൽക്കാനേ കണ്ണമ്മയ്ക്ക് കഴിഞ്ഞുള്ളൂ. മൂന്നാല് ദിവസം കഴിഞ്ഞ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ ഇതുവരെയി ല്ലാത്ത ബെൽറ്റും കഴുത്തിൽ മുറുക്കി, വിറച്ചു വിറച്ച് എസ്. ഐയുടെ മുന്നിൽ കൈകൂപ്പി നിന്ന് പാവത്താനേപ്പോലെ യുള്ള അഭിനയവും കഴിഞ്ഞ് കേസ് ഒത്തുതീർപ്പാക്കി വീട്ടിൽ വന്നതിന്റെ അന്ന് രാത്രിയിൽ കള്ള് കുടിച്ചു വന്ന കുഞ്ഞച്ചൻ കണ്ണമ്മയുടെ വീടിനു പടിക്കൽ വന്ന് ഒച്ചപ്പാടുണ്ടാക്കി.

“നടുവൊടിഞ്ഞ് കെടക്കണ നിൻ്റെ തന്തേനേം നിന്നേം വിറ്റ കാശ് ഈ കുഞ്ഞച്ചൻ്റെ കൈയിലുണ്ട്… ഒരുത്തീം എന്നെ കഴുമരത്തില് കേറ്റാന്ന് വിചാരിക്കണ്ട… കൊന്ന് കളയും കഴുവേറി മോളെ…”

കള്ളും കഞ്ചാവും വലിച്ചുകേറ്റി വളിച്ചതും പുളിച്ചതുമായ സകല വേണ്ടാത്തരവും വീട്ടുപടിക്കൽ വന്ന് ഓക്കാനിക്കണ കുഞ്ഞച്ചനെ വെട്ടാനുള്ള കലിയോടെയായിരുന്നു തെങ്ങ് കയറാൻ പോകുമ്പോൾ കൊണ്ടുപോകാറുള്ള വെട്ടുകത്തി യെടുത്ത് കണ്ണമ്മ പുറത്തിറങ്ങിയത്.

“കുഞ്ഞച്ചൻ കോപ്പേ… ഇനി മിണ്ടിയാൽ കൊന്നുകളയും ഞാൻ…”

ഇട്ടിരുന്ന പാവാട കയറ്റിക്കുത്തി വെട്ടുകത്തി വീശി കണ്ണമ്മ പാഞ്ഞപ്പോൾ അമ്മയും ആങ്ങളയും ചേർന്ന് അവളെ വട്ടം പിടിച്ച് നിന്നു. കൈത്തരിപ്പ് മാറാതെയാണ് കണ്ണമ്മ ആയുധം വെച്ച് പിന്മാറിയത്.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യുക

Leave A Reply