മൃതദേഹം കാണുന്നതിന് കാര്യമായി ആരും വരുന്നുണ്ടായിരുന്നില്ല…
മലയാളത്തിലെ യുവ സാഹിത്യകാരിൽ പ്രമുഖനാണ് ഇ. സന്തോഷ് കുമാർ. അന്ധകാരനഴി, വാക്കുകൾ, കുന്നുകൾ നക്ഷത്രങ്ങൾ തുടങ്ങിയ നോവലുകളും ഗാലപ്പഗോസ്, ചാവുകളി, മൂന്ന് വിരലുകൾ, നിചവേദം തുടങ്ങിയ കഥാസമാഹാരങ്ങളും അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാറിനെയാണ് ഡിസി ബുക്‌സ് Author In Focus –ല്‍ ഈ വാരം പരിചയപ്പെടുത്തുന്നത്. സ്വത്വാവിഷ്‌ക്കാരങ്ങളുടെ സൗന്ദര്യവും മരണത്തിന്റെ പുരാവൃത്തങ്ങളും ആധുനികാനന്തരതയുടെ രാഷ്ട്രീയത്തിൽ ഒരേസമയം സമന്വയിപ്പിക്കുന്ന അഞ്ചു നീണ്ടകഥകളുടെ സമാഹാരമാണ് ഇ. സന്തോഷ് കുമാറിന്റെ ‘ഒരാൾക്ക് എത്ര മണ്ണുവേണം?’
പുസ്തകത്തിൽനിന്ന്
‘മൃതദേഹം കാണുന്നതിന് കാര്യമായി ആരും വരുന്നുണ്ടായിരുന്നില്ല. പാസ്റ്റർ ലാസറസ്സിന്റെ ദൈവദാസന്മാരായ അനുയായികളിൽ ചിലർ വന്ന് ഉറക്കെ പ്രാർത്ഥിച്ചിട്ടു പോയി. ജലപാനമില്ലാതെ തളർന്നിരിപ്പാണെങ്കിലും വിധവകളായ അമ്മായിമാർ ഉറക്കെ സംസാരിച്ചുകൊണ്ട് ആ പ്രാർത്ഥനകളെ തങ്ങളാലാവുംവിധം തടസ്സപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടിരുന്നു.
മൂന്നു മണിയായി. പ്രാർത്ഥനാഹാൾ മേഞ്ഞ ആസ്‌ബെസ്റ്റോസ് ഷീറ്റുകളിൽനിന്നും നരകത്തിലെ തീ വമിച്ചു. ചുറ്റുപാടും ചുട്ടുപൊള്ളുന്നതുപോലെ തോന്നിച്ചു. വിയർപ്പിന്റെ ഗന്ധം മരണത്തോട് ഇടകലർന്നു.
‘എപ്പഴാ ഇവിടന്ന് എടുക്കേണ്ടത് സുനീഷേട്ടാ?’ ആ വാർഡിലെ പഞ്ചായത്തു മെംബറായിരുന്ന വിനോദ് അന്വേഷിച്ചു. സുനീഷിന്റെ വളരെ അകന്ന ഒരു ബന്ധുകൂടിയായിരുന്നു അയാൾ.
‘വൈകില്ല്യ. നീ പൊഴക്കരേല് ചെന്നട്ട് ഒരു കൂപ്പണെടുത്തു വയ്ക്ക്. വെറകും എണ്ണേം അവിടെ കിട്ടും’. ശവമടക്കു നടത്താനുള്ള പുഴക്കര വടക്കോട്ടു മാറി പതിനഞ്ചു കിലോമീറ്റർ ദൂരെയായിരുന്നു. ടെമ്പോയിൽ പോയാൽ അരമണിക്കൂറെടുക്കുമെന്ന് സുനീഷ് കണക്കുകൂട്ടി.
‘അച്ഛനെ കൊണ്ടുവരണ്ടറാ മോനേ?’ അമ്മായിമാരിലൊരാൾ ചോദിച്ചു. അതു ശരിയാണ്. വീട്ടിൽനിന്നും ഇനിയും അച്ഛൻ വന്നിട്ടില്ല.
‘വരണംന്ന്ണ്ടാവില്ലേ? മക്കളില് രാഘോൻ മാത്രമല്ലേ ബാക്കീള്ളൂ. വയ്യാണ്ടായാലും അവൻ വേണ്ടേ കർമ്മം ചെയ്യാൻ?’ അമ്മായിമാർ നിർബന്ധിച്ചു.
‘അച്ഛനോട് പറഞ്ഞിട്ട്ണ്ട്. ആദ്യം കേട്ടപ്പോ അതിന് എന്റച്ഛൻ ജീവിച്ചിരിപ്പുണ്ടോടീ ചൂലേന്നും പറഞ്ഞിട്ട് കെടക്കണ കെടപ്പില് എന്റെ നേർക്കൊരു ചാട്ടം’. സുനീഷിന്റെ ഭാര്യ പറഞ്ഞു.
‘പാവം രാഘോൻ! അവന് ഒന്നും ഓർമ്മീല്ല്യാണ്ടായി’. ഒരു വയോധിക സങ്കടപ്പെട്ടു.
‘ഞാമ്പേടിച്ചു അമ്മായ്യേ’. സുനീഷിന്റെ ഭാര്യ തുടർന്നു: ‘പിന്നെ ഇത്തിരി കഴിഞ്ഞപ്പോ എന്റച്ഛനെ കാണണംന്ന് പറഞ്ഞ് കുട്ട്യോളടന്തി ഒരു കരച്ചില്…. സങ്കടം തോന്നും’.
‘അതിന്‌പ്പോ എങ്ങന്യാ കൊണ്ട്‌വര്വാ?’ ഭാര്യ പറയുന്നത് പാതിമാത്രം കേട്ടുകൊണ്ട് സുനീഷ് ചോദിച്ചു. അയാൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
‘ടെമ്പോല് കൊണ്ടരാം’. ഡ്രൈവർ കുമാരൻ പറഞ്ഞു. ‘പക്ഷേ, രാഘവേട്ടൻ ചത്തോരടപോല്യാ. നല്ല കനംണ്ടാവും. എടുത്തുപൊക്കാൻ എനിക്കൊറ്റയ്ക്കു പറ്റില്ല്യ’.
പെയിന്റുപണിക്കാരനായിരുന്ന രാഘവൻ – രഘുപതി രാഘവൻ എന്നായിരുന്നു അയാൾക്ക് അച്ഛൻ കൊടുത്ത പേര് – പത്തുകൊല്ലം മുമ്പ് വലിയൊരു വീടിന്റെ മുകളിൽനിന്നും പിടിവിട്ടു താഴെ വീണതായിരുന്നു. വീഴ്ചയിൽ രണ്ടുകാലുകളും തളർന്നു. ഒരേ കിടപ്പുകിടന്ന് ശരീരം ജഡം കണക്കു വീർത്തു. ഒന്നും ചെയ്യാനില്ലായിരുന്നു. വീഴ്ചയോടൊപ്പം ഓർമ്മകളും അയാളെ കൈവിട്ടുപോയി. പണ്ഡിറ്റ് കുഞ്ഞിക്കോരുമാസ്റ്ററുടെ നാലു മക്കളിൽ ജീവിച്ചിരിപ്പുണ്ടായിരുന്ന ഏകമകൻ അയാളായിരുന്നു.
പ്രാർത്ഥിക്കാനായി ലാസറസ്സും ഭാര്യയും ഒരിക്കൽക്കൂടി വന്നപ്പോൾ സുനീഷ് പറഞ്ഞു: ‘ഇനി മതി ഉപദേശീ, താമസല്ല്യ, ഞങ്ങള് എറങ്ങ്വായി’.
ഒരിളം കാറ്റുവീശി. ഹാളിന്റെ മേൽക്കൂര കൂറ്റൻ പക്ഷിയുടെ ചിറകുപോലെ പതുക്കെ അനങ്ങി.
അപ്പോൾ പുഴക്കരയിലേക്കു പുറപ്പെട്ട വിനോദ് തിരിച്ചുവന്നു.
‘ഒരു പ്രശ്‌നണ്ട് സുനീഷേട്ടാ’. ബൈക്ക് സ്റ്റാന്റിൽ വച്ചുകൊണ്ട് വിനോദ് പറഞ്ഞു: ‘ഞാനതു മറന്നതാ. പാതി വഴീല് ഓർമ്മ വന്നു. പിന്നങ്ങട്ട് പോയില്ല’.
‘എന്താ കാര്യം?’
‘ഇപ്പോ പൊഴക്കരേല് ശവടക്ക് നടക്കില്ല്യാന്നാ’.
‘ങ്?’
‘ഹൈക്കോർട്ട്‌ന്‌ന് ഓർഡറ്ണ്ട്. പൊല്യൂഷന്റെ പ്രശ്‌നാ. ചെന്നാലും നാട്ടുകാര് തടയും’.
‘അയ്യോ. അപ്പോ നമ്മളെന്താ ചെയ്യ്വാ?’
‘വീട്ടിലെവടേങ്കിലും പറ്റ്‌വോന്ന് നോക്കണം’.
‘അതിന് നമ്മക്കു മണ്ണുണ്ടോ?’
വിനോദ് കൂട്ടിയും കുറച്ചും കുറച്ചുനേരം ആലോചിച്ചു. അയാൾ ജനിച്ചുവളർന്നത് ഒരു കോളനിയിലായിരുന്നു. പഞ്ചായത്തു മെംബറായപ്പോൾ ഒരു വാടകവീട്ടിലേക്കു താമസം മാറി. കോളനിയിലെ മരണങ്ങളെല്ലാം ഇതുവരേക്കും അയാൾക്കു പ്രശ്‌നമായിരുന്നില്ല. ചെറിയൊരു തുക കെട്ടിവച്ച് പുഴക്കരയിൽ സംസ്‌കരിക്കുകയായിരുന്നു പതിവ്. അതിനെതിരെയാണ് ഈ കോടതിവിലക്ക്.
ആലോചിച്ചു വന്നപ്പോൾ ശരിക്കും വഴിയടഞ്ഞിരിക്കുന്നുവെന്നു സുനീഷിനു മനസ്സിലായി. പാസ്റ്റർ ലാസറസ്സും ഭാര്യയും കറുത്ത ചട്ടയുള്ള വേദപുസ്തകങ്ങൾ ഉയർത്തുന്നത് അയാൾ കണ്ടു.
‘തൽക്കാലം നമ്മക്ക് അച്ചാച്ചനെ വീട്ടിലേക്കു കൊണ്ടുപോവാം. അച്ഛനെ കൊണ്ടുവരാണ്ട് കഴിഞ്ഞൂലോ അപ്പോ’. വേറൊന്നും തോന്നാതിരുന്നതുകൊണ്ട് സുനീഷ് പറഞ്ഞു: ‘പൊതുപ്രദർശനം മതി. ഇനീപ്പോ ആരും വര്ണ്ടാവില്ല്യ’.
ആറു സ്ത്രീകൾക്കും മൂന്നു കുട്ടികൾക്കും ഇടയിൽ കാവിനിറമുള്ള തുണിയിൽ പൊതിഞ്ഞ് പായിൽ കിടത്തിയ ശരീരവുമായി ടെമ്പോ പുറപ്പെട്ടു. ഉഷ്ണംകൊണ്ടു വാടിത്തുടങ്ങിയ പൂക്കളുമായി രണ്ടു റീത്തുകൾ അതിന്റെ കാല്ക്കൽ കിടന്നിരുന്നു. വിനോദിന്റെ ബൈക്കിനു പുറകിലിരുന്ന് സുനീഷ് ടെമ്പോയെ അനുഗമിച്ചു.
ദീർഘകാലം സ്വയം ഒതുങ്ങിക്കൂടിയിരുന്ന തളത്തിലെ മൂലയിലായി പണ്ഡിറ്റ് കുഞ്ഞിക്കോരുമാസ്റ്ററെ കിടത്തിയപ്പോൾ തളർന്ന കാലുകൾ ഇഴച്ചുകൊണ്ട് മകൻ രാഘവൻ അടുത്തേക്കു വന്നു. അയാൾ അച്ഛന്റെ ശോഷിച്ച ശരീരത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അവിടെത്തന്നെയിരുന്നു.
‘നീയിത്തിരി മാറിയിരിക്ക് രാഘവോ’. ഒരു വയസ്സി പറഞ്ഞു. ഭക്ഷണം കഴിക്കാത്തതുകൊണ്ട് വയറ്റിൽ വായുനിറഞ്ഞ് അവർ വലിയ ശബ്ദത്തിൽ തേട്ടി ശ്വാസം വലിച്ചു.
രാഘവൻ മാറാൻ കൂട്ടാക്കിയില്ല.
‘നീയിങ്ങനെ ഒട്ടിനിന്നാല് കാർന്നോര്ക്കിത്തിരി വെളിച്ചം കിട്ടാണ്ടാവില്ലേ?’ മറ്റേ വയസ്സി അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
‘ഇതാരാദ്?’ രാഘവൻ മൃതശരീരത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടു ചോദിച്ചു.
ആരും ഉത്തരം പറഞ്ഞില്ല.
പുറത്ത് നാലുവരി പാതയിലൂടെ വിചിത്രമായ ശബ്ദത്തോടെ ഒരു വലിയ ലോറി കടന്നുപോയി.
‘ടോറസാ! പതിനാറു ചക്രം’. പത്തു വയസ്സുകാരനായ ഒരു കുട്ടി ശബ്ദം കേട്ട് വാഹനം തിരിച്ചറിഞ്ഞു.
‘അതിന്റെ മോളില് പോളോ കാറു കേറ്റിക്കൊണ്ടു പോവ്വോ’. പുറത്തേക്കു നോക്കിക്കൊണ്ട് വേറൊരു കുട്ടി അത്ഭുതത്തോടെ അറിയിച്ചു.
‘പോളോ! വോക്‌സ് വാഗൻ’. ആദ്യത്തെ കുട്ടി പറഞ്ഞു.
‘ഫോക്‌സ് വാഗൻന്ന് പറയട പൊട്ടാ!’ അപരൻ തിരുത്തി, ‘ടീവീല് കേട്ടട്ടില്ല്യേ, ഫോക്‌സ്വാഗൻ, ദസ് ഓട്ടോ!’
രാഘവൻ മൃതദേഹത്തിന്റെ മുഖത്ത് തന്റെ പരുത്ത കൈകൾകൊണ്ട് ഉരുമ്മാൻ തുടങ്ങി’.
Comments are closed.