‘ഊദ്’ ഭാവനയുടെയും ഭ്രമാത്മകതയുടെയും സുഗന്ധം
ഷമിന ഹിഷാമിന്റെ ‘ഊദ്’ എന്ന നോവലിന് പ്രസാദ് കാക്കശ്ശേരി എഴുതിയ വായനാനുഭവം
ഡി സി ബുക്സ് 2022 നോവൽ മത്സരം ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഷമിന ഹിഷാമിന്റെ ‘ഊദ് ‘എന്ന നോവൽ സമർപ്പിച്ചിരിക്കുന്നത് കഥകൾ പറഞ്ഞു പറഞ്ഞു തന്ന് കാഴ്ചയുടെ ലോകത്തേക്ക് കൈവിരൽ പിടിച്ചു നടത്തി പ്രതീക്ഷയോടെ ജീവിക്കാൻ പഠിപ്പിച്ച തന്റെ പിതാവിനാണ്. ഈ സമർപ്പണവാക്യത്തിൽ തന്നെയുണ്ട് നോവലിന്റെ സാരാംശം . പറയപ്പെട്ട കഥകളും സങ്കല്പ-യാഥാർത്ഥ്യങ്ങൾക്കപ്പുറം ബോധത്തെ കീഴ്പ്പെടുത്തിയ വിശ്വാസങ്ങളും മിത്തുകളും കൗമാരം പിന്നിട്ട ആത്തി എന്ന പെൺകുട്ടിയുടെ അനുഭവ തരളതയിൽ ആവിഷ്കൃതമാകുന്ന നോവലാണിത്. ഒരേ സമയം കഥകളും കാഴ്ചകളും പാരസ്പര്യപ്പെടുത്തുന്ന ആഖ്യാനത്തിന്റെ സൂക്ഷ്മതയും നോവലിൽ കാണാം . എം.ടി, പത്മരാജൻ എന്നിവരുടെ കഥാലോകത്തെ ദൃശ്യ സാധ്യതകൾ പോലെ വേറിട്ട പെൺ കാഴ്ചകൾ നോവലിന്റെ വ്യത്യസ്തതയാണ്. വായനക്കാരെ വാക്കുകൾ കൊണ്ടും കാഴ്ചകൾ കൊണ്ടും പരിചരിക്കുന്ന ആഖ്യാനം . മർത്ത്യഭാവനയ്ക്ക് പകരം നിൽക്കാൻ നിർമ്മിത ബുദ്ധിക്കാവില്ല എന്ന ശുഭപ്രതീക്ഷ ഉറപ്പിക്കുന്ന കഥാലോകം.
പരത്തിപ്പറയാനുള്ള സാധ്യതകൾ ഒഴിവാക്കി, പരമാവധി ചുരുക്കി സ്വച്ഛമായി അവധാനതയോടെ മുന്നേറുന്ന രചനാരീതി പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഉത്തരമലബാറിലെ മുസ്ലിം പരിസരത്തിലെ ജീവിത ചിത്രണമാണ് ആഖ്യാന ഭൂപടത്തിൽ അടയാളപ്പെടുന്നത്. ജിന്നുകളും മലക്കുകളും കെട്ടുകഥകളും തലമുറകളെ സ്വാധീനിക്കുന്നത്.. ഭാവനാത്മകമായ, ഭ്രമാത്മകമായ ചിത്ത വൃത്തികളായി ആതി എന്ന പെൺകുട്ടിയെ ബാധിക്കുന്നത്.. ഇവിടെയാണ് നോവൽ ഫാൻറസിയുടെ ലോകം തുറക്കുന്നത്. വല്യമ്മ പറഞ്ഞു തന്ന കഥകളിൽ നിറയെ ജിന്നുകളും മലക്കുകളും തേർവാഴ്ചകളും ആയിരുന്നു. വലിയപുരക്കൽ തറവാടും അവിടത്തെ ഹരിതാഭമായ പരിസരങ്ങളും കഥകളായി വിഭ്രമ ചിന്തകളായി ആത്തിയുടെ മനസ്സിൽ മറ്റൊരു ലോകം സൃഷ്ടിക്കുന്നു. ആത്തിയുടെ അസാധാരണ മനോനില കുടുംബങ്ങളിൽ സന്ദേഹവും വ്യഥയും സൃഷ്ടിക്കുന്നുണ്ട്. യാഥാർത്ഥ്യത്തിന് നിരക്കാത്ത ഉന്മാദത്തിന്റെയും ഭാവനയുടെയും സ്വാതന്ത്ര്യമാണത്. പെണ്ണിന്റെ പ്രണയവും സ്വാതന്ത്ര്യവും പാരിസ്ഥിതികവും ഗ്രാമീണവുമായ നേരുകളും കഥകളായി വിചിത്ര സ്വരൂപമായി പരിണമിക്കുന്നു. തറവാട്ടിലെ വിശാലമായ തൊടിയും കുളവും കിണറും പൊന്മാനും കുളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന അമ്പഴങ്ങക്കുലകളും പനീർ ചാമ്പയും കിണർക്കരയിലിരുന്ന് തലവെട്ടിച്ചെടി കൊണ്ട് കളിച്ച ബാല്യവും ദൃശ്യാത്മകമായി അനുഭവിപ്പിക്കുന്ന നോവൽ ജിന്നുകളുടെ മലക്കുകളുടെ കഥകൾക്കപ്പുറം സമൂഹ മനസ്സിന്റെ ജീവിതരേഖകളിൽ നിർണ്ണയിക്കപ്പെട്ട അയുക്തിക വിശ്വാസത്തിന്റെ പ്രതിനിധാനമാണ്. തറവാട്ട് തൊടിയിൽ ഒറ്റപ്പെട്ടെത്തുന്ന ചെമ്പോത്ത്, ജിന്നായി പരിണമിക്കുന്നു ആത്തിയുടെ മനസ്സിൽ . അവളെ മറ്റൊരു ലോകത്തേക്ക് , സ്വാതന്ത്ര്യവാഞ്ഛയിലേക്ക് ആണധികാര പ്രയോഗമില്ലാതെ കൊണ്ടുപോകുന്ന ജിന്ന് . പ്രണയത്തിന്റെ സ്വച്ഛതയിലേക്ക് കൂടിയാണ് ആ പ്രയാണം. ഉറങ്ങുന്ന പെണ്ണിന്റെ കനവുകൾ മോഷ്ടിക്കുന്ന ജിന്ന് , ജിന്ന് കുത്തിയ കിണർ , ഹാറൂത്ത് – മാറൂത്ത് മലക്കുകൾ … ഇങ്ങനെ കഥകളുടെ മാന്ത്രിക പരിസരത്തിൽ പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അപരലോകം നിർമ്മിക്കുന്ന സ്ത്രീ മനസ്സിന്റെ ഫാൻറസി കലർന്ന ആവിഷ്കാരമായി നോവൽ മാറുന്നു.
എഴുത്തുകാരിയുടെ ഭാവനയിൽ എന്നപോലെ സുഗന്ധമായി, കഥകളുടെ ഭ്രമാത്മക പരിസരം
അയുക്തിക സൗന്ദര്യമായി , വായനയിൽ സർഗാത്മകമായി ബാധിക്കുന്നു ‘ഊദ് ‘ എന്ന നോവൽ.
Comments are closed.