അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ… ഓര്‍മ്മകളില്‍ ഒഎന്‍വി
മലയാളത്തിന്റെ പ്രശസ്ത കവിയായ ഒ.എന്‍.വി കുറുപ്പ് 1931 മെയ് 27-ന് ജനിച്ചു. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുകുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂര്‍ണ്ണത നല്‍കുന്നതിലും കവിതയെ സാധാരണ ജനങ്ങളിലെത്തിക്കുന്നതിനും മുന്നില്‍ നിന്നവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ഒ.എന്‍.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകള്‍ ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സാഹിത്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തിന് 2010-ല്‍ ലഭിച്ചു.
1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു.കെ., കിഴക്കന്‍ യൂറോപ്പ്, യുഗോസ്‌ളോവ്യ , സോവിയറ്റ് യൂണിയന്‍, അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍, മാസിഡോണിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നീ വിദേശ രാജ്യങ്ങളില്‍ ഒ.എന്‍.വി. സന്ദര്‍ശനം നടത്തിയിട്ടുണ്ട് . വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആദ്യം ബാലമുരളി എന്ന പേരില്‍ പാട്ടെഴുതിയിരുന്ന ഒ.എന്‍.വി. ശ്രീ ഗുരുവായൂരപ്പന്‍ എന്ന ചലച്ചിത്രം മുതലാണ് ഒ.എന്‍.വി എന്ന പേരില്‍ത്തന്നെ ഗാനങ്ങള്‍ എഴുതിയത്. ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 1987-ല്‍ മാസിഡോണിയയിലെ സ്ട്രൂഗ അന്തര്‍ദ്ദേശീയ കാവ്യോത്സവത്തില്‍ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു.
പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും നൃത്തശില്‍പങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവെച്ചായിരുന്നു അന്ത്യം.
Comments are closed.