DCBOOKS
Malayalam News Literature Website

കോട്ടയത്തിന്റെ പഴമയും പെരുമയും കണ്ടറിയാന്‍ ഒരു പൈതൃകയാത്ര

ചരിത്രവും പൈതൃകവുമുറങ്ങുന്ന പഴയ കോട്ടയം പട്ടണത്തിന്റെ പൈതൃകകാഴ്ചകള്‍ കണ്ടും ചരിത്രവിശേഷങ്ങള്‍ കേട്ടും ഒരു കാല്‍നടയാത്ര സംഘടിപ്പിക്കുന്നു. കോട്ടയം ചെറിയപള്ളി മഹായിടവകയുടെ നേതൃത്വത്തില്‍ കോട്ടയം നാട്ടുകൂട്ടം, കോട്ടയം തളിയില്‍ മഹാദേവക്ഷേത്ര ഉപദേശകസമിതി, താഴത്തങ്ങാടി മുസ്‌ലിം ജമാ അത്ത്, കോട്ടയം വലിയപള്ളി എന്നിവരുടെ സഹകരണത്തോടെ ജൂണ്‍ 30-നാണ് ഈ പദയാത്ര സംഘടിപ്പിക്കുന്നത്.

രാവിലെ 10ന് ചെറിയപള്ളിയില്‍ നിന്നാരംഭിക്കുന്ന പൈതൃകയാത്ര തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തെക്കുംകൂര്‍ രാജവാഴ്ചയുടെ ഭരണതലസ്ഥാനം എന്ന നിലയില്‍ പഴയ കോട്ടയം നഗരത്തിന്റെ പ്രാധാന്യവും ചരിത്രത്തെ വ്യക്തമാക്കുന്ന ഭൂമിശാസ്ത്രപരമായ അടയാളങ്ങളും പൈതൃസ്മാരകങ്ങളായ നമ്മുടെ ആരാധനാലയങ്ങളുടെ ചരിത്രവും വാസ്തുപരമായ പ്രത്യേകതകളുമെല്ലാം അറിയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പദയാത്രയില്‍ തളിയില്‍ മഹാദേവ ക്ഷേത്രം, താഴത്തങ്ങാടി ജുമാ മസ്ജിദ്, എടക്കാട്ടു പള്ളി, കോട്ടയം വലിയപള്ളി എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച ശേഷം ചെറിയ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സമാപനസമ്മേളനം തെക്കുംകൂര്‍ വലിയ തമ്പുരാന്‍ പി.എന്‍. രവിവര്‍മ്മരാജ ഉദ്ഘാടനം ചെയ്യും.

നാംസ്‌കാരികസമ്പന്നമായ ആ കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലായി അവശേഷിക്കുന്ന ഏതാനും ആരാധനാലയങ്ങളും പ്രദേശവാസികളില്‍ നിലനിന്നുപോരുന്ന മതാതീതമായ ഒത്തൊരുമയുമാണ് പഴയ കോട്ടയത്തിന്റെ പൈതൃകസമ്പത്ത്. കാല്‍നടയാത്രയായി സഞ്ചരിച്ച് ഈ ആരാധനാലയങ്ങളും രാജവാഴ്ചക്കാലത്തെ ഭരണസംവിധാനങ്ങള്‍ നിലനിന്നിരുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളും നേരില്‍ കണ്ടും അറിഞ്ഞുമുള്ള ഈ യാത്രയില്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം.

Comments are closed.