DCBOOKS
Malayalam News Literature Website

ലക്ഷദ്വീപിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 50 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു

ഓഖി ചുഴലിക്കാറ്റില്‍ നിന്നും രക്ഷപ്പെട്ട് ലക്ഷദ്വീപിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 50 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. 352 പേരാണ് ലക്ഷദ്വീപിലെ ദുരിതാശ്വാസ ക്യാമ്പുകളിലുളളത്. ഇവരില്‍ 302 പേര്‍ വരുംദിവസങ്ങളില്‍ കൊച്ചിയിലെത്തും. അതേസമയം ഉള്‍ക്കടലില്‍ കാണാതായവര്‍ക്കുളള തെരച്ചില്‍ ഇപ്പോഴും ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.ലക്ഷദ്വീപിന്റ വിവിധ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോയവരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് എം വി കവരത്തി കപ്പലില്‍ കൊച്ചിയിലെത്തിയത്. ഇവര്‍ക്ക് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും ജില്ലാ ഭരണകൂടവും പോര്‍ട്ട് ട്രസ്റ്റും സ്വീകരണം നല്‍കി. ഹാരമണിയിച്ചും ബൊക്ക നല്‍കിയുമാണ് ഇവരെ സ്വീകരിച്ചത്.

50 പേരടങ്ങുന്ന സംഘത്തില്‍ 2 പേര്‍ മലയാളികളാണ്. ഒരിക്കലും രക്ഷപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് തിരുവനന്തപുരം സ്വദേശികളായ സെല്‍ട്ടണ്‍ ആരോഗ്യദാസും, സച്ചിന്‍ ജോസഫും പറഞ്ഞു. രക്ഷപ്പെട്ടവരില്‍ 45 പേര്‍ തമിഴ്‌നാട് സ്വദേശികളും രണ്ട് പേര്‍ അസം സ്വദേശിയും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്.

ലക്ഷദ്വീപില്‍ 352 പേര്‍ ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നുണ്ടെന്നും 302 പേര്‍ കൊച്ചിയിലേക്ക് പുറപ്പെട്ട് കഴിഞ്ഞതായും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രാജീവ് രഞ്ജന്‍ പറഞ്ഞു. അതേസമയം നേവിയുടെ 10 കപ്പലുകള്‍ ഇപ്പോഴും ഉള്‍ക്കടലില്‍ തെരച്ചില്‍ തുടരുകയാണ്. കൂടാതെ മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഐഎന്‍എസ് സുജാത എന്ന കപ്പല്‍ കൂടി ഇപ്പോള്‍ യാത്ര തിരിച്ചിട്ടുണ്ട്.

Comments are closed.