എം ടിയുടെ വരികള്‍ ഇനി ‘ഔദ്യോഗിക ഭാഷാപ്രതിജ്ഞ’
മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ എഴുതിയ ‘മലയാളമാണ് എന്റെ ഭാഷ..’ എന്നുതുടങ്ങുന്ന പ്രതിജ്ഞ ഔദ്യോഗിക ഭാഷാപ്രതിജ്ഞയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ലോക മാതൃഭാഷാ ദിനമായ 21ന് പ്രതിജ്ഞ ഔദ്യോഗികമായി നിലവില്‍വരും. ഇതു സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസമുണ്ടാകും.
ഔദ്യോഗിക ഭാഷാപ്രതിജ്ഞയാക്കുന്നതിന് അനുകൂല പ്രതികരണം എം ടി സര്‍ക്കാരിനെ അറിയിച്ചു. മലയാളത്തിന്റെ മാധുര്യവും സാരള്യവും വൈകാരികമായി അനുഭവിപ്പിക്കുന്നതാണ് പ്രതിജ്ഞ. ഭാഷയോടുള്ള ആദരവും ഹൃദയാഭിമുഖ്യവും മതനിരപേക്ഷതയും നിറയുന്ന ചെറുവാക്കുകളാണിതില്‍.
തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്കായി എം ടി എഴുതി നല്‍കിയതാണ് ഈ പ്രതിജ്ഞ. പള്ളിക്കൂടം ഡയറക്ടറായ കവി വി മധുസൂദനന്‍നായര്‍ ഇത് ഭാഷാപ്രതിജ്ഞയായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഇത് പരിശോധിച്ച് താല്‍പ്പര്യം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഭാഷാവിദഗ്ധന്‍ ആര്‍ ശിവകുമാര്‍, ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പ് ജോ. സെക്രട്ടറി എസ് മുഹമ്മദ് ഇസ്മയില്‍കുഞ്ഞ് എന്നിവര്‍ എം ടിയെ നേരിട്ടുകണ്ട് സര്‍ക്കാരിന്റെ ആഗ്രഹം അറിയിച്ചു. തുടര്‍ന്ന് എം ടി പ്രതിജ്ഞയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും വരുത്തി അനുവാദം നല്‍കി.
ലോക മാതൃഭാഷാ ദിനമായ 21ന് പൊതുവിദ്യാലയങ്ങളില്‍ പ്രതിജ്ഞ ചൊല്ലലുണ്ടാകും.
എം ടി വാസുദേവന്‍നായര്‍ എഴുതിയ പ്രതിജ്ഞ;
മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.ഏതുനാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത് എന്റെ ഭാഷയിലാണ്.എന്റെ ഭാഷ ഞാന്‍ തന്നെയാണ്.
Comments are closed.