DCBOOKS
Malayalam News Literature Website

ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പം ‘ഒടിയൻ’

നമ്മുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞുപോകുന്ന നിരവധി സംസ്‌കാരങ്ങളുണ്ട്. പക്ഷേ, നാം അത് ശ്രദ്ധിക്കാറില്ല, കാണാറുമില്ല. ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പത്തെ ആധാരമാക്കി പി.കണ്ണന്‍കുട്ടി രചിച്ചിരിക്കുന്ന നോവലാണ് ഒടിയന്‍. പാലക്കാടന്‍ ഗ്രാമമായ പരുത്തിപ്പുള്ളിയിലെ പറയത്തറയും അവിടത്തെ പറയരുടെ ആഭിചാരജഡിലമായ ജീവിതവുമാണ് ഈ നോവലിന് വിഷയമായിരിക്കുന്നത്. അവരുടെ ദൈവികവും മാന്ത്രികവും നീചവും നിഗൂഢലുമായ കഥകളാണ് ഈ നോവലിന്റെ പശ്ചാത്തലം.

‘പറക്കാടത്തി വെള്ളമായനെ തേടി പുറത്തുവന്നു. ഞെട്ടി. അവന്റെ ഇടതു കൈയില്‍ പാമ്പിന്റെ തല. പുറത്തേക്ക് തെറിക്കുന്ന നാവ്. ഉടല്‍ അവന്റെ കഴുത്തില്‍. വാല്‍ നിലത്ത്. അവള്‍ പേടിച്ച് പിന്മാറി.’ ഈ പേടിയെ വായനക്കാരിലേക്കു സംക്രമിപ്പിക്കാന്‍ ഒടിയന്‍ എഴുതിയ നോവലിസ്റ്റിനാവുന്നു എന്നതാണ് ആ കൃതിയെ ഒരു മികച്ച ഭാഷാനുഭവവും നോവലനുഭവവുമാക്കി മാറ്റുന്നത്. കറന്റ് ബുക്‌സ് സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ കൃതിയാണ് ഒടിയന്‍. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒടിയന്റെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

“പാലക്കാടന്‍ ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ചിത്രങ്ങള്‍ അടങ്ങിയ ഈ നോവല്‍ ഭാഷാപരമായി പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മത കൊണ്ട് ശ്രദ്ധേയമാണ്. നമ്മുടെ മലയാള നോവല്‍ പാരമ്പര്യത്തെ ശക്തമായി പിന്‍പറ്റുന്ന കൃതിയുമാണിത്.” പ്രശസ്ത സാഹിത്യകാരനായ സി.വി ബാലകൃഷ്ണന്‍  നോവലിനെ കുറിച്ച് അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ്.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.