DCBOOKS
Malayalam News Literature Website

പാലക്കാടന്‍ ഗ്രാമമായ പരുത്തിപ്പുള്ളിയിലെ പറയത്തറയും അവിടത്തെ പറയരുടെ ആഭിചാരജഡിലമായ ജീവിതവും

ഒറ്റയിരിപ്പിന്ന് വായിച്ചുതീർക്കാൻ പറ്റിയ മൂഡ് തരുന്ന പുസ്‌തകമാണ് പി.കണ്ണൻകുട്ടിയുടെ ‘ഒടിയൻ‘ എന്ന നോവൽ. കറന്റ്‌ ബുക്‌സിന്റെ സുവർണ്ണ ജൂബിലി നോവൽ മത്സരത്തിൽ സമ്മാനാർഹമായ കൃതിയാണിത്.

നമ്മുടെ മുന്നിൽനിന്നും മറഞ്ഞുപോകുന്ന ജീവിതരീതികൾ, സംസ്‌കാരങ്ങൾ ഒക്കെ തേടി എഴുത്തുകാരൻ നടത്തുന്ന ഒരു യാത്രയാണ് ‘ഒടിയൻ

ദേവീക്ഷേത്രത്തിൽ നിന്ന് ദേവി കുടിയേറിപ്പാർത്ത സ്ഥലമാണ് പറയത്തറ. അവിടെ തലമുറ തലമുറയായി ഓടിയന്മാർ ഒടിവിദ്യ ചെയ്യുന്നു. ഓടിയനായ കരിമണ്ടി കള്ള് മോഷ്ടിക്കാൻ പനയിൽ കയറി വീഴുന്നിടത്ത് കഥ തുടങ്ങുകയാണ്.

ആശുപത്രീ വാസം കഴിഞ്ഞ് കരിമണ്ടി ജീവച്ഛവമായി പിന്നീടുള്ള കാലം ജീവിക്കുന്നു. കരിമണ്ടിയുടെ ഭാര്യ പറകാടത്തി. മകൻ വെള്ളമായൻ.

പറക്കാടത്തിക്ക് ജീവിക്കാനുള്ള വകകൾ നൽകുന്ന മാലിനിമ്മയുടെ മകൻ ചന്തൻ അയൽപക്കത്തുള്ള രമണി എന്ന പെൺകുട്ടിക്ക് അവിഹിത ഗർഭം നൽകുന്നു. പെരുമഴയുള്ള ഒരു പാതിരാത്രി ചന്തൻ രമണിയെ വീട്ടിൽ തൻറെ പെണ്ണായി കൂട്ടികൊണ്ടുവന്നു. രമണി താഴ്ന്ന ജാതിക്കാരിയാണ്. അവൾ കണ്ണൻ എന്ന അയല്പക്കക്കാരൻ പയ്യന് വീട്ടുകാർ പറഞ്ഞുവച്ചിരിക്കുന്നവളാണ്. കോലാർഖനിയിൽ ജോലിചെയ്യുന്ന കണ്ണൻ ഒത്തിരിപ്രതീക്ഷയോടെ കല്യാണത്തിന് വരികയും രമണി ഓടിപ്പോകുന്നതറിഞ്ഞ് എവിടേക്കോ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഒരു ദുരൂഹ അന്ത്യം.

P Kannankutty-Odiyanകരിമണ്ടിയുടെ കാലശേഷം മകൻ വെള്ളമായൻ ഒടിയനാകുന്നു. പിന്നീടുള്ള മരണങ്ങൾ, പറകാടത്തിയുടെ അന്ത്യം, കഥ വ്യത്യസ്‍തമായ രീതിയിൽ വായനക്കാരനെ ശ്വാസമടക്കി പിടിച്ചിരുത്തുന്ന രംഗങ്ങൾ.

നൂറ്റാണ്ടുകൾക്ക് മുമ്പ് ഓടിയന്മാരുടെ മുൻതലമുറയിലെ ചെപ്പനെ നമ്പൂതിരി ശപിച്ച ശാപം പൂർണ്ണമാവുകയാണ്. ദേവീ ക്ഷേത്രത്തിലെ ദേവി നമ്പൂതിരിയുടെ കൂടെ ഒരു പെണ്ണിനെപ്പോലെ നടന്ന കാലത്ത്, കാവിൽ ദേവിയെ തെറിയഭിഷേകം നടത്തികൊണ്ടിരുന്ന ചെപ്പനെ ദേവിക്ക് ഇഷ്ടപ്പെടുകയും, ക്ഷേത്രത്തിൻറെ ശ്രീകോവിൽ ഉപേക്ഷിച്ച് ചെപ്പന്റെ കൂടെ കാവിൽ കൂടുകയും ചെയ്‌തു. ഇതുകണ്ട നമ്പൂതിരി ചെപ്പനേയും തലമുറയെയും ശപിക്കുന്നു. കഥ അവസാനിക്കുന്നത് ഈ ശാപം പൂർത്തിയാകുന്നതോടെയാണ്.

ഭാവമാറ്റം വന്ന വെള്ളമായൻ കാവ് ഉപേക്ഷിച്ച് പരുത്തിപ്പള്ളിയിലും വായനക്കാരൻറെ മനസ്സിലും അലയാൻ വിട്ട് പി. കണ്ണൻകുട്ടി എന്ന എഴുത്തുകാരൻ കഥ അവസാനിപ്പിക്കുന്നു.

120 പേജുള്ള ഈ നോവലിൽ തലമുറകളുടെ കഥയാണ് കഥാകാരൻ കാച്ചിക്കുറുക്കി പറയുന്നത്. ബോറടിക്കാത്ത വായാനാനുഭവം. ഐതീഹ്യങ്ങളും, മിത്തുകളും തേടിപോകുന്നവർക്ക് പ്രത്യേക അനുഭവം നൽകുന്ന എഴുത്ത്. തുടക്കത്തിലെ ചെറിയ അവ്യക്തത മാറി ആകാംഷ ജനിപ്പിച്ച് കഥ മുന്നേറുകയാണ്.

അടുത്തകാലത്ത് വായിച്ച നല്ലൊരു എഴുത്ത്, ആഖ്യാന ശൈലി, നല്ലൊരു കഥ. അതാണ് ‘ഒടിയൻ’.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പി.കണ്ണന്‍കുട്ടിയുടെ ‘ഒടിയൻ’ എന്ന ശ്രദ്ധേയമായ നോവലിനു ജോയ് ഡാനിയേൽ എഴുതിയ വായനാനുഭവം.

കടപ്പാട് ; joydanie.blogspot.com

 

Comments are closed.