പൊള്ളുന്ന കഥകളുടെ മേലേരി…!
ജിൻഷ ഗംഗയുടെ ‘ഒട ‘ യെക്കുറിച്ചു ശ്യാം സോർബ പങ്കുവെച്ച കുറിപ്പ്
മണ്ണിൽ കാലുറച്ചു നിൽക്കുന്ന ഒൻപത് കഥകൾ, ഒൻപതിലേറെ ജീവിതങ്ങൾ, അത്ര തന്നെ ഭൂമികകൾ. അനുഭവങ്ങളുടെ മേലേരി പുൽകിയ കോലക്കാരന്റെ പൊള്ളുന്ന മേല് പോലെ ഓരോ താളിലും കനലെരിയുന്ന വരികൾ വിതച്ച് കഥാകൃത്ത് വായനക്കാരനെ ചുട്ട് പൊള്ളിക്കുന്നുണ്ട്.
“എനക്ക് തിരിയൂലാന്നൊന്നും പറയണ്ട…” ലീല വിട്ടുകൊടുത്തില്ല. “ശരിക്കും തീച്ചാമുണ്ഡീടെ ഐതിഹ്യം പുരാണത്തില് പറയുന്നത് മാതിരി നരസിംഹം അഗ്നിയെ മർദിക്കുന്നതാന്നൊന്നും എനക്ക് തോന്നുന്നില്ല. ഏതെങ്കിലും പാവം മലയനെ തീയില് ചുട്ടുകൊല്ലാൻ വേണ്ടീട്ട് തമ്പ്രാക്കള് ഇണ്ടാക്കിയ സൂത്രാരിക്കും ഇതെല്ലാം…”
ലീലയെക്കാൾ ശക്തമായി വിപ്ലവം പറഞ്ഞ മറ്റൊരു പെണ്ണുണ്ടോന്ന് സംസാരിക്കേണ്ടിയിരിക്കുന്നു. ദൈവങ്ങൾക്കപ്പുറത്ത് മനുഷ്യനെ കണ്ട ലീലയെക്കാൻ വിശാലമായി ചിന്തിക്കാൻ പണിക്കർക്ക് എന്തായാലും കഴിഞ്ഞൂന്ന് വരില്ല. നൂറും നൂറ്റെട്ടും പ്രാവശ്യം കനലിൽ വീണ് എണീറ്റാലും, ഒടയഴിച്ച് വെച്ച് പിന്നേം പിന്നേം കനലിൽ വീണാലും തെയ്യക്കാർക്ക് പൊള്ളൂലന്ന് ആണ് വെപ്പ്…
പക്ഷെ കാണുന്നോർക്ക് എല്ലാം പൊള്ളും, അതുപോലെയാണ് ഈ കഥകൾ അത്രയും. വായിക്കുന്നോർക്ക് എല്ലാർക്കും പൊള്ളും. മേലും ഉള്ളും നീറും.
വായിച്ചു വായിച്ചു മുന്നോട്ട് പോകുമ്പോ ‘ഉപ്പിൽ’ നിരങ്ങി വീഴും. പിന്നെ തുടർന്ന് മുന്നോട്ട് പോകാൻ കഴിയാത്ത വണ്ണം പിടയും.
ഓരോ കഥയിലും നിറയെ മനുഷ്യരുണ്ട്, ഓരോ മനുഷ്യന്റെ ഉള്ളിലേക്കും ജിൻഷ കയറി ചെന്നിട്ടുമുണ്ട്. കഥയെഴുതുക എന്നതിനപ്പുറത്തേക്ക് ജീവിതം കാട്ടി തരാനുള്ള വ്യഗ്രതയും തീരുമാനവും ഉണ്ട് ഈ കഥകളിൽ അത്രയും.
ഒട – ഊരിനും ഉലകത്തിനും ഗുണം വരണേന്ന് നെഞ്ച് പൊട്ടി തോറ്റം ചൊല്ലി ഊരും ഉലകവും അന്യമായി പോയ കനലാടിയുടെ ജീവിതമാണ്. തോട്ടുവക്കത്ത് ഹൃദയം പൊട്ടി വീണ അപ്പാപ്പന്റെയും അപസ്മാര ചുഴിയിൽ മുങ്ങി താണ ലീലയുടെയും കഥയാണ്. എന്നാലും ഇനിയാര് നാടിന്റെ ഉള്ളറിഞ്ഞു വാചാലം ചൊല്ലും?
പൂച്ചയുടെ മണവും നടത്തവും ഉള്ളുമുള്ള ചന്ദ്രികയുടെ ജീവിതമാണ് ഉമ്പാച്ചി. ഉയിര് തന്ന വെള്ളത്തിൽ ഉടല് വെച്ചോള്ടെ കഥ. ദേഹം മുഴുവൻ വീർത്ത് പൊങ്ങിയ കുറിഞ്ഞിപൂച്ചയെ പോലെ ചന്ദ്രി കിടക്കുമ്പോ? ഹാ…….
കഥകളിലെ മരണങ്ങൾ വേവ്വേറെയാണ്. ലോകത്തിലെ നാനാ മനുഷ്യരെ പോലെ വെവ്വേറെ. രവിയും കുട്ടാപ്പുനരിയും കുട്ടാടൻ പൂശാരിയും അമരാന്റയും ഹെക്ടറും കൊന്തുണ്ണിയും ക്രെസ്പിയും അമോറും അങ്ങനെ അറ്റമില്ലാതെ നീളുന്ന മരണങ്ങൾ. ഇവരൊക്കെ ഒരുപോലെ മരിച്ചിരുന്നു എങ്കിൽ മരണത്തിനു ഇത്രയും ഭംഗി ഉണ്ടാവില്ലായിരുന്നു.
വിസെലിറ്റ്സ ആ എഴുത്തുകാരന്റെ മാത്രം കഥയാണെന്ന് തോന്നുന്നില്ല. എഴുതി എഴുതി വാക്കുകളും വരികളും തീർന്നുപോയ, ജീവിതം ഒരു തടവറയിൽ സ്വയം പൂട്ടിയിട്ട കൊറേ മനുഷ്യരുടെ കഥയാണ്. എഴുത്തുകാരന് അപ്പുറത്ത് പ്രഭാകരന്റെ കഥയാണത്. പ്രഭാകരൻ പറയുന്ന കഥകൾക്ക് മുകളിലേക്ക് ഇനിയൊരു കഥ പറയാൻ ഇല്ലാത്ത മനുഷ്യരുടെ നിസ്സഹായാവസ്ഥയുടെ കഥ..
“മേയ്ക്കണിന്ത പീലിയുമായിൽ മേൽത്തൊന്നും മേനിയും….” ഗ്ലാഡിസ് ചവിട്ടിയ മാർഗ്ഗംകളി ചുവടുകൾ ഒരിക്കലും പിഴക്കില്ല. ജീവിതത്തെ തട്ടാക്കി അതിലേറി ചവിട്ടി പലകയിളക്കി കൈകൂപ്പി കളിച്ച കളിയല്ലേ…. “തെയ് തെയ് വാഴ്ക…..”
ചാപ്പ – ഇനിയും എന്തൊക്കെയോ പറയാനുണ്ടായിരുന്നു ആ കഥയിൽ. രാഘവനും രമണിയും കുഞ്ഞിക്കണ്ണനും ഒക്കെ പറയാൻ ജീവിതം ബാക്കിയായിരുന്നു. എഴുത്തുകാരി അവരെ വിട്ടു തന്നു. വായനക്കാരന് ചോദിച്ചെടുക്കാം ബാക്കി ജീവിതം.. അതിര്, – അച്ചാമ്മയുടെയും ജോസഫിന്റെയും അവരുടെ ഇഷ്ട്ടങ്ങളുടെയും, അതിലേറെ അതിരുകളുടെയും കഥയാണ്. അടുക്കളയുടെ ടൈലിൽ ചുരുണ്ടുകൂടി കിടക്കുന്ന അമ്മച്ചിക്ക് ഇനിയും പറയാനുണ്ടാകും എന്തൊക്കെയോ കാര്യങ്ങൾ…
പെൺപിറവികളിൽ വീണ്ടും വീണ്ടും ആസ്വസ്ഥരാകുന്നവരുടെ, ഇന്നും നാളെയും വീണ്ടും വീണ്ടും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ജീവിതമാണ്. ഇതിനേക്കാൾ ഒക്കെ വഴുതി വീണ് മുറിവേറ്റ ഒന്നുണ്ട്. ഉപ്പ്. വീഴ്ചയിൽ മേലാസകലം ഉപ്പ് കല്ല് തറച്ച് കയറി കഴുകിയാലും കഴുകിയാലും പോകാത്ത വണ്ണം ഉപ്പ് രുചി പടർത്തികളഞ്ഞൊരു വല്ലാത്ത എഴുത്ത്. വിപഞ്ചിക, പ്രണയം നിങ്ങളെ മുറിപ്പെടുത്തി. പക്ഷെ ആനന്ദ്, ഉപ്പ് പുരട്ടിയിട്ടും ഉണങ്ങാത്ത മുറിവിൽ ജീവിതം മുഴുവൻ നിരക്കി നീക്കി. അല്പമെങ്കിലും അവനെ സ്നേഹിക്കാനും പ്രണയിക്കാനും ശീലിപ്പിച്ചതിന് പ്രിയപ്പെട്ട വിപഞ്ചിക, നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
പക്ഷെ ആനന്ദ്…. താനൊരു വേദനയായി ഇനി എത്രകാലം കൂടെയുണ്ടാകും എന്നറിയില്ലെടോ. ഒരുപക്ഷെ എനിക്കൊപ്പം അതിലേറെ വേദനയിൽ അവളും ഉണ്ടാവില്ലേ? നിന്റെ വിപഞ്ചിക. നിന്റെ നിറങ്ങൾ ഒക്കെ മാഞ്ഞു മാഞ്ഞു കറുപ്പും വെളുപ്പും മാത്രമുള്ള ചിത്രങ്ങൾ വരഞ്ഞ പോലെ ഇനി എത്രകാലം നിറം കൊടുത്താൽ ആണ് അവ വീണ്ടും ഭംഗിയാവുക? അല്ല ഇനി അവയ്ക്ക് നിറം പിടിക്കും എന്ന് കരുതുന്നുണ്ടോ?
ഒട – ജീവിതങ്ങളിൽ കുരുങ്ങിപ്പോയ കഥകളാണ്. കഥ തന്നെ ജീവിതവും, ജീവിതം കഥയുമായി മാറുന്ന വല്ലാത്തൊരു സൃഷ്ട്ടി.
പ്രിയപ്പെട്ട എഴുത്തുകാരി കെ ആർ മീരയുടെ വാക്കുകൾ തന്നെ കടമെടുക്കട്ടെ “വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന. ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി.”
പ്രിയപ്പെട്ട ജിൻഷ, പൊള്ളുന്ന കഥകളുടെ മേലേരി ഇനിയും ഒരുക്കുക. പൊട്ടൻ പറയും പോലെ അന്നും എങ്കിൽ ഉരിയടണം.
“ഹോ… ഈ തീയിൽ കിടക്കുമ്പോ വല്ലാതെ കുളിരുന്നു……”