എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മവാര്‍ഷികദിനം
ഒക്ടോബര്‍ 15- ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മവാര്‍ഷികദിനം.
ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. സാങ്കേതിക വൈദഗ്ധ്യവും രാഷ്ട്രതന്ത്രജ്ഞതയും ഒത്തുചേര്‍ന്ന പ്രതിഭാധനരായ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു അദേഹം. ഇന്ത്യയെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്ന നിയോഗം ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും.
എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ജീവിതം മാതൃകയായിരുന്നു. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായ കലാം എന്നും സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ജീവിച്ചു. ഇന്ത്യയില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തിയാണ് കലാം. ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയ മറ്റൊരു രാഷ്ട്രപതിയില്ല. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. 2020-ഓടെ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ഥികളുമായി സംവദിക്കുക എന്നത് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദ്യാര്‍ഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും പ്രസംഗങ്ങളും. അഴിമതി വിരുദ്ധ ഇന്ത്യ എന്ന ലക്ഷ്യവുമായി ബോധല്‍ക്കരണ പരിപാടികളും നടത്തിവരികയായിരുന്നു.
ഒന്നര പതിറ്റാണ്ടിനിടെ 1.6 കോടി യുവാക്കളോടാണ് കലാം സംവദിച്ചത്. ദിവസേന മുന്നൂറിലേറെ ഇമെയിലുകളാണ് അദ്ദേഹത്തെ തേടിയെത്തിയിരുന്നത്. കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്ന തലമുറയും ഒരുപോലെ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ക്കായി കാത്തുനിന്നു.
അബൂല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. മിസൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കലാം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.
ജനകീയരായ ഇന്ത്യന്‍ രാഷ്ട്രപതിമാരില്‍ അഗ്രഗണ്യനായിരുന്നു എ.പി.ജെ. അബ്ദുള്‍ കലാം. 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവര്‍ത്തന രീതി കൊണ്ടും എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായിരുന്ന ആദ്ദേഹത്തെ രാജ്യം ഭാരതരത്‌ന പുരസ്‌കാരവും പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.
അബ്ദുള്‍ കലാമിന്റെ ചിന്തകളും പുസ്തകങ്ങളും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രചോദനമാണ്. തന്റെ ജീവിതംകൊണ്ടും ചിന്തകൊണ്ടും ഇന്ത്യയെ പ്രചോദിപ്പിച്ച കലാമിന്റെ പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലറുകളാണ്. മലയാളത്തിലെ വിവര്‍ത്തനകൃതികളിലെ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നതും കലാമിന്റെ പുസ്തകങ്ങളാണ്. ഭാരതീയനെങ്കിലും ലോകം മുഴുവന്‍ അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പോലും അദ്ദേഹത്തെ തങ്ങളുടെ അദ്ധ്യാപകനായി കണ്ടു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യവും കരുതലും ഒക്കെയാണ് അതിന് കാരണം. കുട്ടികള്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നല്ലൊരദ്ധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. കുട്ടികള്‍ അദ്ദേഹത്തിന് അയക്കുന്ന കത്തുകള്‍ എല്ലാം വായിച്ച് അതിന് മറുപടി എഴുതാതെ അദ്ദേഹം കിടക്കുമായിരുന്നില്ല. ഇങ്ങനെ വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ച രാഷ്ട്രപതി മറ്റെങ്ങും ഉണ്ടാകില്ല. 2015 ജൂലൈ 27 ന് ഷില്ലോങ് ഐഐഎമ്മില്‍ വിദ്യാത്ഥികള്‍ക്കായുള്ള പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതും.
അഗ്‌നിച്ചിറകുകള്‍, ജ്വലിക്കുന്ന മനസ്സുകള്‍, വഴിത്തിരിവുകള്‍,വഴിവെളിച്ചങ്ങള്‍, രാഷ്ട്രവിഭാവനം, യുവത്വം കൊതിക്കുന്ന ഇന്ത്യ, അസാധ്യതയിലെ സാധ്യത , അജയ്യമായ ആത്മചൈതന്യം തുടങ്ങി എ. പി. ജെ. അബ്ദുള്‍ കലാമിന്റെ പതിനഞ്ചോളം പുസ്തകങ്ങള്‍ ഡി. സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments are closed.