DCBOOKS
Malayalam News Literature Website

ഓഖി ചുഴലിക്കാറ്റ്; മുന്നറിയിപ്പ് നല്‍കാന്‍ വൈകിയെന്ന് ആരോപണം

ഓഖി ചുഴലിക്കാറ്റിന്റെ വരവ് നേരത്തെ അറിഞ്ഞുവെങ്കിലും മുന്നറിയിപ്പ് നല്‍കുന്നതില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കു ഗുരുതര വീഴ്ചപറ്റിയെന്ന് ആരോപണം. ഓഖിയുടെ വരവ് സംബന്ധിച്ച ദേശീയ സമുദ്ര വിവര കേന്ദ്രത്തിന്റെ ജാഗ്രതനിര്‍ദേശം ദുരന്ത നിവാരണ അതോറിറ്റി അവഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫാക്‌സ് വഴി ദുരന്ത അതോറിറ്റിക്കു നല്‍കിയ സന്ദേശം ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിനു ലഭിച്ചിരുന്നുവെങ്കിലും ഫിഷറിസിനോ, പോലീസിനോ ഈ വിവരം അതോറിറ്റി കൈമാറിയില്ല. റവന്യൂ മന്ത്രിയെയടക്കം വിവരമറിയിക്കുന്നത് ഇന്നലെ രാവിലെ പതിനെന്നോടെ മാത്രമായിരുന്നു. എന്നാല്‍ നേരത്തെ മുന്നറിയിപ്പ് പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധരുടെ വിശദീകരണം. ചുഴലിക്കാറ്റും, വന്‍തിരമാലകളും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

11 മണിയോടെയാണു ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറിയതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനമര്‍ദങ്ങള്‍ സാധാരണയാണ്; അപൂര്‍വമായി മാത്രമേ കൊടുങ്കാറ്റായി മാറൂ. ഇതിനു പുറമേ, പ്രഭവകേന്ദ്രം തീരത്തോട് അടുത്തായതും (തീരത്തിന് 70 കിലോമീറ്റര്‍ മാത്രം അകലെ) തിരിച്ചടിയായി. ശ്രീലങ്കയുടെ പടിഞ്ഞാറു ഭാഗത്തേക്കു കാറ്റ് നീങ്ങുമെന്നായിരുന്നു ഇന്നലെ രാവിലെ വരെയുള്ള നിഗമനം. എന്നാല്‍, പിന്നീടു വടക്കന്‍ ദിശയിലേക്കു മാറി. കന്യാകുമാരി വരെ ഭാഗങ്ങളില്‍ കാറ്റുണ്ടാകുമെന്നായിരുന്നു ആദ്യ സൂചനയെന്നും വിദഗ്ധര്‍ വിശദീകരിച്ചു. എന്നാല്‍, വിദേശരാജ്യങ്ങള്‍ പലതും കാലവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന ഇക്കാലത്ത് തങ്ങള്‍ കൊടുങ്കാറ്റിനും കടലിനുമിടയിലായത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്നു മല്‍സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ കേരള തീരങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാറുണ്ടെങ്കിലും നാലു വര്‍ഷത്തിനിടെ ഇത്ര അടുത്ത് എത്തുന്നത് ഇതാദ്യമാണ്. തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനല്‍വേലി ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി പരിണമിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ ശ്രീലങ്കയുടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വ്യാഴാഴ്ചയോടെ ശക്തി പ്രാപിച്ച് പടിഞ്ഞാറേയ്ക്ക് നീങ്ങുകയായിരുന്നു. ഇപ്പോള്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആണ് കാറ്റ് വീശുന്നത്. ശ്രീലങ്കയുടെ പടിഞ്ഞാറു ഭാഗത്തേക്കു കാറ്റ് നീങ്ങുമെന്നായിരുന്നു ഇന്നലെ രാവിലെ വരെയുള്ള നിഗമനം. എന്നാല്‍ പിന്നീട് വടക്കന്‍ ദിശയിലേയ്ക്കു മാറുകയായിരുന്നു. തെക്ക് 120 കിലോമീറ്റര്‍ അകലെയെത്തിയതോടെയാണ് ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചത്. തുടര്‍ന്നാണ് മഴയും, ഓഖി ചുഴലിക്കാറ്റിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചതെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Comments are closed.