DCBOOKS
Malayalam News Literature Website

ഒ.എം. ചെറിയാന്റെ ഭാഷാചിന്തകള്‍

എസ്. ഗിരീഷ്‌കുമാര്‍

വിവിധ സാഹിത്യമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു റാവുസാഹിബ് ഒ.എം. ചെറിയാന്‍(1874-1944). കവി, ഡിറ്റക്ടീവ് നോവലിസ്റ്റ്, കഥാകൃത്ത്, നിരൂപകന്‍, പ്രബന്ധകാരന്‍, ഭാഷാശാസ്ത്രജ്ഞന്‍, പ്രാസംഗികന്‍, സാമൂഹികപ്രവര്‍ത്തകന്‍ എന്നീ നിലകളിലായി അദ്ദേഹം ഭാഷയ്ക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ സവിശേഷശ്രദ്ധയര്‍ഹിക്കുന്നു. എന്നാല്‍ നോവല്‍സാഹിത്യചരിത്രം പറയവെ ഒ.എം. ചെറിയാന്റെ സംഭാവനകള്‍ ആനുഷംഗികമായി അടയാളപ്പെടുത്തിയത് ഒഴിച്ചാല്‍ ഇതര സാഹിത്യചരിത്രങ്ങള്‍ അദ്ദേഹത്തെ ഏറെക്കുറെ വിസ്മരിക്കുകയാണ് ചെയ്തത്. അതുപോലെ അദ്ദേഹത്തിന്റെ ഭാഷാപരമായ ചിന്തകള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയും ഉണ്ടായില്ല. പ്രത്യേകിച്ച് മാതൃഭാഷയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സമരങ്ങളും സജീവമായിരിക്കുന്ന ഇക്കാലത്തും അദ്ദേഹത്തിന്റെ ഭാഷാചിന്തകള്‍ക്കു വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഭാഷാപഠിതാക്കളുടെ ശ്രദ്ധ ഒ.എം. ചെറിയാനിലേക്ക് പതിയേണ്ടതുണ്ട്.

ഒ.എം. ചെറിയാന്‍ അന്തരിച്ച് എഴുപത്തഞ്ചു വര്‍ഷം പിന്നിടുകയാണ്. ഇത്രകാലം കഴിഞ്ഞ് പരിശോധിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാഷാപരമായ ഇടപെടലുകള്‍ കേരളീയ ഭാഷാനവോത്ഥാനത്തില്‍ പ്രസക്തമാണെന്നു കാണാം. അദ്ദേഹത്തിന്റെ ഭാഷാചിന്തകള്‍ക്ക് പ്രധാനമായും മൂന്നു തലമുണ്ടായിരുന്നു. കാവ്യ-ഗദ്യഭാഷകളെ സംബന്ധിച്ചുള്ളതാണ് ആദ്യതലം. വിദ്യാഭ്യാസമാധ്യമമെന്ന നിലയില്‍ മാതൃഭാഷ എങ്ങനെ പരിഗണിക്കണം എന്നുള്ളതാണ് രണ്ടാമത്തെ തലം. ശാസ്ത്രവിഷയങ്ങളുള്‍പ്പെടെ വൈജ്ഞാനിക സാഹിത്യരചനയില്‍ മലയാളം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചുള്ളതാണ് ഇനിയൊരു തലം. ഈ മൂന്നു തലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചെറിയാന്റെ ഭാഷാചിന്തകളെ സംബന്ധിച്ചുള്ള ധാരണ നമുക്കു ലഭിക്കുന്നു.
അറിവ് സംസ്‌കൃതത്തിലുള്ളതായാലും ഇംഗ്ലീഷിലുള്ളതായാലും മാതൃഭാഷയിലൂടെ ആവണം ജനങ്ങളിലേക്ക് എത്തേണ്ടതെന്നതു നവോത്ഥാനത്തിന്റെ പൊതു മുദ്രാവാക്യമായിരുന്നു. ഈയൊരു പ്രകരണത്തിലാണ് ഒ.എം. ചെറിയാന്‍ സാഹിത്യരചനകളും ഭാഷാചിന്തകളുമായി കടന്നുവന്നത്. സ്വാഭാവികമായും നവോത്ഥാനത്തിന്റെ മുകളില്‍ പറഞ്ഞ ഭാഷാചിന്തയെ പിന്‍പറ്റുകയാണ് ഒ.എം. ചെറിയാന്‍ ചെയ്തത്. തുടക്കത്തില്‍ വെണ്‍മണി പ്രസ്ഥാനത്തെ പിന്‍പറ്റി, പ്രീ-റൊമാന്റിക് മനോഭാവം പ്രകടിപ്പിച്ച ചെറിയാന്‍ പിന്നീട് സര്‍ഗവ്യാപാരത്തില്‍ ഗദ്യം മുഖ്യമായി സ്വീകരിക്കുകയായിരുന്നു. അതാവട്ടെ മലയാളസാഹിത്യത്തെ ആധുനികതയിലേക്കു നയിച്ചവരുടെ മുന്‍നിരയിലേക്ക് അദ്ദേഹത്തെ എത്തിക്കുകയും ചെയ്തു.

കാവ്യത്തെക്കുറിച്ചുള്ള ചെറിയാന്റെ ചിന്തകള്‍ പ്രമേയം, ഭാഷ എന്നിവയുമായി ബന്ധപ്പെടുന്നതാണ്. ‘മലയാള മനോരമ’ പത്രാധിപരായിരുന്ന കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ നിര്‍ദ്ദേശാനുസരണമാണ് അദ്ദേഹം ആദ്യമായി കവിതാരചനയ്ക്കു മുതിര്‍ന്നത്. 1895-ല്‍ അങ്ങനെ പിറവിയെടുത്ത കവിതയാണ് ‘ഒരു മനുഷ്യശിരസ്സ്’. ഭാരതപ്പുഴയുടെ തീരത്ത് കണ്ട തലയോട് മുന്‍നിര്‍ത്തി എഴുതിയതാണ് ഈ കവിത.
”എന്നും സുഖം കനക ഭൂഷണയുക്തനായി
കന്ദര്‍പ്പ കാന്തി കവരും കമനീയനായി
കൂട്ടാളിമാരോടു ചിരിച്ചു രസിച്ചുകൊണ്ടിറോട്ടില്‍ച്ചരിച്ചവനെഴുന്ന ശിരസ്സിതാവാം” എന്നൊക്കെ തലയോടിന്റെ കാഴ്ചയെ അദ്ദേഹം മനുഷ്യജീവിതാവസ്ഥകളായി വിപുലീകരിക്കുന്നു. എ.ആര്‍. രാജരാജവര്‍മ്മയുടെ ‘മലയവിലാസം’, കെ.സി. കേശവപിള്ളയുടെ ‘ആസന്നമരണചിന്താശതകം’ എന്നീ കൃതികള്‍ പുറത്തുവന്ന അതേ വര്‍ഷമാണ് (1895) ഈ കൃതിയും പുറത്തുവന്നത്. തൊട്ടടുത്ത വര്‍ഷം മലയാള മനോരമയില്‍ ‘നദി’ എന്നൊരു കവിതയും ചെറിയാന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാല്‍ മലയാളത്തില്‍ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരായി എ.ആര്‍. രാജരാജവര്‍മ്മയും കെ.സി. കേശവപിള്ളയും വിലയിരുത്തപ്പെടുമ്പോഴും ഒ.എം. ചെറിയാന് അക്കൂട്ടത്തില്‍ സ്ഥാനം നല്‍കാന്‍ ചരിത്രകാരന്മാര്‍ തയ്യാറായിട്ടില്ല. പിന്നെയും ഒരു വര്‍ഷത്തിനു ശേഷമാണ് ആശാന്റെ വീണപൂവ് (1907) പ്രസിദ്ധീകൃതമായത്. പ്രകൃതിപ്രതിഭാസങ്ങളില്‍ ലോകതത്ത്വങ്ങള്‍ ദര്‍ശിക്കുകയെന്നത് മലയാളത്തിലെ കാല്പനിക പ്രസ്ഥാനം സ്വീകരിച്ച പ്രമേയപരമായ സവിശേഷത ആയിരുന്നുവെങ്കില്‍ തീര്‍ച്ചയായും അക്കൂട്ടത്തില്‍ ആദ്യം സ്മരിക്കേണ്ട എഴുത്തുകാരില്‍ ചെറിയാനും സ്ഥാനമുണ്ടെന്ന വസ്തുത ഇനിയും അംഗീകരിക്കാതിരിക്കുന്നത് അനീതിയായിരിക്കും. കൂടാതെ മലയാളത്തിലെ ആദ്യകാല വിലാപകാവ്യങ്ങളുടെ കൂട്ടത്തില്‍ ചെറിയാന്റെ ‘മനുഷ്യായുസ്സ്’ എന്ന കവിതകൂടി ചേര്‍ക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ കാല്പനികപ്രസ്ഥാനത്തില്‍ ചെറിയാന്റെ സ്ഥാനം സ്ഥിരപ്രതിഷ്ഠിതമാവുകയും ചെയ്യും.

കവിതയില്‍ പ്രമേയ സ്വീകരണത്തില്‍ ചെറിയാന്റെ സമീപനം ഇതായിരുന്നുവെങ്കില്‍ ഭാഷയുടെ കാര്യത്തിലുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്തായിരുന്നുവെന്നു നോക്കാം. വള്ളത്തോളിന്റെ ഭാഷയെ ചെറിയാന്‍ വിലയിരുത്തുന്നതിലൂടെ വാസ്തവത്തില്‍ ഭാഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകൂടിയാണ് വ്യക്തമാകുന്നത്. ദ്രാവിഡവൃത്തങ്ങളുടെയും ആധുനികവിഷയങ്ങളുടെയും സ്വീകരണമാണ് വള്ളത്തോളിന്റെ കവിതയെ വ്യത്യസ്തമാക്കുന്നതെന്ന് ചെറിയാന്‍ പ്രാഥമികമായി വിലയിരുത്തുന്നു. അതിലുപരി മലയാള ഗദ്യശൈലി സംസ്‌കൃതബഹുലമായിരുന്ന കാലത്ത് വള്ളത്തോള്‍ ശുദ്ധമലയാളപദങ്ങള്‍ തന്റെ ഗദ്യകൃതികളില്‍ സ്വീകരിച്ചുവെന്ന് ‘വള്ളത്തോള്‍-ഒരു വിമര്‍ശദര്‍ശനം’ (പൗരപ്രഭ, 1939 ഡിസം. 9) എന്ന ലേഖനത്തില്‍ അദ്ദേഹം നിരീക്ഷിക്കുന്നു. ശുദ്ധമലയാളപദങ്ങള്‍ ഗദ്യത്തിലായാലും പദ്യത്തിലായാലും വികാരങ്ങളുടെ പ്രകടനത്തില്‍ മുഖ്യമാണെന്ന് ചെറിയാന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് ഈ നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കേണ്ടത്. മലയാളപദങ്ങളുടെ പ്രയോഗത്തിലെ നിഷ്‌കര്‍ഷത പലപ്പൊഴും മടികൂടാതെ അദ്ദേഹം തുറന്നെഴുതാറുണ്ടായിരുന്നു. ഇംഗ്ലീഷും സംസ്‌കൃതവും നന്നായി അറിയാമായിരുന്ന ചെറിയാന്‍ കാവ്യരചനയില്‍ കഴിവതും മലയാളപദങ്ങള്‍ തന്നെ വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം അന്യഭാഷയിലെ ഒരു പദം കടമെടുത്ത് മാതൃഭാഷയില്‍ പരിഭാഷപ്പെടുത്തി ഉപയോഗിക്കുന്ന രീതിയോട് (ഹീമി േൃമിഹെമശേീി) അദ്ദേഹം യോജിക്കുകയും ചെയ്തിരുന്നു.

മതവിഷയങ്ങളില്‍ ക്രൈസ്തവ-ഇസ്ലാമിക പുരോഹിതര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ മാതൃഭാഷയുടെ കാര്യത്തില്‍ അവര്‍ പുരോഗമനപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. മുസ്ലീങ്ങള്‍ക്കിടയില്‍ മാതൃഭാഷാപഠനത്തിന്റെ പ്രചാരകനായത് മക്തി തങ്ങളാണെങ്കില്‍ ക്രൈസ്തവര്‍ക്കിടയില്‍ അത്തരമൊരു ആശയം പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരില്‍ ഒ.എം. ചെറിയാനും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ‘ഹൈന്ദവധര്‍മ്മസുധാകരം’, ‘ക്രൈസ്തവധര്‍മ്മ നവനീതം’ എന്നീ കൃതികള്‍ ഇക്കാര്യം തെളിയിക്കുന്നു. ”ബൈബിളിലെ വള്ളിയും പുള്ളിയും മാറ്റിക്കൂടാത്തതാണെന്നു പറഞ്ഞവര്‍ ക്രൈസ്തവ കവികളുടെ മുഖത്ത് വാതില്‍ അടയ്ക്കുകയാണ് ചെയ്തത്” എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ബൈബിളിനെ ഭാഷാപരമായും ഇതിവൃത്തപരമായും സ്വതന്ത്രമായി സമീപിക്കുവാന്‍ എഴുത്തുകാരന് അവകാശമുണ്ടെന്ന പ്രഖ്യാപനം കൂടിയായിരുന്നു ഇത്.

ഭാരതീയമായ പുരാണേതിഹാസങ്ങളോട് ക്രൈസ്തവര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതിനെ ആശങ്കയോടെയാണ് ചെറിയാന്‍ കണ്ടത്. അതോടൊപ്പം മനുഷ്യമനസ്സിന്റെ സ്വതന്ത്രവിഹാരത്തെ കര്‍ക്കശമായ മതനിയമങ്ങള്‍കൊണ്ട് കെട്ടിയിടുകവഴി ഭാവനാശൂന്യമായ മനസ്സുകളെയാണ് ക്രിസ്തുമതം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ഭയപ്പെട്ടു. ”സാഹിത്യബോധമില്ലാത്ത മതനിരതന്മാര്‍ ദുരപയോഗം ചെയ്യുന്ന ശൃംഖലകളെ യുവകവികള്‍ പൊട്ടിച്ച് തോട്ടിലെറിയണം” എന്നൊക്കെയുള്ള പ്രഖ്യാപനം അദ്ദേഹത്തില്‍നിന്ന് ഉണ്ടാവുന്നത് അങ്ങനെയാണ്. ഇത്രത്തോളം തീവ്രമായ ഭാഷയില്‍ ഭാവുകത്വപരിവര്‍ത്തനത്തിനായി വാദിച്ചവര്‍ അക്കാലത്തു വിരളമായിരുന്നുവെന്നും കാണാം.
സാംസ്‌കാരികമായ ഉദ്ഗ്രഥനത്തില്‍ മതങ്ങള്‍ പരസ്പരം ആദരവു പ്രകടിപ്പിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ മൂന്നു മതങ്ങളുടെയും ധര്‍മ്മശാസ്ത്രം മുന്‍നിര്‍ത്തി മൂന്നു ഗ്രന്ഥങ്ങള്‍ രചിക്കണമെന്ന് കരുതി. അതില്‍ രണ്ടെണ്ണമാണ് ‘ഹൈന്ദവധര്‍മ്മസുധാകരം’, ‘ക്രൈസ്തവധര്‍മ്മ നവനീതം’ എന്നിവ. മൂന്നാമത്തേത് രചിക്കാന്‍ അദ്ദേഹത്തിനായില്ല. രചിക്കപ്പെട്ടവയാകട്ടെ സംപൂര്‍ണമായി പ്രസിദ്ധീകരിക്കാനും കഴിഞ്ഞില്ല.

അതിഗഹനങ്ങളായ തത്ത്വങ്ങള്‍ അതിലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നതാണ് ഹൈന്ദവധര്‍മ്മസുധാകരം. പുരാണേതിഹാസങ്ങളെ മലയാളഭാഷയിലേക്ക് ഗദ്യത്തില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നു. ഭാഗവതം, രാമായണം, മഹാഭാരതം എന്നീ കൃതികള്‍ക്ക് മലയാളത്തില്‍ ഇത്തരമൊരു ഗദ്യപരിഭാഷ ആദ്യമായിട്ടായിരുന്നു. ”ശ്രീമാന്‍ ചെറിയാന്‍ സ്വീകരിച്ചിരിക്കുന്ന വാക്യസംക്ഷേപവും, നിസ്സര്‍ഗ്ഗ സുന്ദരമായ വാക്യശൈലിയും, അതിസരളമായ രീതിയും, വിഷമമായ വിഷയത്തെകൂടി വിദ്വാന്മാര്‍ക്കും അവിദ്വാന്മാര്‍ക്കും ഒരുപോലെ മനസ്സിലാക്കാന്‍ കഴിയുന്നവിധം ചേര്‍ത്തിട്ടുള്ളതു ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേക ഗുണമാകുന്നു” എന്നിങ്ങനെ പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ അഭിപ്രായപ്പെടുന്നു(സിബി തരകന്‍ ഡോ. 2004, 138). ഗ്രന്ഥത്തിന് പൊതുവെ മലയാളത്തനിമ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്നു മാത്രമല്ല, മലയാളത്തില്‍ ആവുമ്പോള്‍ ഹൈന്ദവധര്‍മ്മം ക്രിസ്ത്യാനികള്‍ക്കും വഴങ്ങുമെന്ന് ചെറിയാന്‍ തെളിയിക്കുകയായിരുന്നു. അതുപോലെ പല വിഭാഗങ്ങളായി പിരിഞ്ഞു നിന്നിരുന്ന ക്രൈസ്തവരെ ധര്‍മ്മശാസ്ത്രപരമായി ഏകോപിപ്പിക്കുകയാണ് ക്രൈസ്തവധര്‍മ്മ നവനീതം എന്ന കൃതിയിലൂടെ ലക്ഷ്യമാക്കിയത്. കവിത വികാരസത്യങ്ങളെ വിഷയമായി സ്വീകരിക്കുമ്പോള്‍ ഗദ്യം പ്രജ്ഞാസത്യത്തെ വിവരിക്കുന്നുവെന്നും രണ്ടുരൂപങ്ങളും ഫലവത്താകുന്നത് മാതൃഭാഷയില്‍ അവതരിപ്പിക്കപ്പെടുമ്പോഴാണെന്നും ചെറിയാന്‍ വിശ്വസിച്ചു. ബൈബിള്‍വിഷയം കവിതയാക്കുമ്പോള്‍ ക്രൈസ്തവേതരങ്ങളായ ആശയങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലായെന്ന വിലക്കിനെ ലംഘിക്കുന്നതായിരുന്നു ക്രൈസ്തവധര്‍മ്മ നവനീതം. ഭാരതീയരെ ലക്ഷ്യമാക്കി എഴുതുന്ന ബൈബിള്‍വിഷയമായ കാവ്യങ്ങളില്‍ സംസ്‌കൃതഭാഷയില്‍നിന്നു ലഭിക്കുന്ന ആശയങ്ങള്‍, ഭാവനകള്‍, നിവേദനങ്ങള്‍ എന്നിവയ്ക്ക് സ്ഥാനം നല്‍കണം എന്നഭിപ്രായപ്പെടുകയും തന്റെ കൃതിയിലൂടെ അതിനു പ്രായോഗികത കണ്ടെത്തുകയും ചെയ്തയാളാണ് ചെറിയാന്‍. ചുരുക്കത്തില്‍ ഹൈന്ദവികമായ വിജ്ഞാനത്തെ മാതൃഭാഷയിലൂടെ ജനായത്തവത്കരിക്കുകയും ക്രൈസ്തവികമായവ ഭാരതീയവത്കരിക്കുകയും ചെയ്തുകൊണ്ട് കാലഘട്ടത്തോട് ക്രിയാത്മകമായി ഇടപെടുകയാണ് ചെറിയാന്‍ ചെയ്തത്. പക്ഷേ ഈ ഗ്രന്ഥങ്ങളും അവയുടെ ഭാഷാപരവും ഇതിവൃത്തപരവുമായ പ്രത്യേകതകളും പില്‍ക്കാല സാഹിത്യചരിത്രകാരന്മാരൊക്കെയും വിശദപഠനത്തിനു വിധേയമാക്കാതെ വിസ്മരിക്കുകയാണ് ചെയ്തത്.

സാമ്പ്രദായിക ചിന്തകളുടെ മരവിപ്പില്‍നിന്നു മോചിതനായ ഒരു ചിന്തകനെയാണ് ഒ.എം. ചെറിയാനില്‍ നമുക്കു കാണാനാവുക. വിദ്യാഭ്യാസത്തെക്കുറിച്ചും ബോധനമാധ്യമത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ദര്‍ശനം ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നു. വിദ്യാഭ്യാസ വിഷയകമായി ഒട്ടേറെ പ്രബന്ധങ്ങള്‍ രചിക്കുകയും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്ത ആളാണ് അദ്ദേഹം. വിദ്യാഭ്യാസം എല്ലാവരുടെയും ജന്മാവകാശമാണെന്ന് തിരുവല്ലായില്‍ നടന്ന അധ്യാപക മഹായോഗത്തില്‍ (1926) അദ്ദേഹം പ്രഖ്യാപിച്ചു. ഇതേ പ്രഭാഷണത്തില്‍ മാതൃഭാഷയ്ക്ക് സെക്കന്ററി പാഠശാലകളില്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന വാദത്തെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തു.

ഇംഗ്ലീഷിനു പ്രാധാന്യം നല്‍കണമെന്നു വാദിച്ചിരുന്നവര്‍ പ്രധാനമായും നാലു കാര്യങ്ങളാണ് അക്കാലത്തു ചൂണ്ടിക്കാണിച്ചിരുന്നത്. 1. ഇംഗ്ലീഷ് ലോകഭാഷയാകയാല്‍ സമുദായ സംബന്ധമായും വാണിജ്യ സംബന്ധവുമായ പുരോഗതിക്ക് അതിനെ ആശ്രയിക്കണം. 2. ഇന്ത്യയിലെ നാട്ടുഭാഷകളുടെ വികാസം ഇംഗ്ലീഷിനെ ആശ്രയിച്ചാണിരിക്കുന്നത്. 3. സയന്‍സ് വിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിപ്പിക്കുക അസാധ്യമാണ്. 4. താഴ്ന്ന ക്ലാസുകളില്‍ മാതൃഭാഷാഭ്യസനം നടത്തിയാല്‍ കോളേജിലെത്തുമ്പോള്‍ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ ഗ്രഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ അശക്തരാവും.

ഭാഷാസംബന്ധമായി ചെറിയാന്റെ ഇടപെടലുകളുണ്ടായി ഒരു നൂറ്റാണ്ടിനടുത്തു പിന്നിടുമ്പോഴും ഇംഗ്ലീഷ് ബോധനമാധ്യമം ആക്കണമെന്ന് അഭിപ്രായപ്പെടുന്നവര്‍ മുകളില്‍ പറഞ്ഞ വാദങ്ങളൊക്കെത്തന്നെയാണ് ഉന്നയിക്കുന്നതെന്നു കാണാം. ഒ.എം. ചെറിയാന്‍ അന്നേ ഇത്തരം വാദങ്ങളെ യുക്തിയുക്തം ഖണ്ഡിക്കുകയാണുണ്ടായത്. എല്ലാ വിദ്യാര്‍ത്ഥികളും കോളേജിലെത്തുകയെന്നത് പ്രായോഗികമല്ല. അതിനാല്‍ അത്തരമൊരു ലക്ഷ്യത്തോടെ താഴ്ന്ന ക്ലാസ്സുകളില്‍ പാഠ്യപദ്ധതി നിര്‍ദ്ദേശിക്കുന്നത് കാര്യക്ഷമമല്ലെന്ന് അദ്ദേഹം ആദ്യംതന്നെ പ്രഖ്യാപിച്ചു. ആരോഗ്യശാസ്ത്രം, കാര്‍ഷികോല്പാദനം, ഗ്രാമീണ വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ച് സാധാരണക്കാര്‍ അറിഞ്ഞിരിക്കണമെന്നും അതിനു സഹായിക്കുന്ന ഭാഷാഗ്രന്ഥങ്ങള്‍ ഉണ്ടാവുകയും വിദ്യാര്‍ത്ഥിയുടെ സാമ്പത്തിക സാമൂഹിക സ്ഥിതിയനുസരിച്ചുള്ള പാഠ്യപദ്ധതിയും മാതൃഭാഷാ ബോധനവുമാണ് വേണ്ടതെന്നും സംശയത്തിനിടയില്ലാത്തവിധം അദ്ദേഹം വ്യക്തമാക്കി.

സയന്‍സ് വിഷയങ്ങള്‍ ഇംഗ്ലീഷിലേ പഠിപ്പിക്കാന്‍ കഴിയൂ എന്ന വാദമാണ് പിന്നീടദ്ദേഹം പരിഗണിച്ചത്. മാതൃഭാഷയിലൂടെ പല വര്‍ഷങ്ങള്‍ പഠിപ്പിച്ചു നോക്കിയ ശേഷമേ ഇക്കാര്യത്തില്‍ തീര്‍ച്ചയുണ്ടാക്കാന്‍ സാധിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സാങ്കേതിക പദങ്ങളുടെ ഉപയോഗം ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ കുറവാണെന്നും ആവശ്യമുള്ളിടത്ത് ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പരിമിതി മറികടക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മൗലികമായ ചിന്തകള്‍ രൂപപ്പെടുന്നതില്‍ മാതൃഭാഷയ്ക്കുള്ള പങ്ക് ഇന്നിപ്പോള്‍ ഏറെക്കുറെ അംഗീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ മാതൃഭാഷയെക്കുറിച്ചുള്ള ഇത്തരം ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മലയാള ഐക്യവേദിയുടെ പങ്ക് നിര്‍ണായകമായത് അടുത്ത കാലത്താണ്. എന്നാല്‍ അതിനും എത്രയോ കാലം മുമ്പുതന്നെ ഒ.എം. ചെറിയാന്‍ ചിന്താരൂപീകരണവും മാതൃഭാഷയുമായുള്ള ബന്ധം എടുത്തു പറയുകയുണ്ടായി. ”നിരീക്ഷണം, ആലോചന, നിര്‍ണ്ണയനം എന്നീ മനോവ്യാപാരങ്ങള്‍ ശാസ്ത്രവിഷയങ്ങളുടെ വിചിന്തനത്തില്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്നുണ്ട്. ശാസ്ത്രപഠനത്തില്‍ ഏര്‍പ്പെടുമ്പോള്‍ മനസ്സ് കൂടുതല്‍ ഏകാഗ്രമായിരിക്കേണ്ടത് അത്യാവശ്യമാണ്. ശാസ്ത്രവിഷയങ്ങളില്‍ വ്യാപരിക്കുന്ന മനസ്സിനെ ഭാഷാവിഷയകങ്ങളായ പ്രതിബന്ധങ്ങളില്‍നിന്നു മാറ്റി നിര്‍ത്തേണ്ടതുണ്ട്. അപരിചിത പദങ്ങളും പ്രയോഗങ്ങളും വ്യാകരണ സവിശേഷതകളും വിഷയഗ്രഹണത്തിനു തടസ്സമാകാന്‍ പാടില്ല. അതുകൊണ്ട് ശാസ്ത്രവിഷയങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ എത്തിക്കുവാനുള്ള ഉത്തമ മാധ്യമം മാതൃഭാഷയാണ്” (സിബി തരകന്‍ ഡോ. 2004, 149) എന്നിങ്ങനെ ചെറിയാന്‍ വ്യക്തമാക്കുന്നുണ്ട്. അധ്യാപനത്തില്‍ വിഷയാവതരണം, ശ്രവണം, ഗ്രഹണം, സ്മരണം, പുനരാവിഷ്‌കരണം എന്നീ ഘട്ടങ്ങള്‍ ഉണ്ടെന്നും സമര്‍ത്ഥരായ അധ്യാപകര്‍ പോലും ആദ്യത്തെ നാലു ഘട്ടങ്ങളിലേ എത്തുന്നുള്ളുവെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നു. നാലാമത്തെ ഘട്ടമായ പുനരാവിഷ്‌കരണത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. അതാവട്ടെ മാതൃഭാഷയിലൂടെയേ സാധ്യമാവുകയുള്ളുവെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തു.

മാതൃഭാഷയില്‍ വിദ്യാഭ്യാസം ചെയ്ത കുട്ടി കോളേജിലെത്തുമ്പോള്‍ എത്രത്തോളം കഴിവുള്ള ആളായിരിക്കുമെന്ന പ്രശ്‌നത്തെയും അദ്ദേഹം സംബോധന ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് പ്രഭാഷണത്തിനിടയില്‍ മാതൃഭാഷാ പദങ്ങള്‍ ഉപയോഗിച്ചാല്‍ മതിയെന്നും ആശയപ്രകാശനമാണ് മുഖ്യമെന്നുമുള്ള പ്രായോഗിക മാര്‍ഗം അദ്ദേഹം മുന്നോട്ടു വച്ചു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് കുട്ടി മാതൃഭാഷയില്‍ ഉത്തരം പറഞ്ഞാല്‍ മതിയെന്നും പരീക്ഷകള്‍ മാതൃഭാഷയിലാണ് നടത്തേണ്ടതെന്നുമുള്ള അഭിപ്രായവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് ഭാഷയില്‍ ഉത്തരമെഴുതാന്‍ സാമര്‍ത്ഥ്യമുള്ള കുട്ടികള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കാവുന്നതാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. അതോടൊപ്പം അധ്യാപകന്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളിലെല്ലാം മാതൃഭാഷ ഉപയോഗിക്കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. അതേസമയം തീവ്ര മാതൃഭാഷാ വാദിയെന്ന നിലയില്‍ ചെറിയാനെ വിലയിരുത്താന്‍ കഴിയുകയുമില്ല. പാഠ്യഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലാകുന്നതിനെ അദ്ദേഹം നിരാകരിച്ചില്ല. മറിച്ച്, പഠിപ്പിക്കാനുപയോഗിക്കുന്നത് മാതൃഭാഷയാവണമെന്നും ഭാഷയുടെ ബാഹ്യഘടനയേക്കാള്‍ ശ്രദ്ധ ലഭിക്കേണ്ടത് ആശയതലത്തിനാവണമെന്നുമുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഭാഷയുടെ വികാസത്തില്‍ ഈ രീതി നിര്‍ണായകമാവുമെന്ന് വിശ്വസിച്ച ആളായിരുന്നു ചെറിയാന്‍. അദ്ദേഹത്തിന്റെ ഇത്തരം ചിന്തകള്‍ ‘ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ മാതൃഭാഷയ്ക്കുള്ള സ്ഥാനം’ എന്ന പേരില്‍ ‘മലയാള മനോരമ’ 1937 ഏപ്രില്‍ 12-15 ന് പ്രസിദ്ധീകരിക്കുകയുണ്ടായി.

ഗതാനുഗതികത്വത്തെ വിമര്‍ശിച്ച് എ.ആര്‍. രാജരാജവര്‍മ്മ നളിനി(1911)യുടെ അവതാരിക എഴുതുന്നതിനും ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ ഭാഷാചിന്തകള്‍ അവതരിപ്പിക്കവെ ചെറിയാന്‍ ഗതാനുഗതികത്വത്തെ തള്ളിപ്പറയുന്നുണ്ട്. ‘മലയാള ഭാഷയുടെ ചില ആവശ്യങ്ങള്‍’ എന്ന തലക്കെട്ടോടെ 1904-ല്‍ (പുസ്തകം 8 ലക്കം 12) ഈ ലേഖനം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകൃതമായി. ”ഗതാനുഗതികത്വം ജീവജാലങ്ങളുടെ ഒരു സാധാരണ ഗുണമാണല്ലോ. എന്നാല്‍ ഈ ഗുണം നമ്മുടെ ഭാഷാകവികളെപ്പോലെ മറ്റാരെയും ബാധിച്ചിട്ടുണ്ടോ എന്നു സംശയം തോന്നിപ്പോകാറുണ്ട്. താമരപ്പൂ മുതലായ ചുരുക്കം ചില പദാര്‍ത്ഥങ്ങളെ എന്നതു ചതയാണ്. കവിപട്ടാളത്തിലെ മെമ്പറുമാര്‍ ചതച്ചിട്ടുള്ളതെന്നു ഒരു കണക്കെടുക്കാന്‍ ആരാല്‍ സാധിക്കും?……..മുന്‍ കാലങ്ങളില്‍ കേരളീയന്മാര്‍ക്കു പരിചയം ഇല്ലാതെയിരുന്ന തീവണ്ടി, റോടു, കുപ്പായം, കപ്പല്‍, തുരങ്കം, തപാല്‍, മിന്നല്‍കമ്പി, സ്വനഗ്രാഹി, ഊഷ്മമാപന യന്ത്രം, ദൂരദര്‍ശിനി, സൂക്ഷ്മദര്‍ശിനി, മരച്ചീനി, സര്‍ക്കസ്സുകളി, കടലാസ്, മഷി എന്നിങ്ങനെ ഒരു നൂറായിരം കൂട്ടം സംഗതികള്‍ പുത്തനായി ഉണ്ടായിരുന്നിട്ടും കവികളുടെ പേനത്തുമ്പില്‍നിന്നും പുറപ്പെടുന്നത്, ആരും കണ്ടിട്ടില്ലാത്ത ചാതകപക്ഷിയും മരുന്നിനു മാത്രം ഉപയോഗിക്കുന്ന താമരപ്പൂവും ആയിരിക്കുന്നത് വലിയ പോരായ്മതന്നെ” എന്നിങ്ങനെ അഭിപ്രായപ്പെടുന്നിടത്ത് പഴയ സരണിയില്‍ എഴുതുന്നവരെ സൂക്ഷ്മമായി പരിഹസിക്കാനും അദ്ദേഹം മുതിരുന്നുണ്ട്. കൂടാതെ തന്റെ സഹപാഠിയായ പി. ജി. രാമയ്യര്‍ രചിച്ച ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട് സമകാലികര്‍ ഗതാനുഗതികത്വത്തെ എങ്ങനെ മറികടക്കുന്നുവെന്ന് ഉദാഹരിക്കാനും അദ്ദേഹം തയ്യാറായി.

”സജ്ജനം ചുറ്റുമുണ്ടായാല്‍
ശിഷ്ടന്‍ പാരം വിളങ്ങീടും
ചിമ്ണിവച്ചാല്‍ വിളക്കിന്റെ

കാന്തി കൂടുന്നതില്ലയോ?” എന്നതാണ് ആ ശ്ലോകം. ചിമ്ണിയുടെ ദൃഷ്ടാന്തത്തെ അദ്ദേഹം ശ്ലാഘിക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടാതെ ഇത്തരത്തില്‍ കാലദേശാവസ്ഥകള്‍ക്ക് അനുയോജ്യമായി പഴക്കമുള്ള അഭിപ്രായങ്ങള്‍ ത്യജിച്ച്, കവിപ്പടയിലെ ഏതെങ്കിലും ഒരു മെമ്പര്‍ ഒരു ഗ്രന്ഥം തീര്‍ത്താല്‍ മലയാളസാഹിത്യത്തിന് അതൊരു മുതല്‍ കൂട്ടാവുമെന്നും അത്തരത്തില്‍ ഒന്നുരണ്ടു ഗ്രന്ഥങ്ങള്‍ വരുന്നതോടെ പുറകേ വരാന്‍ കുറേ പാന്ഥന്മാര്‍ ഉണ്ടാവുമെന്നു ദീര്‍ഘദര്‍ശനം നടത്താനും ഈ ലേഖനത്തില്‍ ചെറിയാനു കഴിഞ്ഞു. കുമാരനാശാന്റെ ‘നളിനി’ കാവ്യത്തിന്റെയും എ.ആറിന്റെ അവതാരികയുടെയും പിറവിയുടെ പശ്ചാത്തലമിതാണ്. എന്നിട്ടും എ.ആര്‍. രാജരാജവര്‍മ്മ ‘ആമ്പലും അമ്പിളി’യും ഉദ്ധരിച്ച് ഗതാനുഗതികത്വത്തെ തള്ളിപ്പറഞ്ഞതാണ് ഇപ്പോഴും സാഹിത്യചരിത്രത്തിലെ വിപ്ലവകരമായ പരിവര്‍ത്തനമായി അടയാളപ്പെടുന്നതെന്നത് ചെറിയാനെയും അദ്ദേഹത്തിന്റെ ചിന്തകളെയും തിരസ്‌കരിച്ചതിന്റെ ബാക്കിപത്രമാണ്.

മലയാളഭാഷയില്‍ ശാസ്ത്രവിഷയങ്ങള്‍ സംബന്ധിയായ ഗ്രന്ഥങ്ങള്‍ ഉണ്ടാവേണ്ടത് എക്കാലവും ഊന്നിപ്പറഞ്ഞ ചിന്തകനുമായിരുന്നു ഒ.എം. ചെറിയാന്‍. ശാസ്ത്രഗ്രന്ഥങ്ങളുടെ നിര്‍മ്മാണത്തില്‍ ഗ്രന്ഥകാരന്മാര്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നം പദങ്ങളുടെ ദൗര്‍ലഭ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സംസ്‌കൃതത്തില്‍ സാമാന്യം വ്യുല്പത്തിയുള്ള പണ്ഡിതന്മാരെക്കൊണ്ട് മലയാളത്തില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ എഴുതിച്ചാല്‍ താല്ക്കാലികമായി പ്രശ്‌നം മറികടക്കാമെന്ന പ്രായോഗിക നിര്‍ദ്ദേശമാണ് ഇക്കാര്യത്തില്‍ അദ്ദേഹം മുന്നോട്ടു വച്ചത്. ശാസ്ത്രങ്ങളുടെ സ്വരൂപജ്ഞാനം, പദദൗര്‍ലഭ്യം എന്നിവ ഏകകാലത്തില്‍ മലയാളികള്‍ക്കു ലഭിക്കാന്‍ ഇതു സഹായകമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. കൂടാതെ 300 പദങ്ങളില്‍ അധികമില്ലാതെ സാങ്കേതിക സംജ്ഞകള്‍ മാത്രം അടങ്ങിയ ഒരു ഇംഗ്ലീഷ്-മലയാളം അകാരാദിയും ഉണ്ടായാല്‍ ഭാഷാഭിവൃദ്ധിക്ക് സഹായകമാകുമെന്ന നിര്‍ദ്ദേശവും അക്കാലത്തുതന്നെ അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.

ഭാഷയെക്കുറിച്ച് കേരളത്തിലെ ഏതൊരു പണ്ഡിതനും പങ്കുവച്ച ചിന്തകള്‍ക്ക് ഒപ്പമോ മുകളിലോ വയ്ക്കാവുന്ന ദര്‍ശനങ്ങള്‍ അവതരിപ്പിച്ചയാളാണ് ഒ.എം. ചെറിയാന്‍. ആശയങ്ങള്‍ അവതരിപ്പിച്ചുവെന്ന് മാത്രമല്ല, പ്രായോഗികത കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തിന്റെ പ്രാധാന്യം. ഭാഷാസംബന്ധിയായ അദ്ദേഹത്തിന്റെ ചിന്തകള്‍ ചെറുലേഖനമായി ചുരക്കാന്‍ കഴിയുന്നതല്ല. അതിനാല്‍ ഭാഷാഗവേഷണരംഗത്തു പ്രവര്‍ത്തിക്കുന്നവരാല്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നു പ്രത്യാശിക്കാം.
പ്രമാണങ്ങള്‍

പവിത്രന്‍ പി. മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരം, മലയാള ഐക്യവേദി, ചെറുതുരുത്തി, 2014.
സിബി തരകന്‍ ഡോ. ഒ.എം. ചെറിയാന്‍ ജീവിതവും കൃതികളും, സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസര്‍ക്കാര്‍, 2004.

Comments are closed.