DCBOOKS
Malayalam News Literature Website

ആത്മാവിലേക്കുള്ള വഴിയില്‍ പെയ്യുന്ന പ്രപഞ്ചഭാഷണങ്ങള്‍

പി രാമന്‍

ശ്രീദേവി എസ്. കര്‍ത്തായുടെ കവിതകളെക്കുറിച്ച് സമയക്കുറവു മൂലം തിരക്കിട്ട് ഒരു കുറിപ്പെഴുതുന്നത് സാഹസമാണ്, പന്തികേടുമാണ്. കാരണം, നമ്മുടെ കാലത്തെ കവി മൊഴികളില്‍ ഞാനേറ്റവും ശ്രദ്ധിച്ചിട്ടുള്ള
ശബ്ദമാണ് ഈ എഴുത്തുകാരിയുടേത്. വിശദമായ പഠനം അര്‍ഹിക്കുന്നവയാണ് ഈ കവിതകള്‍. ചില സാമാന്യ നിരീക്ഷണങ്ങള്‍ക്കു മാത്രമേ ഇവിടെ തുനിയുന്നുള്ളൂ.

മലയാളത്തിലെ പെണ്‍കവികളില്‍ പേരറിയാവുന്ന ആദ്യത്തെയാള്‍ കുട്ടിക്കുഞ്ഞു തങ്കച്ചിയാണ്. അവിടുന്നിങ്ങോട്ട് ആധുനികതയുടെ കാലം വരെ, തോട്ടക്കാട്ട് ഇക്കാവമ്മ, സിസ്റ്റര്‍ മേരി ബെനീഞ്ജ, കൂത്താട്ടുകുളം മേരി ജോണ്‍, മുതുകുളം പാര്‍വതിയമ്മ, കടത്തനാട്ടു മാധവിയമ്മ, ബാലാമണിയമ്മ, ലളിതാംബിക അന്തര്‍ജ്ജനം തുടങ്ങി ധാരാളം കവികളെ ആ നിരയില്‍ നാം കാണുന്നുണ്ട്. നിത്യജീവിതാനുഭവങ്ങള്‍ക്കും പെണ്ണനുഭവങ്ങള്‍ക്കുമൊപ്പം ആത്മീയാന്വേഷണത്തിന്റെ ഒരടര് ആധുനികതയ്ക്കു മുമ്പുള്ള ഈ Textപെണ്‍കവികളിലെല്ലാം കാണാം. പെണ്‍കവിതാ പാരമ്പര്യത്തില്‍ ഉള്ളടങ്ങിയ ആ ആത്മീയധാരയെ ഉള്‍ക്കൊള്ളാനോ അതിനിടം കൊടുക്കാനോ ആധുനികതയ്ക്ക് കഴിഞ്ഞില്ല. ഒ.വി. ഉഷയെപ്പോലൊരു കവിയുടെ ഇടം തെളിച്ചു കാണിക്കാന്‍ ആധുനികതയ്ക്കു കഴിഞ്ഞില്ല. ആധുനികതയ്ക്കു മുമ്പുള്ള പെണ്‍കവിതാ പാരമ്പര്യത്തില്‍ നിന്നു വന്ന് ആധുനികതയെ മുറിച്ചു കടന്നുപോരാന്‍ കഴിഞ്ഞ ഒരേയൊരു കവി സുഗതകുമാരി മാത്രമാണ്. ആധുനികതനിറഞ്ഞു നിന്ന കാല്‍നൂറ്റാണ്ടുകാലം പെണ്‍മൊഴികള്‍ ഏറെക്കുറെ നിശ്ശബ്ദമായി.
പിന്നീട് ആധുനികതയുടെ തിരയടങ്ങിത്തുടങ്ങുമ്പോഴാണ്, 1970-കള്‍ക്കൊടുവില്‍ പെണ്‍ശബ്ദങ്ങള്‍ വീണ്ടും കേട്ടു തുടങ്ങുന്നത്. എ.പി. ഇന്ദിരാദേവിയുടെ ‘മഴക്കാടുകള്‍’ എന്ന സമാഹാരത്തിലെ കവിതകളോടെയാണ് ഈ രണ്ടാം വരവു തുടങ്ങുന്നത്. അവിടുന്നിങ്ങോട്ട് ധാരാളം പെണ്‍വഴികള്‍ മലയാളത്തില്‍ സജീവമായി. ഫെമിനിസ്റ്റ് ആശയങ്ങളും ഉടലിന്റെ രാഷ്ട്രീയവുംകീഴാളപെണ്‍ രാഷ്ട്രീയവും മുന്‍വയ്ക്കുന്നവയാണ് 1980-കള്‍ തൊട്ടുള്ള മിക്ക മലയാള പെണ്‍ കവിതാവഴികളും. മലയാളകവിതയെ പുതുക്കുന്നതില്‍ അവ വലിയ പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍ ഇവിടെവിട്ടുപോയ ഒരു കണ്ണിയുണ്ട്. ആത്മീയാന്വേഷണത്തിന്റെ ഒരു കണ്ണി. ആധുനിക പൂര്‍വ കവിതയിലുണ്ടായിരുന്നതും ആധുനികതയുടെ കാലത്ത് ഇടര്‍ച്ച വന്നതും ആധുനികാനന്തരം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതുമായ ആത്മീയാന്വേഷണത്തിന്റെ പെണ്‍വഴി സുവ്യക്തമായി തെളിഞ്ഞു നില്‍ക്കുന്നു, ശ്രീദേവി എസ്. കര്‍ത്തായുടെ കവിതകളില്‍. സ്ത്രീപക്ഷ ഉടല്‍ രാഷ്ട്രീയ ആശയങ്ങളോടെല്ലാം ഇണങ്ങിക്കൊണ്ടുതന്നെ ആത്മീയമായ അന്വേഷണത്തിന്റെ വഴിയും കവിതയില്‍ പ്രധാനമാകേണ്ടതുണ്ട് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു ശ്രീദേവിയുടെ കവിത. മലയാള കവിതയില്‍ ഇടക്കാലത്തുണ്ടായ മുറിവ് ഉണക്കാന്‍ പോന്നതാണ് ശ്രീദേവിയുടെ എഴുത്തിലെ ഈ തിരിച്ചുപിടിക്കല്‍. പഴമയിലേക്കു തിരിച്ചു പോകലല്ല ഇത്. മറിച്ച് ഏറ്റവും നവീനമായ ഭാഷയിലാണ് ഈ കവി എഴുതുന്നത്‌.

”ഒരു മനോഹരമൃഗം
തണുക്കുന്ന ചന്ദ്രനെ ഭയന്ന്
എന്റെ പുരയുടെ ഭിത്തി
തള്ളിക്കൊണ്ടിരുന്നു”
(മര്യാദയുള്ളവരുടെ രാത്രി)

ശ്രീദേവിയുടെ കാവ്യഭാഷ, ബിംബവിധാനം, ലോകവീക്ഷണം എന്നിവയെല്ലാം തീര്‍ത്തും പുതുതാണ്. കൂടുതല്‍ കൂടുതല്‍ ഹിംസാത്മകമാവുന്ന വര്‍ത്തമാനകാലസങ്കീര്‍ണ്ണത ഈ കവിതകള്‍ ശക്തമായിത്തന്നെ പങ്കുവയ്ക്കുന്നുണ്ട്. സമകാലികത പുലര്‍ത്തിക്കൊണ്ടുതന്നെ ആധുനികപൂര്‍വപാരമ്പര്യത്തില്‍ നിന്നു മാത്രമല്ല അക്കാ മഹാദേവിയുടെയും ആണ്ടാളിന്റെയും ഔവൈയാറിന്റെയുമെല്ലാം പാരമ്പര്യത്തില്‍നിന്നും ചിലതുവീണ്ടെടുത്തു സമകാല മലയാളകവിതയോടു ചേര്‍ക്കാന്‍ ഈ കവിക്കു കഴിയുന്നു
എന്നതാണ് ഏറ്റവും പ്രധാനം. അത്തരത്തില്‍ പുതിയ തുറസ്സുകള്‍ നല്‍കുന്നതാണ് ശ്രീദേവിയുടെ കവിത.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.