DCBOOKS
Malayalam News Literature Website

കന്യാസ്ത്രീയുടെ പരാതി: നടപടി വൈകുന്നതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍

 

ദില്ലി: പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പരാതിയില്‍ നടപടി വൈകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. കന്യാസ്ത്രീകള്‍ നടത്തിവരുന്ന സത്യഗ്രഹത്തിലോ, പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് നേരെയുണ്ടായ പി.സി.ജോര്‍ജ് എം.എല്‍.എയുടെ അധിക്ഷേപത്തിലോ പോലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് രേഖാ ശര്‍മ്മ കുറ്റപ്പെടുത്തി. ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങളെയും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന പരാതികളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് തിരികെയെത്തുമ്പോള്‍ ഇക്കാര്യം ധരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അയച്ച കത്ത് പുറത്തുവന്നു. വിഷയത്തില്‍ വത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും തനിക്ക് നീതി ലഭ്യമാകണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനത്തിന് ഇരയായ കന്യാസ്ത്രീ പരാതി അയച്ചത്. ബിഷപ്പ് പണമുപയോഗിച്ച് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും കേരളത്തിലെ സഭാ അധികൃതകര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Comments are closed.