‘നൃത്തം ചെയ്യുന്ന കുടകള്‍’
കുട നന്നാക്കുന്ന ചോയി എന്ന നോവലിനു ശേഷം വീണ്ടുമൊരു നോവലുമായി എത്തുകയാണ് മയ്യഴിയുടെ പ്രിയ കഥാകാരന്‍ എം. മുകുന്ദന്‍. നൃത്തം ചെയ്യുന്ന കുടകള്‍ എന്നാണ് പുതിയ നേവലിന്റെ പേര്. ‘കുട നന്നാക്കുന്ന ചോയി’ എന്ന നോവലിന്റെ തുടര്‍ച്ചയാണ് ‘നൃത്തം ചെയ്യുന്ന കുടകള്‍’. നോവലിസ്റ്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എഴുത്തുകാരന്റെ തെറ്റുതിരുത്തല്‍. നോവലിലെ നായകനായ മാധവനോട് ആദ്യനോവലിന്റെ ഒടുവില്‍ ചെയ്ത തെറ്റ് നോവലിസ്റ്റ് തിരുത്തുന്നു. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന മാധവന്‍ നോവലിനൊടുവില്‍ ഹിന്ദുവെന്ന വികാരം ഉള്‍ക്കൊള്ളുന്ന ആളായിട്ടാണ് എം. മുകുന്ദന്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ മാധവനെ ഇഷ്ടപ്പെട്ടിരുന്ന വായനക്കാര്‍ക്ക് ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ അക്കാര്യം എം.മുകുന്ദനെ അറിയിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഫോണ്‍ വിളികളും കത്തുകളും നിരന്തരം വന്നതോടെയാണ് മാധവനോടു താന്‍ ചെയ്തത് ശരിയായോ എന്ന പുനര്‍ചിന്ത എഴുത്തുകാരനുണ്ടായത്. തുടര്‍ന്നാണ് നോവലിനൊരു തുടര്‍ച്ച എഴുതാന്‍ അദ്ദേഹം തീരുമാനിച്ചത്.
ആദ്യകാലത്ത് മാധവന്‍ നിരീശ്വരവാദിയും പിന്നീട് വിശ്വാസിയായും മാറുന്ന കുഞ്ഞിക്കുനിയില്‍ അമ്പൂട്ടിയുടെ മകന്‍ മാധവന്റെ കഥ തുടരുകയാണ് നൃത്തം ചെയ്യുന്ന കുടകളില്‍. കുടനന്നാക്കുന്ന ചോയി ഫ്രാന്‍സിലേക്ക് കപ്പലേറിയപ്പോള്‍ മാധവനു നല്‍കിയ കത്ത് ചോയിയുടെ മരണശേഷം പൊട്ടിച്ച് നാട്ടുകാര്‍ക്കായി വായിച്ചുകൊടുത്തപ്പോള്‍ തിരുത്തല്‍ വരുത്തിയാണ് മാധവന്‍ വായിച്ചത്. അതിന്റെ മനസ്താപത്തില്‍ കഴിയുന്ന മാധവന്റെ തുടര്‍ജീവിതമാണ് ഈ നോവലിനാധാരം. ഇവിടെ മാധവന്‍ വീണ്ടും മാനവപക്ഷത്തേക്കു മാറുന്നു. അതോടൊപ്പം മാധവന്റെ മനസ്സില്‍ മൊട്ടിട്ട പ്രണയത്തിന്റെ കഥയും നോവലില്‍ വിവരിക്കുന്നു എം മുകുന്ദന്‍.
ചോയി മാധവനെ ഏല്‍പ്പിച്ച ലക്കോട്ടില്‍ എന്തായിരുന്നു എന്ന സസ്‌പെന്‍സ് ആയിരുന്നു കുട നന്നാക്കുന്ന ചോയി എന്ന ആദ്യ നോവലിനെ മുന്നോട്ടു കൊണ്ടുപോയത്. അതുപോലെയൊരു സസ്‌പെന്‍സ് പുതിയ നോവലിലും ഉണ്ട്. ചോയിയുടെ കത്ത് മാറ്റി വായിച്ചാണ് മാധവന്‍ തന്റെ പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. അതുപോലെ തന്നെയാണ് പുതിയ നോവലിലും മാധവന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്.
ഒരു നോവലിന് തുടര്‍ച്ച എന്നത് അപൂര്‍വ്വമായി സംഭവിക്കുന്നതാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിനെ തുടര്‍ന്ന് മയ്യഴിയിലെ ജീവിതത്തെക്കുറിച്ച് അദ്ദേഹം മറ്റൊരു നോവല്‍ എഴുതിയിരുന്നു. ദൈവത്തിന്റെ വികൃതികള്‍. ഈ കൃതികളിലെ പശ്ചാത്തലം തുടര്‍ച്ചയായിരുന്നെങ്കിലും നോവല്‍ തുടര്‍ച്ചയായിരുന്നില്ല. എന്നാല്‍ പുതിയ നോവലിലൂടെ മറ്റൊരു പരീക്ഷണത്തിനാണ് മുകുന്ദന്‍ ശ്രമിക്കുന്നത്.
Comments are closed.