DCBOOKS
Malayalam News Literature Website

സമകാലിക ലോകബോധത്തിനുള്ള ഒരു പ്രഹരം; എം. മുകുന്ദന്റെ നോവലിനെക്കുറിച്ച് ഡോ എസ് എസ് ശ്രീകുമാര്‍ എഴുതുന്നു

കുട നന്നാക്കുന്ന ചോയി എന്ന നോവലിന് തുടര്‍ച്ചയായി എം മുകുന്ദന്‍ എഴുതിയ നൃത്തം ചെയ്യുന്ന കുടകള്‍ക്ക് ഡോ എസ് എസ് ശ്രീകുമാര്‍ എഴുതിയ വായനാനുഭവം

സമകാലിക ലോകബോധത്തിനുള്ള ഒരു പ്രഹരം;

എം. മുകുന്ദന്റെ  കുട നന്നാക്കുന്ന ചോയിഎന്ന നോവലിന്റെ പൂര്‍ണമാണ് നൃത്തം ചെയ്യുന്ന കുടകള്‍ എന്ന നോവല്‍. അതിന്റെ കേവലമൊരു തുടര്‍ച്ച മാത്രമല്ല, വിടര്‍ച്ചയും പടര്‍ച്ചയുംകൂടിയാണത്. അതേസമയം ഈ രണ്ടു നോവലും നമ്മുടെ വര്‍ത്തമാനകാലത്തോടുള്ള എഴുത്തുകാരന്റെ പ്രതികരണംകൂടിയാണ്. സാമൂഹികബോധത്തിന്റെയും കൂട്ടായ്മാ ജീവിതത്തിന്റെയും അവസാന ഉറവയും വറ്റി അനന്തമായ ആത്മരതിയില്‍ മുഴുകി സ്വന്തം വ്യക്തിസത്തയില്‍ അന്തിമാഭയം കണ്ടെത്തുന്ന, അപരനെ ആദ്യം നിര്‍വചിച്ചുവെച്ച് അതിന്റെ വിപരീത കോടിയില്‍ പ്രതിഷ്ഠിക്കപ്പെട്ട അവനവനെ മാത്രം അന്തിമവിശകലനത്തില്‍ സാക്ഷാത്കരിച്ച് സായുജ്യമടയുന്ന സമകാലിക ലോകനീതിക്കെതിരായ ഒരു കലാത്മക പ്രതിഷേധമാണിവ.  കുട നന്നാക്കുന്ന ചോയിയില്‍ നിഹിതമായ പല പ്രശ്‌നങ്ങളും നിര്‍ദ്ധാരണം ചെയ്യപ്പെടുന്നത് ഇതിലാണ്. ചോയിയുടെ അന്ത്യസന്ദേശവും എന്തിന് മാധവന്‍ മാറ്റിവായിച്ചു എന്നതിന് ഈ നോവലിലും വ്യക്തമായ ഉത്തരമില്ലെങ്കിലും (ഗാന്ധിജിയെ കൊന്നവരാണ് മാധവനെക്കൊണ്ടതുചെയ്യിപ്പിച്ചതെന്ന് നാട്ടുദൈവമായ കരിങ്കുട്ടിച്ചിന്നന്‍). ആ പ്രവൃത്തി നല്കിയ ആത്മനിന്ദയാണ് മാധവനെ നിയന്ത്രിക്കുന്ന ഒരു ഘടകം.

എന്നാല്‍ ആദ്യ നോവലില്‍ത്തന്നെ രണ്ടാം നോവലിന്റെ പരിണതിയിലേക്കു വികസിക്കുന്ന മാധവന്റെ വളര്‍ച്ചയുടെ വിത്തുകള്‍ വിതയ്ക്കപ്പെടുന്നു. കുട നന്നാക്കുന്ന ചോയി യുടെ തുടക്കത്തില്‍ ഒരു കുട നന്നാക്കുന്നയാളായി മാറണമെന്ന മാധവന്റെ അഭിലാഷം പൂര്‍ത്തീകരിക്കപ്പെടുന്നതു നൃത്തം ചെയ്യുന്ന കുടകളുടെ അന്തിമാധ്യായത്തിലാണ്. എന്നാലത് പടിപടിയായി വളര്‍ന്നു വരുന്ന ഒന്നല്ല. ഒരപ്രതീക്ഷിത പരിണാമമായി അത് വായനക്കാരനെ ബാധിക്കുന്നു. എന്നാല്‍ ചോയിയോടു താന്‍ ചെയ്ത വിശ്വാസവഞ്ചനയ്ക്ക് താന്‍ പരിഹാരം കണ്ടെത്തും എന്ന ദൃഢനിശ്ചയംമാധവന്‍ ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്നുണ്ട്. അതിങ്ങനെയാണ്, സ്വയം ഒരു കുട നന്നാക്കുകാരനായി മാറിക്കൊണ്ടാണ് നിവര്‍ത്തിതമാക്കുന്നതെന്നു മാത്രം. പ്രാദേശിക ജീവിതത്തില്‍നിന്നുരുത്തിരുഞ്ഞുവരുന്ന വ്യക്തിമുദ്രയുള്ള കഥാപാത്രങ്ങള്‍കൊണ്ടു സമ്പന്നമായ വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, എസ്. കെ. പൊറ്റെക്കാട്, സി. രാധാകൃഷ്ണന്‍ എന്നിവരുടെ നോവലുകളെ ശക്തമായി അനുസ്മരിപ്പിക്കുന്ന നോവലുകളാണ് കുട നന്നാക്കുന്ന ചോയിയും നൃത്തം ചെയ്യുന്ന കുടകളും. വിശേഷിച്ചും ബഷീറിന്റെയും ഉറൂബിന്റെയും അനുഗ്രഹ ഹസ്തങ്ങള്‍ ഈ നോവലുകളില്‍ നിഴലിച്ചു നില്ക്കുന്നു. ബഷീര്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍മുച്ചീട്ടുകളിക്കാരന്റെ മകള്‍, ആനവാരിയും പൊന്‍കുരിശും എന്നീ നോവലുകളിലൂടെ പ്രത്യക്ഷമാക്കിയ കടുവാക്കുഴി എന്ന സ്ഥലവും അവിടുത്തെ ജനതയും കേരളത്തിന്റെയും അവിടെയുള്ള ജനതകളുടെയും അന്യാപദേശങ്ങളായി സ്ഥാനപ്പെട്ടിട്ടുണ്ട്.

സ്വന്തം ആന്തരിക നിയമങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരപാര കാവ്യസംസാരം സൃഷ്ടിച്ച് അതിന്റെ പ്രജാപതിയായി മാറുകയാണ് ബഷീര്‍ ചെയ്തത്. അതിലൂടെ അദ്ദേഹം നടത്തിയ സമകാലിക സാമൂഹികവിശകലനം ആ സ്വയംപര്യാപ്തലോകത്തിന്റെ മുഗ്ദ്ധതയില്‍ മയങ്ങിയ മലയാള വായന വേണ്ടത്ര ശ്രദ്ധിച്ചു എന്നെനിക്കഭിപ്രായമില്ല. ഒരു ഉപദേശീയ ജനകീയതയെയും അതിന്റെ സവിശേഷതയായ കൂട്ടായ്മാ ജീവിതത്തെയും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ കേരള രാഷ്ട്രീയത്തിലെ അധികാര കേന്ദ്രീകരണത്തിന്റെയും അനന്തമായ നയവ്യതിയാനങ്ങളുടെയും ആന്തരിക വിമര്‍ശകരെ അപരവത്കരിക്കുന്ന അങ്ങനെ സ്വയം റദ്ദുചെയ്യുന്ന പുരോഗമന പ്രവണതകളുടെയും തീവ്ര വിഷയമാണ ലഘുവായ ആക്ഷേപ ഹാസ്യത്തിന്റെ നനവോടെ ബഷീര്‍ ചിത്രീകരിച്ചത്. സമകാലത്തിന്റ അന്യാപദേശമായിരുന്നു ആ കൃതികള്‍. എന്നാല്‍ മുകുന്ദന്റെ നോവലുകള്‍ ഭൂതകാലത്തെപ്പറ്റിയുള്ള സവിശേഷമായ ഒരു കാഴ്ചപ്പാടില്‍ നിന്നാണെഴുതപ്പെട്ടത്. കഥയും കഥാപാത്രങ്ങളുമല്ല കുട നന്നാക്കുന്ന ചോയി എന്ന നോവലിലെ ഭാഷയാണ് ആദ്യമുണ്ടായത് എന്ന് മുകുന്ദന്‍ ഏറ്റു പറയുന്നുണ്ട്, യാഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കാനുള്ള ഒരു കേവലോപകരണമല്ല ഭാഷ. യാഥാര്‍ത്ഥ്യതന്നെ രൂപീകരിക്കപ്പെടുന്നത്ഭാ ഷയിലൂടെയാണ്. വിനഷ്ടമായിക്കൊണ്ടിരിക്കുന്ന മങ്കുഴിയുടെ ഭാഷയെ പുനരാനയിക്കാനുള്ള ഒരു ശ്രമം മാത്രമല്ല ഇത്. വാക്കുകള്‍ അനുഭവങ്ങളുടെ ഉത്പന്നങ്ങളാണ്. ഭാഷയില്‍ നിന്ന് ഒരു വാക്കു പൊലിഞ്ഞുപോകുമ്പോള്‍ അനുഭവങ്ങളുടെ ഒരു മഹാസഞ്ചയമാണ് നഷ്ടപ്പെടുന്നത്. ഭാഷയും അതിനെ സാദ്ധ്യമാക്കുന്ന സ്വാഭാവിക മനുഷ്യജീവിതവും ഈ നോവലുകളിലൂടെ തിരിച്ചുപിടിക്കുകയാണ് എം. മുകുന്ദന്‍. ഈ നോവലുകളിലെ ഭാവികാലമാണ് നമ്മുടെ വര്‍ത്തമാനം.

ഈ നോവലിന്റെ സ്ഥലകാലയുഗ്മ മെന്നത് അധിനിവേശാനന്തരമുള്ള മങ്കുഴിയിലെ പ്രാദേശിക ജനജീവിതമാണ്. സമകാലത്തിന്റെ ജീവിക്കാന്‍ കൊള്ളരുതാത്ത ക്രൂരയാഥാര്‍ത്ഥ്യങ്ങളെ ഒരു മനോഹരഭൂതകാലം കൊണ്ടു ചെറുത്തുനില്ക്കുകയാണ് എം. മുകുന്ദന്‍. പ്രസിദ്ധ മാര്‍ക്‌സിസ്റ്റ് വിമര്‍ശകനായ ഏണസ്റ്റ് ഫിഷന്‍ കാല്പനികതയുടെ വിധ്വംസകസ്വഭാവം വ്യക്തമാക്കിയതിങ്ങനെയാണ്. ജീവിക്കാന്‍ കൊള്ളാത്ത ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന ബദല്‍ലോകമാണിതെന്നാണ്. യാഥാര്‍ത്ഥ്യം എത്രമേല്‍ ക്രൂരമാണോ അത്രമേല്‍ ഈ സ്വപ്നദര്‍ശനം വിപ്ലവകരമാകുന്നു, ഇന്നിന്റെ ഭീകരതകളില്‍ നിന്നും നൃശംസതകളില്‍നിന്നും രക്ഷപ്പെടാന്‍ എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന സ്വയംശാസിതമായ ഒരു ലോകമാണ് കുടനന്നാക്കുന്ന ചോയിയിലും നൃത്തം ചെയ്യുന്ന കുടകളിലുമായി അവതരിപ്പിക്കപ്പെടുന്നത്. അതും പൂര്‍ണ്ണമായും സുന്ദരമായ ഒരു ലോകമല്ല. അവിടെയും തോലന്റെയും കുഞ്ഞമ്പൂ മണിയന്റെയും അന്യമതദ്വേഷവും തറവാടിന്നുദ്‌ഘോഷണങ്ങളുമുണ്ട്. തിയ്യപ്പെരുമയില്‍ ഊറ്റംകൊള്ളുന്ന കക്കൂയിയില്‍ തോലനും സഹായി ഗോപാലനും അതിന്റെ സൂചകങ്ങളാണ്. നൂറുകുമാരന്റെ പെങ്ങള്‍ വനജയുടെ പഠനച്ചെലവ്, അന്തോനിസായിവ് മാഷ് ഏറ്റെടുത്തന്നറിയുമ്പോള്‍, ഓളെ കാര്യം നോക്കാന്‍ ഓനാരാ? മ്മള്ള് തിയ്യമ്മാരില്ലേ ഈട? എന്നാണ് തോലന്റെ ചോദ്യം. മാധവന്റെ പിതാവ് കുഞ്ഞി ക്കുനീയില്‍ അമ്പൂട്ടിയുടെ ചിതാഭസ്മമൊഴുക്കാന്‍ അന്തോനിസായിവ് എത്തിച്ചേരുമ്പോള്‍ അമര്‍ഷം പ്രകടിപ്പിക്കുന്ന കുഞ്ഞമ്പൂ മണിയനും അന്തോനിസായിവ് മാഷ് അണ്ടല്ലൂര്‍ക്കാവില്‍ ഉത്സവത്തിനു പോകുമ്പോള്‍ അനിഷ്ടം പ്രകടിപ്പിക്കുന്ന തോലനും, ഇന്നത്തെ സാംസ്‌കാരിക സ്വത്വരാഷ്ട്രീയ വാദികളുടെ പൂര്‍വ്വരൂപങ്ങള്‍തന്നെ. എങ്കിലും നാട്ടുജീവിതത്തിന്റെ മതനിരപേക്ഷമായ അഗാധപാര സ്പര്യത്തിലാണ് എഴുത്തുകാരന്റെ ഊന്നല്‍.

അറുപതുകളിലും എഴുപതുകളിലും ഒരു വലിയ സാമൂഹികപ്രശ്‌നമായി മാറിയിരിക്കുന്ന അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ ഈ നോവലിലും സൂചിപ്പിക്കപ്പെടുന്നു. ബിരുദധാരിയായ ശേഷം മാധവന്റെ തൊഴിലന്വേഷണങ്ങളുടെ പരാജയം മുകുന്ദന്‍ വ്യക്തമാക്കുന്നുണ്ട്. ആ
കാലഘട്ടത്തിലെ രചനകളും കലാസൃഷ്ടികളും ഇതിനെ നന്നായി അടയാളപ്പെടുത്തിയിട്ടുണ്ട്. ആഗോളവത്കരണാനന്തരം വിപുലമായ വിപണിയും അതിന്റെ അനുബന്ധങ്ങളും നാമമാത്രമായ കൂലിയും നഗ്നമായ തൊഴില്‍ചൂഷണവുമായിട്ടാണെങ്കിലും ഈ നില ഭാഗികമായി ഇല്ലാതാക്കിയിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായരുടെ കാലം, അരവിന്ദന്റെ ഗ്രാഫിക് നോവല്‍ ചെറിയ മനുഷ്യനും വലിയ ലോകവും എന്നിവയില്‍ നാം കാണുന്ന തൊഴിലിനായുള്ള അഭ്യസ്തവിദ്യന്റെ അലച്ചില്‍ നാം മാധവനിലൂടെ ഈ നോവലിലും കാണുന്നു. കണ്ണൂരിലെ ബനിയന്‍ കമ്പനിയിലെ മൂന്നാലുറുപ്പിക കിട്ടുന്ന കൂലിപ്പണി, അരപ്പുരയില്‍ ഗോവിന്ദന്‍ മാഷ് നിര്‍ദ്ദേശിച്ച ബോംബെയ്ക്കുള്ള നാടുവിടല്‍ എന്നിങ്ങനെ പലതും ചിന്തിച്ചശേഷമാണ് ഒടുവില്‍ മാധവന്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപകനാകുന്നത്. ആ പിടിവള്ളിയും നഷ്ടപ്പെട്ടതോടെയാണ് ഉപജീവനത്തിനായുള്ള അവസാന പരിശ്രമവും തകര്‍ന്നപ്പോഴാണ് മാധവന്‍ ഒരു കുടനന്നാക്കുകാരനായി മാറുന്നത്. സ്വാതന്ത്ര്യവ്യക്തിത്വം, അതിനടിസ്ഥാനമായ സാമ്പത്തിക സുരക്ഷിതത്വത്തിനും, ജീവിതവിജയത്തിനും വേണ്ടിയുള്ള ആസൂത്രിതമായ ശ്രമങ്ങള്‍, തത്ഫലമായി രൂപപ്പെട്ടുവരുന്ന സ്വകാര്യത എന്നിങ്ങനെ നാം ജീവിതത്തിന്റെ മൂല്യങ്ങളായി കരുതുന്നവയെ സൃഷ്ടിയിലൂടെ തകര്‍ക്കുകയാണ് എം. മുകുന്ദന്‍.

 

Comments are closed.