മുകുന്ദൻ നിരന്തര നവീകരണത്തിന്റെ നോവലിസ്റ്റ്
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 3 എഴുത്തോലയിൽ “നിങ്ങൾ: എന്റെ ആഖ്യാന പരീക്ഷണങ്ങൾ ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എം. മുകുന്ദനും പി. കെ. രാജശേഖരനും പങ്കെടുത്തു.
നോവലിന്റെ ആഖ്യാനത്തിൽ നിരന്തരം നവീകരണം നടത്തുന്ന നോവലിസ്റ്റായാണ് മുകുന്ദൻ മുന്നോട്ട് പോകുന്നതെന്ന് നിരൂപകനായ പി. കെ. രാജശേഖരൻ പറഞ്ഞു. തന്റെ ബാല്യ – കൗമാരങ്ങളിൽ കൂടുതലും താൻ സംസാരിച്ചത് പ്രണയവും കമ്യുണിസവുമാണെന്നും ഇന്നത് മാറിയെന്നും പ്രണയം മാത്രം ബാക്കിയായെന്നും കൗമാരത്തിൽ സ്വപ്നം കണ്ട കമ്യുണിസവും ഇന്ന് മാറിയെന്നും ആ മാറ്റം ആവശ്യമാണെന്നും മുകുന്ദൻ പറഞ്ഞു. പ്രണയവും പകയും വാശിയും അടക്കമുള്ള അടിസ്ഥാന ചോദനകൾ മാറില്ല. എന്നാൽ അതിന്റെ ആവിഷ്കാരം മാറുകയും അതിന്റെ പ്രതിഫലനം എഴുത്തുകളിൽ ഉണ്ടാവുമെന്നും മുകുന്ദൻ പറഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങൾ സ്വയം എഴുതിയ നോവലാണ്. അതിലെ കഥാപാത്രങ്ങളത്രയും തലയിൽ ദീർഘനാളായി മുറവിളി കൂട്ടിയ ഒന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിൽ മയ്യഴിപ്പുഴ എന്ന നോവൽ എഴുതിയത് തന്നെ വലിയ ആഖ്യാന പരീക്ഷണമല്ലേ എന്ന പി. കെ. രാജശേഖരന്റെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന നോവൽ രഞ്ജിത്തിനൊപ്പം ബിഗ് സ്‌ക്രീനിൽ എത്തിക്കുവാനുള്ള ശ്രമങ്ങളിലാണെന്നും മുകുന്ദൻ പറഞ്ഞു.
Comments are closed.