DCBOOKS
Malayalam News Literature Website

“കറുത്തമ്മ എന്ന കഥാപാത്രത്തിൽ എത്തിയത് അമ്മയുടെ നിർബന്ധംമൂലം”: ഷീല


എം.ജി. ആറിന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുമ്പോഴാണ് ‘ചെമ്മീനിലെ’ കറുത്തമ്മ എന്ന കഥാപാത്രം ചെയ്യാന്‍ അവസരം വന്നതെന്നും, അമ്മയുടെ നിര്‍ബന്ധം മൂലമാണ് ചെമ്മീന്‍ സിനിമയുടെ ഭാഗമായതെന്നും ചലച്ചിത്രതാരം ഷീല. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം ‘കഥ’ വേദിയില്‍ നടന്ന ‘നോവലിനപ്പുറം: ചെമ്മീന്‍ വീണ്ടും കാണുമ്പോള്‍’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഷീല.

‘ചെമ്മീന്‍’ സിനിമയെക്കുറിച്ച് വാചാലയായ ഷീല സിനിമയിലെ കഥാപാത്രങ്ങളായ പരീക്കുട്ടിയെയും പഴനിയെയും സിനിമയിലെ മനോഹരമായ പ്രണയരംഗങ്ങളെയും എല്ലാം നര്‍മ്മത്തില്‍ കലര്‍ത്തി ഓര്‍ത്തെടുത്തു.

ചെമ്മീനിലെ പാട്ടുകള്‍ സ്ഥിരമായി കേട്ടുകൊണ്ട് രണ്ട് വര്‍ഷം കൊണ്ടാണ് തകഴിയുടെ ‘ചെമ്മീന്‍’ എന്ന നോവല്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തതെന്ന് അനിത എസ്. നായര്‍ പറഞ്ഞു. തന്നെ കുട്ടിക്കാലം മുതലേ വളരെയധികം സ്വാധീനിച്ച നോവലാണ് ‘ചെമ്മീന്‍’ എന്നതിനാല്‍ അതിനെ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ ബുദ്ധിമുട്ടിനേക്കാള്‍ കൂടുതല്‍ സന്തോഷമായിരുന്നു എന്ന് അനിത എസ് നായര്‍ പറഞ്ഞു. ‘എന്റെ കൊച്ചു മുതലാളീ…’ എന്ന പ്രസിദ്ധമായ ഡയലോഗിന്റെ ഇംഗ്ലീഷ് തര്‍ജമയിലേക്ക് എത്തിയ കഥ കൂടി അവര്‍ പങ്കുവെച്ചു.

‘ചെമ്മീന്‍’ കേവലം പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും കഥയല്ലെന്നും മറിച്ച്, കടലിന്റെയുംകൂടി കഥയാണെന്നും ഷീല അഭിപ്രായപ്പെട്ടു. ആധുനികസ്ത്രീകള്‍ സ്വയംപര്യാപ്തരാണെന്നും ദാമ്പത്യജീവിതം പരസ്പരമുള്ള മനസ്സിലാക്കലാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.