നോത്രദാം കത്തീഡ്രല്‍; ഫ്രഞ്ച് പൗരാണികതയുടെ പ്രതീകം
എട്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഫ്രാന്‍സിലെ പ്രശസ്തമായ നോത്രദാമിലെ കത്തീഡ്രല്‍ കത്തിയമര്‍ന്നത് കഴിഞ്ഞ വാരം മാധ്യമങ്ങളിലെ വലിയ വാര്‍ത്തയായിരുന്നു. കത്തീഡ്രലിന്റെ മുഖ്യ ആകര്‍ഷണമായിരുന്ന ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ച ഗോപുരമടക്കം മേല്‍ക്കൂര മുഴുവന്‍ തീപിടുത്തത്തില്‍ കത്തിനശിച്ചിരുന്നു.ഫ്രഞ്ച് സംസ്‌കാരത്തിന്റെയും പൗരാണിക കലയുടെയും ഉത്തമോദാഹരണമായി ചരിത്രകാരന്മാര്‍ വാഴ്ത്തുന്ന പൈതൃകകേന്ദ്രമായ ഇവിടം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു.
മലയാള സാഹിത്യത്തിലെ അതുല്യനായ സഞ്ചാരസാഹിത്യകാരന്‍ എസ്.കെ.പൊറ്റെക്കാട്ട് യൂറോപ്പിലൂടെ എന്ന യാത്രാവിവരണ കൃതിയില്‍ നോത്രദാമിലെ കത്തീഡ്രല്‍ സന്ദര്‍ശിച്ചതിന്റെ വിവരണം രേഖപ്പെടുത്തിയിട്ടുണ്ട്.
കത്തീഡ്രലിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്
“ബൊട്ടാണിക്കല്‍ ഗാര്‍ഡനരികില്‍നിന്നു സെയിന്‍ നദീതീരത്തിലൂടെ കുറേ ദൂരം നടന്നാല്‍ നദിയുടെ ഒടുവില്‍ ഒരു ദ്വീപില്‍ പൊങ്ങിനില്‍ക്കുന്ന നോത്രദാം പള്ളി നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. മതാധികാരികളുടെ തലസ്ഥാനമാണത്. പുരോഹിതമേധാവി രാജാക്കന്മാരെയും പ്രസിഡന്റുമാരെയും മറ്റും സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും ഇവിടെവെച്ചാണ്.
മദ്ധ്യശതകത്തിലെ കലാചാതുരിയുടെ ഒരുത്തമ മാതൃകയാണ് നോത്രദാം പള്ളി. മറച്ചുവെച്ച തോണിയുടെ ആകൃതിയിലാണ് പള്ളിയുടെ അന്തര്‍ഭാഗം. 110 അടി നീളവും 400 അടി വീതിയുമുള്ള ഇതിന്റെ ഉള്‍ഭാഗത്തെ ഭിത്തികള്‍ കൊത്തുവേലകള്‍ കൊണ്ടു നിറച്ചിരിക്കുകയാണ്.
പള്ളിഗോപുരങ്ങള്‍ക്ക് 200 അടിയിലധികം ഉയരമുണ്ട്. ഈ ഗോപുരങ്ങളിലൊന്നാണ് 28,600 റാത്തല്‍ തൂക്കമുള്ള വിശ്വവിഖ്യാതമായ നോത്രദാമിലെ മണി സ്ഥാപിച്ചിരിക്കുന്നത്. പള്ളിയുടെ പൂമുഖ ഭിത്തികളില്‍ മൂന്നു വലിയ ചിത്രങ്ങള്‍ കൊത്തിവെച്ചിരിക്കുന്നതു നമ്മെ പ്രത്യേകം ആകര്‍ഷിക്കുന്നു. തിരുവത്താഴത്തിന്റെയും കന്യാമറിയത്തിന്റെയും ഏന്‍പുണ്യവാളത്തിയുടെയും ചിത്രങ്ങളാണിവ.
പാരീസിന്റെ പഴയ കലയുടെ ജീവന്‍ ഉള്‍ക്കൊള്ളുന്ന ഗംഭീരമായ ഈ പള്ളിക്കു തികച്ചും 600 വര്‍ഷം പഴക്കമുണ്ട്. 1163-ാമാണ് മുതല്ക്ക് 1351-ാമാണ്ടു വരെ 180 വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1845-ല്‍ ഇതില്‍ വീണ്ടും ചില നിര്‍മ്മാണങ്ങള്‍ നിര്‍വ്വഹിക്കപ്പെടുകയുണ്ടായിട്ടുണ്ട്.”
Comments are closed.