പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു
തൃശ്ശൂര്‍: മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി അഷിത (63) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഉന്ന് ഉച്ചതിരിഞ്ഞ് തൃശ്ശൂരില്‍ നടക്കും.
തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ കെ. ബാലചന്ദ്രന്‍ നായരുടെയും തങ്കത്തിന്റെയും മകളായി 1956 ഏപ്രില്‍ അഞ്ചിനായിരുന്നു അഷിതയുടെ ജനനം. ദില്ലി, മുംബൈ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.
സ്ത്രീജീവിതത്തിന്റെ വിഹ്വലതകളും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമാണ് അഷിതയുടെ രചനകളില്‍ നിറഞ്ഞുനിന്നത്. ചെറുകഥകളും കവിതകളും മാത്രമല്ല മനോഹരമായ ബാലസാഹിത്യ കൃതികളും അഷിതയുടെ തൂലികയില്‍ നിന്നു പിറവിയെടുത്തു. പരിഭാഷകളിലൂടെ മറ്റു ഭാഷകളിലെ കൃതികളും മലയാളത്തിന് പരിചയപ്പെടുത്തി. അഷിത തര്‍ജ്ജമ ചെയ്ത ഹൈക്കു കവിതകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇംഗ്ലീഷിലും അഷിത കവിതകള്‍ രചിച്ചിട്ടുണ്ട്.
വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, നിലാവിന്റെ നാട്ടില്‍, ശിവസേവന സഹവര്‍ത്തനം, മയില്‍പ്പീലി സ്പര്‍ശം, ഭൂമി പറഞ്ഞ കഥകള്‍, പദവിന്യാസങ്ങള്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട കൃതികള്‍. അടുത്തിടെ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച, അഷിതയുടെ ആത്മകഥാപരമായ അഭിമുഖം ഏറെ ചര്‍ച്ചയായിരുന്നു.
2015-ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഇടശ്ശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള അവാര്‍ഡ്, പത്മരാജന്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഷിതയുടെ ദേവമനോഹരി നീ എന്ന കഥ ടി.വി സീരിയലായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
കേരള സര്‍വ്വകലാശാലയിലെ ജേര്‍ണലിസം വിഭാഗം അധ്യാപകനായിരുന്ന ഡോ.കെ.വി രാമന്‍കുട്ടിയാണ് ഭര്‍ത്താവ്. മകള്‍: ഉമ, മരുമകന്‍: ശ്രീജിത്ത്
Comments are closed.