DCBOOKS
Malayalam News Literature Website

വായനയ്ക്ക് ശേഷവും കാതുകളിൽ മുഴങ്ങുന്ന ആ അമ്മയുടെ നിലവിളി!

ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍ എന്ന നോവലിന്  ഷിബിന കെ പി എഴുതിയ വായനാനുഭവം (ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ റിവ്യൂ)

ഹൃദയത്തിൽ നിന്നും കിനിയുന്ന ചോരയാൽ മാത്രമേ  ജയമോഹന്റെ നൂറ് സിംഹാസനങ്ങളെക്കുറിച്ച് എഴുതാൻ കഴിയൂ. ധധർമ്മപാലൻ എന്ന കാപ്പന്റെയും അമ്മയുടെയും ജീവിത കഥ പറയുന്ന നോവലിൽ ജാതീയതയുടെ പ്രഹരമേറ്റവരുടെ ദൈന്യതയെ വരച്ചു ചേർത്തിരിക്കുന്നു.

Textഗോത്ര വർഗ്ഗത്തിൽ നായാടിയായി ജനിച്ച്, ഉയർന്ന ജാതിക്കാരുടെ കൺവെട്ടത്തുനിന്നും ഓടിയൊളിച്ച്, അവശിഷ്ടങ്ങളെ ആഹാരമാക്കി, പ്രതിസന്ധികളെ തരണം ചെയ്ത് ഐ.എ.എസ് പദവിയിലെത്തിയ ധർമ്മപാലനെ അതിജീവനത്തിന്റെ ഉദാഹരണമായല്ല നോവലിലുടനീളം കാണാൻ കഴിയുക. മറിച്ച് ജാതീയതയുടെ ഒളിയമ്പുകൾ നിറച്ച ജാതിക്കോമരങ്ങളാൽ നിരന്തരം വേട്ടയാടപ്പെട്ട നിസ്സഹായനെയാണ്. ഇനിയും നൂറുസിംഹാസനങ്ങൾ കിട്ടിയാലും ധർമ്മപാലനെപ്പോലെ ഒരാൾക്ക് സമൂഹത്തിൽ അപമാനഭാരമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യത്തെ പൊള്ളുന്ന അക്ഷരങ്ങൾ കൊണ്ട് എഴുതി വായനക്കാരുടെ മനസ്സിൽ വ്രണങ്ങൾ ഉണ്ടാക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. പാടുകളിലൂടെയും വ്രണങ്ങളിലൂടെയും പരസ്പരം തിരിച്ചറിയുന്ന നായാടികളെപ്പോലെ മനസ്സിലുണ്ടായ വ്രണങ്ങളുമായി വായനക്കാർ തന്റെ സ്വത്വത്തെ തിരഞ്ഞുനടക്കുമെന്നതിൽ സംശയമില്ല.

ഒരു നായാടി അല്ലെങ്കിൽ അവർണനെന്ന് മുദ്രകുത്തപ്പെട്ടവൻ എങ്ങനെയായിരിക്കണമെന്നതിന് സമൂഹം അനുശാസിക്കുന്ന നിയമങ്ങളുണ്ട്. അലിഖിതമെങ്കിലും ഇന്നും ഒരാളെ കണ്ടാൽ അവൻ ‘ആ ജാതി’ ആണെന്ന നിഗമനത്തിലെത്തിക്കുന്ന കാലഹരണപ്പെടേണ്ട നിയമങ്ങൾ. അജ്ഞത ബാധിച്ച മനുഷ്യന് വെളിച്ചം പകരാൻ നവോത്ഥാനനായകർ പ്രയത്നിച്ചെങ്കിലും അപകർഷതാബോധത്തോടെ മാത്രം ജീവിതം നയിക്കാൻ വിധിക്കപെട്ടവർ എന്നുമുണ്ടെന്ന തിരിച്ചറിവാണ് സ്വാമി പ്രജാനന്ദനും ധർമ്മപാലനും നൽകുന്നത്. വിദ്യാസമ്പന്നരെങ്കിലും അടിച്ചമർത്തപ്പെട്ടവരായി കഴിയണമെന്നത് കാപ്പനും മാണിക്യനുമെല്ലാം വന്നുചേർന്ന ദുർവിധി അല്ല.

മുറിവേറ്റാൽ ചുവന്ന രക്തം പൊടിയുന്ന, മരിച്ചാൽ മണ്ണോട് അടിയുന്ന മനുഷ്യൻ കൽപ്പിച്ച അതിർവരമ്പുകളാൽ വേർതിരിക്കപ്പെട്ടതിന്റെ അനന്തരഫലമാണ്. ഒരു കാലഘട്ടത്തിന്റെ ചിത്രം മാത്രമല്ല ഈ നോവലിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ധർമ്മങ്ങളിൽ ഏറ്റവും വലുത് സമത്വമാണെന്നും ജാതീയത നിലനിൽക്കുന്നിടത്തോളം കാലം സമത്വമില്ലായ്മ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഉച്ചനീചത്വങ്ങൾ ഈ കാലഘട്ടത്തിലും ഒളിഞ്ഞും മറഞ്ഞും സമൂഹത്തെ അടക്കിവാഴുന്നുണ്ടന്നുമുള്ള തിരിച്ചറിവുകൂടിയാണ് ‘നൂറു സിംഹാസനങ്ങൾ’. വായനയ്ക്ക് ശേഷവും കാതുകളിൽ മുഴങ്ങുന്ന ആ അമ്മയുടെ നിലവിളിയെ ഉള്ളുലയ്ക്കുന്ന വേദനയോടെ ഏറ്റു പറഞ്ഞുകൊണ്ട് വായനാനുഭവം നിർത്തട്ടെ, “കാപ്പാ മക്കളേ… കശേര വേണ്ട കളസം വേണ്ടാ…

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.