ഓർമ്മകളുടെ സുവിശേഷം, പെണ്ണെഴുത്തിന്റെയും : ആനി എർണോയുടെ എഴുത്തുജീവിതം
ഡോ കാർത്തിക എസ് ബി
( അസിസ്റ്റന്റ് പ്രൊഫസർ,ഇംഗ്ലീഷ് വിഭാഗം, ഫാത്തിമ മാത നാഷണൽ കോളേജ്, കൊല്ലം )
ആനി 2016 ൽ ഫ്രഞ്ചിൽ രചിച്ച് 2020 ൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ‘ എ ഗേൾസ് സ്റ്റോറി ‘ ആയിരുന്നു ഒരു പക്ഷെ ആനിയുടെ രചനാപ്രപഞ്ചത്തെ മനസ്സിലാഴത്തിൽ പതിപ്പിച്ചത്. ചുവടുകളിൽ ശ്രദ്ധയൂന്നി ഭൂതകാലത്തിലെ തന്റെ കൗമാര അനുഭവങ്ങളിലേക്ക് തിരിച്ചുനടക്കുന്ന ആ പുസ്തകത്തിലെ നടത്തത്തിനിടയിൽ എഴുത്തുകാരിക്കു തന്റെ ചുവടുകളിൽ അൽപ്പം വിശ്വാസകുറവുണ്ട്. അതുകൊണ്ടാകാം അവർ ഇടയ്ക്കു വച്ച് തന്റെ ഓർമ്മകളെ കുറിച്ച് മാത്രം വാചാലയാകാതെ തന്നിലെ തന്നെ തേടി മൂന്നാമതൊരാളായി കഥ പറയുന്നത്. അങ്ങനെ അവരുടെ കൃതികൾ ജീവിതസന്ധികളെ പറ്റിയുള്ള ആത്മകഥാംശമുള്ള തുറന്നെഴുത്തുകൾ എന്നതിനോടൊപ്പം ആത്മാന്വേഷണത്തിലേക്കു നയിക്കുന്ന പൊളിച്ചെഴുത്തുകൾ കൂടിയാകുന്നു.
2022 ലെ നൊബേലിന്റെ നിറവിൽ നിൽക്കുന്ന ആനിയുടെ എഴുത്തുജീവിതം ഒരു ഉദ്ഖനനം കൂടിയാണ്. സ്‌മൃതിപഥത്തിൽ കാലത്തിന്റെ ഒരുപാട് എക്കൽ വന്നടിഞ്ഞുകൂടി ജീർണിച്ചില്ലാതായ, തന്നിൽ നിന്നന്യമായി കൊണ്ടിരിക്കുന്ന തന്നെ തേടുന്ന ഉദ്ഖനനം. എഴുത്ത് സജീവമായ രാഷ്ട്രീയപ്രവർത്തനമാണ് എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു എർണോ. അവരുടെ എഴുത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയം കുലം കൊണ്ടും ദേശീയത കൊണ്ടും മതം കൊണ്ടും സമൂഹത്തിന്റെ അരികുകളിലേക്കു ആട്ടിപ്പായിക്കപ്പെട്ടുകൊണ്ടിരുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തിനായി ഉറക്കെ ശബ്ദിച്ചു. ഫ്രഞ്ച് സമൂഹത്തിൽ ഇസ്ലാം മതവിശ്വാസികളായ സ്ത്രീകൾ അനുഭവിക്കുന്ന ‘വെളുത്തവരുടെ ഫെമിനിസം ‘ ഏർപ്പെടുത്തിയ തടവറകളെക്കുറിച്ചു സംസാരിക്കുക വഴി അവർ ട്രാൻസ്‌നാഷണൽ ഫെമിനിസത്തിന്റെ ജ്വലിക്കുന്ന മുഖം കൂടെയായി മാറുകയായിരുന്നു.
അസ്തിത്വത്തെ കുറിച്ചുള്ള ആശങ്കകളിൽ മുങ്ങിത്തീരുന്നതല്ല ‘അവനവനെഴുത്തിന്റെ’ ലക്ഷ്യമെന്ന് എർണോ പറഞ്ഞുകൊണ്ടിരിക്കുന്നു. താൻ ജീവിതത്തിൽ നേരിട്ട സമസ്യകൾ ഈ സമൂഹത്തിന്റേതു കൂടിയാണെന്നുള്ള ബോധ്യമാണ് അവരെ സമകാലീന സാഹിത്യത്തിലെ ശക്തമായ ശബ്ദമായി മാറാൻ സഹായിച്ചത്. സമാനതകൾ ഇല്ലാത്ത, തന്റെ അനുഭങ്ങളെ ഒരു പ്രോജെക്ടറിൽ നിന്നെന്ന പോലെ സമൂഹത്തിന്റെ തിരശീലയിലേക്കു പതിപ്പിച്ചു കാട്ടാനുള്ള ശ്രമം സൃഷ്ടിച്ച ഏറ്റവും മനോഹരമായ ഒരു സൃഷ്ടിയാകും അവരുടെ ഹാപ്പനിംഗ് (2000) എന്ന നോവൽ. അബോർഷൻ എന്ന പ്രമേയത്തെ മുൻനിർത്തി ആനിയുടെ ജീവിതത്തിലെ ഒരേടിന്റെ പ്രകാശനം, അതിന്റെ സങ്കീർണ സ്വഭാവത്തിലും എത്ര അയത്നലളിതമായാണ് വായനക്കാരോട് സംസാരിക്കുന്നത് . ഇതിന്റെ സാർവ്വലൗകിക പ്രസക്തി തന്നെയാണ് 2021ൽ ഇതേ പേരിൽ ഓദ്രയ് ദിവാൻ സംവിധാനം ചെയ്ത സിനിമക്ക് വിമർശകപ്രീതിയും പ്രേക്ഷകപ്രശംസയും നേടിക്കൊടുത്തത്. ചിത്രം പിന്നീട് വെനീസ് ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ലയൺ പുരസ്‌കാരത്തിന് അർഹമായി.
1974 ൽ ക്ലീൻഡ് ഔട്ട് എന്ന പുസ്തകത്തിൽ തുടങ്ങുന്ന 48 വർഷം നീണ്ട ആനി എർണോയുടെ എഴുത്തുജീവിതം എന്താണ് സമകാലീന സാഹിത്യലോകത്തോട് പറയുന്നത്?
നിങ്ങളുടെ ജീവിത കഥ നിങ്ങളുടേതാണ്. നിങ്ങൾക്ക് മാത്രം പൂർണമായി അറിയാവുന്ന നിങ്ങളുടെ സ്വന്തം കഥ. അത് ലോകത്തോട് തുറന്ന് പറയാൻ നിങ്ങളിലും നന്നായി കഴിയുന്നൊരാളില്ല. അതിനായി ലോകം കാത്തിരിക്കുന്നു.
Comments are closed.