DCBOOKS
Malayalam News Literature Website

നാദിയ മുറാദിനും ഡെനിസ് മുക്‌വേഗെക്കും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഐ.എസ് ഭീകരതയില്‍ നിന്ന് രക്ഷപ്പെട്ട യസീദി വംശജയായ നാദിയ മുറാദ്, ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്നുള്ള ഡോ.ഡെനിസ് മുക്‌വേഗെ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതുആയുധമായി ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. നോര്‍വ്വെയിലെ സ്വീഡിഷ് അക്കാദമിയാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

25 വയസ്സുകാരിയായ നാദിയ മുറാദ് മനുഷ്യക്കടത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ അംബാസിഡര്‍ കൂടിയാണ്. 2014-ല്‍ ഐ.എസ് ഭീകരരുടെ ആക്രമണങ്ങള്‍ക്ക് ഇരയായ നൂറുകണക്കിന് യസീദി വംശജരില്‍ നാദിയയുടെ കുടുംബവും ഉള്‍പ്പെടും. മാതാപിതാക്കളെയും ആറ് സഹോദരങ്ങളെയും നാദിയയുടെ കണ്‍മുന്നില്‍ വെച്ചാണ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. പിന്നീട് നാദിയയേയും ഒപ്പമുണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികളെയും ഭീകരര്‍ വില്‍പനയ്ക്ക് വെക്കുകയും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയുമായിരുന്നു. ഒടുവില്‍ രക്ഷപ്പെട്ട് ജര്‍മ്മനിയില്‍ അഭയം പ്രാപിച്ച നാദിയ ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ നേരിട്ട് വിവരിക്കുമ്പോഴാണ് ലോകം നാദിയയെ ശ്രദ്ധിക്കുന്നത്.

63 കാരനായ ഡോ.ഡെനിസ് മുക്‌വേഗെ കോംഗോയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ്. വിമതസൈനികര്‍ പീഡനത്തിന് ഇരയാക്കുന്ന സ്ത്രീകളെ ചികിത്സിച്ച് അവര്‍ക്ക് വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Comments are closed.