ജീവിത നിരാസക്തിയുടെ പുതിയ പാഠങ്ങള്‍ പങ്കുവെച്ച ‘ഞാനും ബുദ്ധനും’
രാജേന്ദ്രന്‍ എടത്തുംകര രചിച്ച ഞാനും ബുദ്ധനും എന്ന കൃതിയെക്കുറിച്ച് അധ്യാപികയായ രജനി നടുവലത്ത് എഴുതുന്നു…
പരിത്യാഗത്തിന്റെ ബൃഹദാഖ്യാനമായി ബുദ്ധകഥ നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്നു. കേട്ട് പരിചയിച്ച കഥകളില്‍ നിര്‍വ്വാണമടയുകയായിരുന്നു ഇതുവരെ. യാദൃച്ഛികമായാണ് വേറൊരു കഥ അറിഞ്ഞത്. ശാക്യ ഗോത്രക്കാരനായ ശുദ്ധോദനന്റെ മകന്‍ സിദ്ധാര്‍ത്ഥന്‍ ശാക്യസംഘത്തില്‍ നിന്ന് പരിവ്രാജകനായി നാടുവിടുകയായിരുന്നെന്നും അത് ജ്ഞാനമാര്‍ഗ്ഗം തേടിയുള്ള യാത്രയല്ലെന്നും ശാക്യവംശത്തിന്റെ അഭിമാനത്തിനു വേണ്ടി ഏറ്റെടുത്ത മഹാത്യാഗമാണെന്നും ഉള്ള വായന. കോളിയരും ശാക്യരും തമ്മില്‍ രോഹിണീ നദിയിലെ വെള്ളത്തിനു വേണ്ടി പരസ്പരം തര്‍ക്കം പതിവായിരുന്നെന്നും തര്‍ക്കം യുദ്ധത്തിന്റെ ഘട്ടമെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥന്‍ യുദ്ധത്തിനെതിരുനിന്നെന്നും അത് ഭൂരിപക്ഷ അഭിപ്രായത്തിന് എതിരായതുകൊണ്ട് ശാക്യവംശത്തില്‍ നിന്ന് പുറത്തു പോവേണ്ടി വന്നുവെന്നുമാണ് മഹാപരിത്യാഗത്തെപ്പറ്റി അറിഞ്ഞ മറുപാഠം.
ഇതിനിടയിലാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവല്‍ വായനയ്‌ക്കെടുത്തത്. മഹാപരിത്യാഗത്തിന്റെ ആഖ്യാന പരിസരം കുറേക്കൂടി സമകാലികമാവുന്നു അതില്‍. മതം എല്ലാ കാലവും അതിന്റെ അനുയായികളെ സൃഷ്ടിച്ചു കൊണ്ടിരുന്നത് നിശ്ശബ്ദമായ അധികാരപ്രയോഗങ്ങളിലൂടെയാണല്ലോ. അതില്‍ ഹതാശരായ ജീവിതങ്ങള്‍ സ്ത്രീകളുടേതും കുട്ടികളുടേതും. എളുപ്പത്തില്‍ വിലയ്‌ക്കെടുക്കാന്‍ പറ്റുന്നത് ഇളം തലച്ചോറുകളാണെന്ന് സിദ്ധാര്‍ത്ഥന്റെ മകന്‍ രാഹുലന്റ സന്യാസവും തെളിയിക്കുന്നു. ജ്ഞാനം എന്ന ബോധ്യം തന്നെയാണ് കീഴ്‌പെടുത്താനുള്ള ഏറ്റവും മികച്ച ആയുധം. പ്രണയവും കുടുംബവും ത്യജിക്കുന്ന ജീവിത നിരാസക്തിയുടെ പുതിയ പാഠങ്ങള്‍ ഞാനും ബുദ്ധനും പങ്കുവെക്കുന്നു.
അനുയായി എന്നാല്‍ നിസ്സഹായത എന്നും അര്‍ത്ഥമുണ്ടാകുന്നു. ഗോപയായിരുന്നു അത്, സിദ്ധാര്‍ത്ഥന്റെ പത്‌നി. യശോധര എന്നത് പില്ക്കാലത്ത് ചാര്‍ത്തപ്പെട്ടതായിരിക്കണം. പെണ്ണ്, അനാഥത്വം, പ്രണയം, പ്രതികാരം, നിസ്സഹായത എല്ലാം ചേരുന്നുണ്ട്. അല്ലെങ്കിലും ഇന്ത്യന്‍ കുടുംബങ്ങള്‍ തന്നെയാണല്ലോ ഇന്ത്യന്‍ ഇതിഹാസങ്ങളും! പല തല വായന സാധ്യമാക്കും ഈ നോവല്‍.
Comments are closed.