പൊരുതിക്കയറിയ ജീവിതത്തിലത്രയും നീതിയുടേയും നേരിന്റെയും മാനവിക ജ്വാലയുണ്ട്!
ടി. കെ. അനിൽ കുമാറിന്റെ ‘ഞാൻ വാഗ്ഭടാനന്ദൻ ‘ എന്ന നോവലിന് കെ.വി. സജീവൻ എഴുതിയ വായനാനുഭവം
അന്ധവിശ്വാസം, അനാചാരം ,ജാതീയത എന്നിവയ്ക്കെതിരെ പ്രത്യക്ഷ സമരത്തിനും പ്രചരണത്തിനും ആയുസ്സ് ചിലവാക്കിയ പണ്ഡിതനാണ് വാഗ്ഭടാനന്ദൻ എന്ന വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ . പത്തൊമ്പതാം ശതകത്തിൻ്റെ ഒടുവിലും ഇരുപതാം ശതകത്തിൻ്റെ ആദ്യഘട്ടത്തിലും കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൻ്റെ ഭാഗമായി വാഗ്ഭടാനന്ദൻ വരുന്നുണ്ട്. എന്നാൽ നവോത്ഥാന കേരളത്തിൻ്റെ നിർമ്മാണ പ്രക്രിയയിൽ വാഗ്ഭട നോളം പോന്നവർ ഉത്തര കേരളത്തിലില്ല എന്നു തന്നെ പറയാം. വാഗ്ഭടൻ്റെ ജീവിതം സൂക്ഷ്മാർത്ഥത്തിൽ മനസിലാക്കാനും വേണ്ടത്ര ശ്രമമുണ്ടായോ എന്നും സംശയമുണ്ട്. ആത്മവിദ്യാ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ പലതിൽ ഒന്ന് എന്ന മട്ടിലാണ് നവോത്ഥാന ചരിത്രത്തെ എഴുതിയവർ പറഞ്ഞു പോന്നിട്ടുള്ളത്.
നീതിക്കുവേണ്ടിയുള്ള നിതാന്തമായ ജാഗ്രതയാണ് വാഗ്ഭടനെന്ന സാമൂഹ്യ പോരാളിക്ക് ജൻമം നൽകിയതെന്ന് കരുതാം. സന്യാസത്തിൻ്റെ പ്രവർത്തന പരിധികളെ ലംഘിച്ച് മുന്നേറുന്ന തീവ്രമായ ആക്റ്റിവിസത്തിൻ്റെ ആദ്യകാല അനുരണനങ്ങളാണ് വാഗ്ഭടൻ്റ പോരാട്ടങ്ങളെന്ന് ജീവചരിത്ര ഗ്രന്ഥങ്ങൾ വായിച്ചാലറിയാം. കേരളീയ ജീവിതത്തിൻ്റെ സമകാലസാഹചര്യത്തിൽ വാഗ്ഭടനിസത്തിൻ്റെ ആവശ്യകത ഏറിവരികയും ചെയ്യുന്നുണ്ട്. തോറ്റിയുണർത്തുക എന്നെല്ലാം പൈങ്കിളി വല്ക്കരിച്ചു പറയുന്ന പതിവ് രീതി മാറ്റി ഇറങ്ങി പ്രവർത്തിക്കുക എന്നത് ജീവിതചര്യയാക്കേണ്ട സന്ദർഭം വന്നിരിക്കുന്നു. ഇതിന് വേണ്ടി നമുക്ക് മാതൃകയാക്കാൻ വാഗ്ഭട നോളം പോന്ന മറ്റാരുണ്ട്?
വാഗ്‌ഭടാനന്ദൻ്റെ ജീവിതത്തിലെ വിശേഷ സന്ദർഭങ്ങളെ ഇളക്കിയെടുത്ത് ഫിക്ഷൻ്റെ രൂപം നൽകിയിരിക്കുകയാണ് ടി.കെ.അനിൽകുമാർ “ഞാൻ വാഗ്ഭടാനന്ദൻ ” എന്ന നോവലിലൂടെ. കുഞ്ഞിക്കണ്ണൻ ഗുരുക്കൾ വാഗ്ഭടാനന്ദനാവുന്ന പരിണാമ പ്രക്രിയയുടെ ചില ഘട്ടങ്ങൾ, വാഗ്ഭടാനന്ദൻ ഇടപെട്ട സാമൂഹ്യ പരിഷ്കരണ വിഷയങ്ങൾ, നവോത്ഥാന സന്ദർഭങ്ങളിലെ വിമർശന സ്ഥാനങ്ങൾ ,വ്യക്തികൾ ,കുടുംബങ്ങൾ ഇവയെല്ലാം മിന്നിയും മാഞ്ഞും പോകുന്ന പുസ്തകമാണിത്. നാരായണ ഗുരു മുതൽ സുകുമാർ അഴീക്കോട് വരെയുള്ള വ്യക്തിവിശേഷങ്ങളുടെ സാന്നിധ്യം നോവലിന് ജൈവികത നൽകുന്നുണ്ട്. വാഗ്ഭടൻ്റെ ജീവിതമുഹൂർത്തങ്ങളിൽ നിന്ന് ആറ്റികുറുക്കിയെടുത്ത വിശേഷങ്ങൾ മാത്രം ഫിക്ഷൻ്റെ ആകാരത്തിനുള്ളിലേക്ക് ഒതുക്കുക എന്ന ശ്രമകരമായ സംഗ്രഹ വൃത്തിയാണ് നോവലിസ്റ്റ് ഏറ്റെടുത്തത്.
എക്കാലവും വാഗ്ഭട ദർശനങ്ങളെ എതിർക്കാനും തകർക്കാനും രാഷ്ട്രീയഹിന്ദുത്വം ശ്രമിച്ചിട്ടുണ്ട്. നോവലിലുടനീളം അതിൻ്റെ വില്ലൻ സ്വരൂപം ഹരിഹര സാമികളുടെ സനാതന പ്രചാരണ രൂപത്തിൽ വ്യാപിച്ചു നിൽക്കുന്നുണ്ട്. വാഗ്ഭടൻ നേരിട്ട ഭീഷണികളുടെ ഒരംശം മാത്രമേ നോവലിൽ കാണാനാവൂ. യാഥാസ്ഥിതികരുടെ വെല്ലുവിളികൾക്കിടയിൽ ജ്ഞാനത്തിൻ്റേയും യുക്തിയുടേയും വിമർശനാത്മക ലോകവീക്ഷണത്തിൻ്റേയും നേരിലാണ് വാഗ്ഭടൻ ജീവിച്ചത്.പൊരുതിക്കയറിയ ജീവിതത്തിലത്രയും നീതിയുടേയും നേരിൻ്റെയും മാനവിക ജ്വാലയുണ്ട്. അനിൽകുമാർ ആ ബലത്തെയാണ് നോവലിൻ്റെ ഊർജ്ജമായി പരുവപ്പെടുത്തിയിരിക്കുന്നത്. സനാതന ധർമ്മത്തിൻ്റെ പുത്ത നെടുപ്പുകളുടെ ഭീഷണിയെ തുറന്നു കാട്ടാനുതകും മട്ടിൽ ഈ നോവൽ രാഷ്ട്രീയമായ ദൗത്യ നിർവ്വഹണം സാധിച്ചിരിക്കുന്നു.
ജീവിച്ചിരുന്നവരും അല്ലാത്തവരും ചേരുമ്പോഴാണ് ജീവചരിത്ര നോവൽ ഉണ്ടാവുന്നത്. ജീവിച്ചിരുന്നവരുടെ തന്നെ ജീവിതത്തിൽ നിന്ന് കഥകളെ വെല്ലുന്ന സംഭവങ്ങൾ പില്ക്കാലത്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. (കുമാരനാശാൻ്റെയും ഗുരുവിൻ്റെയും ജീവിതവുമായി ഇണക്കപ്പെട്ട എത്രയോ കഥകൾ പ്രചരിക്കുന്നുണ്ടല്ലോ.) ഹൃദ്യമായ ഇണക്കത്തിലൂടെ ചരിത്രത്തിൻ്റെ ശുഷ്കാസ്തികളെ സചേതനമാക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നു.
നമ്മുടെ നോവൽസാഹിത്യം വളരെ മുമ്പേ ഇടപെടേണ്ട ഒരു പ്രമേയം സവിശേഷ രാഷ്ട്രീയസന്ധിയിൽ അച്ചടിമഷി പുരളുന്നു എന്നത് തന്നെയാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രസക്തി.
പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.