DCBOOKS
Malayalam News Literature Website

ചരിത്രത്തിൽ ശരീരം കൊണ്ടും ആശയം കൊണ്ടും ഇടപെട്ട മനുഷ്യരുടെ ജീവിതം

“ഗുരു പോയി. ഗുരൂനെ സ്വപ്നം കണ്ടോരൊക്കെ പോയി. ഞാൻ മാത്രം ബാക്കിയായി. ഇത്രേം കാലത്തിനുശേഷം ഇങ്ങൾ എന്തിനാണ് പുണ്ണിൽ മാന്തുന്നതുപോലെ ഗുരുവിൻ്റെ മരണം മാന്തിയെടുക്കുന്നത്. തുരന്നെടുക്കേണ്ടത് ഗുരുവിൻറെ ജീവിതമാണ്. മരണമല്ല ”

ഇക്ബാലാണ് മറുപടി പറഞ്ഞത്.
“രോഹിണിയമ്മേ, ഗുരു ഇല്ലാതായിട്ട് കാലം കുറെ കഴിഞ്ഞു. പക്ഷേ ഗുരുവിനെ ഇല്ലാതാക്കിയവർ ചുറ്റുമുണ്ട്… ”

“കീടങ്ങള് പെരുകിയത് പോലെ പെരുകിപ്പെരുകി വരുന്ന്ണ്ട്. ഇങ്ങക്ക് മിണ്ടാൻ പറ്റ്ന്ന്ണ്ട… എഴുതാൻ പറ്റ്ന്ന്ണ്ടാ…. ഇഷ്ടമുള്ളത് തിന്നാൻ പറ്റ്ന്ന്ണ്ടാ..”

വാഗ്ഭടാനന്ദനെക്കുറിച്ചുള്ള ടി. കെ. അനിൽ കുമാറിന്റെ നോവലിനെ സംഗതമാക്കുന്ന ഈ ഭാഗം നോവലിന്റെ അവസാന താളുകളിലാണ് ഉള്ളത്. ചരിത്രത്തിൽ ശരീരം കൊണ്ടും ആശയം കൊണ്ടും ഇടപെട്ട മനുഷ്യരുടെ ജീവിതത്തെ എങ്ങിനെയാണ് വർത്തമാനകാലം TK Anilkumar-Njan Vagbhadanandanനോക്കിക്കാണേണ്ടത് എന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാടാണ് ഇതിലുള്ളത്. ചരമദിനം അഥവാ രക്തസാക്ഷി ദിനങ്ങൾ കേവലം ചടങ്ങുകൾ മാത്രമാവുന്നതിലുള്ള പ്രതിഷേധവും ഇതിൽ മുഴങ്ങുന്നുണ്ട്. അതിന് കാരണമാവുന്നത്, സ്വതന്ത്രമായി മിണ്ടാൻ പറ്റാത്ത, ഹൃദയവികാരങ്ങൾ ആവിഷ്കരിക്കാൻ കഴിയാത്ത, ഇഷ്ടമുള്ളത് തിന്നാൻ പറ്റാത്ത ഒരു സാമൂഹിക ചുറ്റുപാടാണ്. പലരുടെയും മരണമല്ല, ജീവിതമാണ് ഈ ദുർഗതിയിൽ ഓർമ്മയിൽ തെളിയേണ്ടത്. ചുറ്റും പെരുകുന്നത് കീടങ്ങളാണ് എന്ന തീർപ്പാണ് അതിന്റെ അടിസ്ഥാനം.

ആത്മവിദ്യാ സംഘം സ്ഥാപകനും സാമൂഹിക പരിഷ്കർത്താവും കേരളീയ നവോത്ഥാനത്തിന്റെ പ്രകാശ സ്രോതസ്സുമായ വാഗ്ഭടാനന്ദ ഗുരുദേവന്റെ ജീവിതമാണ് ‘ഞാൻ വാഗ്ഭടാനന്ദൻ‘ എന്ന നോവലിന്റെ അടിസ്ഥാനം. എന്നാൽ നോവലിസ്റ്റ് ശ്രദ്ധിച്ചത് കേവലമായ ജീവചരിത്ര കൃതിയാകാതെ എങ്ങിനെ ആ ഉജ്ജ്വല ജീവിതത്തെ പകർക്കാനാവും എന്നതിലാണ്. രോഹിണി, ഹരിഹര സ്വാമികൾ തുടങ്ങിയ കൽപ്പിത കഥാപാത്രങ്ങളുടെ സാന്നിധ്യം മാത്രമല്ല, ആഖ്യാനത്തിൽ സ്വീകരിക്കുന്ന വ്യത്യസ്ത വഴികളും ‘ഞാൻ വാഗ്ഭടാനന്ദനെ ‘ ഒരു നോവലാക്കി ഉറപ്പിച്ചു നിർത്തുന്നു. 13 അധ്യായങ്ങളിലായി 13 വ്യക്തികളുടെ കാഴ്ചപ്പാടുകളിലാണ് വാഗ്ഭടാനന്ദനെ നമ്മൾ അറിയുക. നാരായണ ഗുരുവും ബ്രഹ്മാനന്ദ ശിവയോഗിയും ആര്യഭടനും സുകുമാർ അഴീക്കോടും വാഗ്ഭടാനന്ദനെ കാണുന്നതാണ് നമ്മളും കാണുക. പി കൃഷ്ണപിള്ളയും ദേവയാനിയും എ വി കുഞ്ഞമ്പുവും വാഗ്ഭടാനന്ദ ചരിതത്തിൻ്റെ ഭാഗമായി നോവലിൽ മിഴിവോടെ വരുന്നുണ്ട്.

എൻ പി യുടെ മുഹമ്മദ് അബ്ദുൾ റഹിമാൻ ഒരു നോവൽ എന്ന കൃതിയെ ഈ നോവൽ പലപ്പോഴും ഓർമ്മിപ്പിക്കും.

ടി. കെ. അനിൽ കുമാറിന്റെ ‘ഞാൻ വാഗ്ഭടാനന്ദൻ ‘ എന്ന നോവലിന് പ്രേമ ചന്ദ്രൻ പി എഴുതിയ വായനാനുഭവം

Comments are closed.